ഇ പി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച അടുത്ത യോഗത്തില്‍ ചർച്ചയാകും, അടഞ്ഞ അധ്യായമല്ല; എം വി ഗോവിന്ദൻ

'ആരൊക്കെയാണോ തിരുത്തേണ്ടത് അവർ ഒക്കെ തിരുത്തും. ഏതെങ്കിലും ഒരു നേതാവിൻ്റെ പേര് പറയേണ്ടതില്ല'
ഇ പി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച അടുത്ത യോഗത്തില്‍ ചർച്ചയാകും, അടഞ്ഞ അധ്യായമല്ല; എം വി ഗോവിന്ദൻ
Updated on

തിരുവനന്തപുരം: തെറ്റു തിരുത്തൽ പ്രക്രിയ എല്ലാ യോഗങ്ങളിലെയും സ്ഥിരം അജണ്ടയാണെന്നും തെറ്റായ ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ പി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വിഷയം അടുത്ത യോഗം ചർച്ച ചെയ്യും. അത് അടഞ്ഞ അധ്യായമല്ല, അടഞ്ഞതാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയുമോ. ആരൊക്കെയാണോ തിരുത്തേണ്ടത് അവർ ഒക്കെ തിരുത്തും. ഏതെങ്കിലും ഒരു നേതാവിൻ്റെ പേര് പറയേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നഗര മേഖലകളിൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ചൂണ്ടിക്കാണിച്ച എം വി ഗോവിന്ദൻ യുവജന വിദ്യാർത്ഥി മേഖലയിലും പ്രവർത്തനം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന്റെ നേട്ടങ്ങളും പ്രചരിപ്പിക്കണം. മാലിന്യ നീക്കത്തിന് സന്നദ്ധ പ്രവർത്തനത്തിലൂടെ പരിഹാരം കാണും. താഴെ തട്ടിൽ വരെയുള്ള പ്രവർത്തകർ ഇതിനായി മുന്നിട്ടിറങ്ങും.

ക്ഷേമ പെൻഷനുകൾ സർക്കാർ കൃത്യമായി കൊടുക്കും. സാമ്പത്തിക മാനേജ്മെൻ്റ് നല്ല നിലയിൽ മുന്നോട്ട് പോകുന്നു. മുൻ സർക്കാരിൻ്റെ കാലത്തേക്കാൾ ചെലവ് വർധിച്ചു. സർക്കാരുമായി നല്ല പോലെ സഹകരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

നവമാധ്യമ മേഖലയിൽ കടന്നാക്രമണം നടക്കുന്നുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സ്ത്രീകൾക്ക് നേരെയാണ് കൂടുതൽ ആക്രമണം നടക്കുന്നത്. മേയർ ആര്യ , ദിവ്യ അയ്യർ എന്നിവർക്ക് നേരെ നടന്ന ആക്രമണം ഉദാഹരണമാണ്. കോൺഗ്രസുകാരാണ് അതിന് പിന്നിൽ. സ്ത്രീ വിരുദ്ധത ശക്തിപ്പെടുന്നുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com