'വിഭാഗീയത മടങ്ങിവരും'; കെ സുഭാഷിനെ മടക്കി വിളിച്ചതില്‍ ബിജെപിയില്‍ മുറുമുറുപ്പ്

ആര്‍എസ്എസില്‍ നിന്ന് നിയോഗിക്കപ്പെട്ട്, സംഘടന ജനറല്‍ സെക്രട്ടറിയായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചത് കെ സുഭാഷാണ്.
'വിഭാഗീയത മടങ്ങിവരും'; കെ സുഭാഷിനെ മടക്കി വിളിച്ചതില്‍ ബിജെപിയില്‍ മുറുമുറുപ്പ്
Updated on

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ സംഘടന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ സുഭാഷിനെ ആര്‍എസ്എസ് തിരികെ വിളിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് മുറുമുറുപ്പ്. ആര്‍എസ്എസ് നിയോഗിച്ച സുഭാഷിൻ്റെ മേല്‍നോട്ടത്തിലായിരുന്നു ബിജെപിക്കുള്ളില്‍ വിഭാഗീയത കുറഞ്ഞത്. സുഭാഷ് ബിജെപി ചുമതലയിൽ നിന്ന് മാറുന്നതോടെ വിഭാഗീയത വീണ്ടും മടങ്ങിവരുമെന്നാണ് നേതാക്കളുടെ അഭിപ്രായം. സംസ്ഥാനത്തെ ബിജെപിയുടെ ചരിത്രത്തില്‍ ആര്‍എസ്എസില്‍ നിന്ന് നിയോഗിക്കപ്പെട്ട് സംഘടന ജനറല്‍ സെക്രട്ടറിയായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചത് കെ സുഭാഷാണ്.

ചുമതല ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സുഭാഷ് ഓരോ നേതാക്കളെയും നേരിട്ട് കണ്ടിരുന്നു. വിഷയങ്ങള്‍ സംസാരിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തതോടെ പാര്‍ട്ടിയിലെ വിഭാഗീയതക്ക് ശമനമുണ്ടായെന്നാണ് സുഭാഷിനെ പിന്തുണക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയില്‍ പിന്നിലേക്ക് നില്‍ക്കുകയായിരുന്ന ശോഭാ സുരേന്ദ്രനെ മുന്നിലേക്ക് കൊണ്ടുവന്നത് സുഭാഷാണ്.

സംസ്ഥാനത്ത് രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുഭാഷിനെ ആർഎസ്എസ് മടക്കി വിളിച്ചത് വിഭാഗീയത വീണ്ടും ശക്തമാക്കുമെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ നിയോഗിക്കപ്പെട്ടവരെ മടക്കിവിളിക്കുന്നത് ആര്‍എസ്എസില്‍ സ്വാഭാവികമാണെന്നും അതിനാല്‍ കാര്യമാക്കേണ്ടതില്ലെന്ന അഭിപ്രായം ഉള്ളവരുമുണ്ട്.

നേരത്തെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന എം ഗണേഷിനെ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി കെ സുഭാഷിനെ പകരം നിയമിക്കുകയായിരുന്നു. ബിജെപി സഹ സംഘടനാ സെക്രട്ടറിയായിരുന്നു സുഭാഷ്. ബിജെപി നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു നേരത്തെ എം ഗണേശനെ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി സുഭാഷിനെ പകരം നിയമിച്ചത്. നാലുവര്‍ത്തോളം ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു എം ഗണേശ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com