കൂടുതല്‍ പ്രാദേശികമാവണം; സംസ്ഥാനത്ത് തിരിച്ചു വരവിന് നിര്‍ദേശവുമായി കോണ്‍ഗ്രസ്

രാഷ്ട്രീയകാര്യ നിര്‍വാഹ സമിതി തുടങ്ങി ബൂത്ത് തലം വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനത്തിന് മാര്‍ക്കിടാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍ പ്രാദേശികമാവണം; സംസ്ഥാനത്ത് തിരിച്ചു വരവിന് നിര്‍ദേശവുമായി കോണ്‍ഗ്രസ്
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയെ കൂടുതല്‍ പ്രാദേശികമാക്കാന്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്. വയനാട് നടന്ന ക്യാമ്പ് എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം തീരുമാനിച്ചത്. ശേഷം കോണ്‍ഗ്രസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ എങ്ങനെയാണ് ഇക്കാര്യം നടപ്പിലാക്കേണ്ടതെന്ന നിര്‍ദ്ദേശമുണ്ട്. കെപിസിസി സര്‍ക്കുലറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. പ്രാദേശിക കൂട്ടായ്മകളുടെ ഭാരവാഹികളുമായി ആശയ വിനിമയം പാര്‍ട്ടി ഉറപ്പ് വരുത്തണമെന്ന് സര്‍ക്കുലറിലൂടെ പാര്‍ട്ടി ആവശ്യപ്പെടുന്നു.

ഗ്രന്ഥാലയം, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ ഭാരവാഹികളുടെ വിവരങ്ങള്‍ ശേഖരിക്കും. മൂന്നാഴ്ചക്കുള്ളില്‍ വിവരങ്ങള്‍ കൈമാറാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗ്രാമങ്ങളില്‍ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന് കെപിസിസി നിര്‍ദ്ദേശിക്കുന്നു. ഗ്രാമങ്ങളില്‍ പോരാട്ടമുഖം ഉയര്‍ത്തിയാലേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നാണ് സര്‍ക്കുലറിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെയാണ് ഈ നീക്കം.

രാഷ്ട്രീയകാര്യ നിര്‍വാഹ സമിതി തുടങ്ങി ബൂത്ത് തലം വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനത്തിന് മാര്‍ക്കിടാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തി ഇക്കാര്യം കണ്ടെത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഡിസിസി, ബ്ലോക്ക്, മണ്ഡലതലം വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് കെപിസിസി ഭാരവാഹികളാണ്. വയനാട് നടന്ന ക്യാമ്പ് എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം തീരുമാനിച്ചത്. ശേഷം കോണ്‍ഗ്രസ് പുറത്തിറക്കിയ സര്‍ക്കുലറിലും ഇക്കാര്യം പറയുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു നേതാക്കള്‍ക്ക് ചുമതല നല്‍കിയാണ് കെപിസിസി എക്സിക്യൂട്ടീവ് സമാപിച്ചത്. ചിട്ടയായ സംഘടന പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാനാണ് തീരുമാനം. പ്രാദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായി മുന്നോട്ടുപോകാനും ക്യാംപില്‍ തീരുമാനമുണ്ടായി.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ഭരണം പിടിച്ചെടുക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ ചുമതല നല്‍കാന്‍ ക്യാമ്പില്‍ തീരുമാനമുണ്ടായി. കണ്ണൂര്‍-കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എറണാകുളം-പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോഴിക്കോട്-കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തൃശ്ശൂര്‍- എഐസിസി സെക്രട്ടറി റോജി എം ജോണ്‍, കൊല്ലം-മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, തിരുവനന്തപുരം-പി സി വിഷ്ണുനാഥ് എന്നിങ്ങനെയാണ് ചുമതല നല്‍കിയത്. ജില്ലകളെ മൂന്ന് മേഖലകളാക്കി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കി.

തിരുവനന്തപുരം മേഖല-കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം മേഖല-ടിഎന്‍ പ്രതാപന്‍, കോഴിക്കോട് മേഖല-ടി സിദ്ധിഖ് എന്നിങ്ങനെയാണ് ചുമതല നല്‍കിരിക്കുന്നത്. ജില്ലകളുടെ സംഘടനാചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്കു പുറമേ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com