തിരുവനന്തപുരം: സംസ്ഥാനത്ത് നിപയുടെ രോഗ വ്യാപനം ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. നിപ റിപ്പോർട്ട് ചെയ്ത മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും സമ്പർക്ക പട്ടികയിലുള്ള ഓരോരുത്തരെയും വിദഗ്ധ പരിശോനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 'സമ്പർക്ക പട്ടികയിൽ മരിച്ച കുട്ടിയുടെ കുടുംബം ഉണ്ട്, പരമാവധി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്, 7200ൽ അധികം വീടുകൾ സന്ദർശിച്ചു. ഇന്ന് കൂടുതൽ ടീമുകൾ വീടുകൾ സന്ദർശിക്കുമെന്നും വീണ ജോർജ്ജ് പറഞ്ഞു.
രണ്ടു പഞ്ചായത്തുകളും നല്ല നിലയിൽ സഹകരിക്കുന്നുണ്ടെന്നും ഇന്ന് 19 സാമ്പിളുകൾ കൂടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പുണെയിൽ നിന്നുള്ള വൈറോളജി മൊബൈൽ ലാബ് ഇന്നലെ എത്തിയതിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. എൻഐവി പുണെ സംഘം ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. ഇന്ന് രോഗബാധിത മേഖലയിൽ പ്രവർത്തനം തുടങ്ങുമെന്നും വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്, മാധ്യമങ്ങൾക്ക് അഭിനന്ദനം അറിയിക്കുന്നു, നല്ല രീതിയിൽ ബോധവൽക്കരണ ഇടപെടൽ മാധ്യമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ 16 പേരാണ് നിപ രോഗ സംശയത്തോടെ ചികിത്സയിലുള്ളത്. 15 പേരാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. ഇതിൽ 5 പേർ ഐറിസ് വിഭാഗത്തിൽ ഉള്ളവരാണ്.
ഇന്ന് നടക്കുന്ന കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള കേരളത്തിന്റെ പ്രതീക്ഷകളും മന്ത്രി പങ്കുവെച്ചു. കേന്ദ്ര ബജറ്റിൽ എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷയെന്നും ആരോഗ്യ രംഗത്ത് നിന്നും ബജറ്റിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിട്ടുള്ളത് എയിംസ് ആണെന്നുംതീർച്ചയായും കേന്ദ്രം ഈ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു.