'കാട്ടുപോത്തിനെ പിടികൂടും അല്ലെങ്കിൽ കാട്ടിലേക്കയക്കും, ടെക്നോപാർക്കിൽ സുരക്ഷയൊരുക്കും'; വനംമന്ത്രി

നിലവിൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്
'കാട്ടുപോത്തിനെ പിടികൂടും  അല്ലെങ്കിൽ കാട്ടിലേക്കയക്കും, ടെക്നോപാർക്കിൽ സുരക്ഷയൊരുക്കും'; വനംമന്ത്രി
Updated on

തിരുവനന്തപുരം: ടെക്നോപാർക്കിലും പരിസരത്തും ഭീതി പടർത്തിയ കാട്ടുപോത്തിനെ ഉടൻ പിടികൂടും അല്ലെങ്കിൽ കാട്ടിലേക്ക് അയക്കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടുപോത്തിനെ ലൊക്കേറ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായും ഇന്ന് രാത്രിയോടെ തന്നെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും ടെക്നോപാർക്കിൽ ക്യാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. 'സ്ഥാപനവുമായി ആലോചിച്ചായിരിക്കും തീരുമാനം എടുക്കുക. ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾ താളം തെറ്റാത്ത രീതിയിൽ നടപടിയെടുക്കും. കാട്ടുപോത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും തിരികെ കാട്ടിലേക്ക് പോകുന്ന സഞ്ചാര പാതയിലാണ് കാട്ടുപോത്തെന്നും അക്രമ സ്വഭാവം കാണിക്കുന്നില്ലെന്നും മുന്നൊരുക്ക യോഗങ്ങളിൽ പങ്കെടുത്ത വനം വകുപ്പ് മന്ത്രി പറഞ്ഞു.

ആവശ്യമായ വെറ്റിനറി ഡോക്ടർമാരുടെയും പൊലീസ്, ഫയർഫോഴ്സ് സേനയുടെയും സേവനം ഒരുക്കിയിട്ടുണ്ടെന്നും മയക്ക് വെടിവെക്കുക എന്നത് ഒടുവിലത്തെ പരിഹാരമാർഗ്ഗമാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മംഗലപുരത്ത് ടെക്നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. ഇന്നലെ വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന്റെ കുളമ്പിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. നിലവിൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com