നിയമനതട്ടിപ്പ്: രാഷ്ട്രീയ ഗൂഢാലോചന തള്ളി; റിപ്പോർട്ടർ വാർത്ത ശരിവെച്ച് കുറ്റപത്രം

കെ പി ബാസിത്, ലെനിൻ രാജ്, റഈസ്, അഖിൽ സജീവ് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്
നിയമനതട്ടിപ്പ്: രാഷ്ട്രീയ ഗൂഢാലോചന തള്ളി; റിപ്പോർട്ടർ വാർത്ത ശരിവെച്ച് കുറ്റപത്രം
Updated on

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്നും കുറ്റപത്രം. ആരോഗ്യ വകുപ്പിന്റെ പേരിൽ നിയമനതട്ടിപ്പിന് ശ്രമം നടന്നെന്ന റിപ്പോർട്ടർ വാർത്ത ശരിവെയ്ക്കുന്നതാണ് കുറ്റപത്രം. തട്ടിപ്പിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പങ്കില്ലെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിനും തട്ടിപ്പിൽ ബന്ധമില്ലെന്ന് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. കെ പി ബാസിത്, ലെനിൻ രാജ്, റഈസ്, അഖിൽ സജീവ് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പരാതി നൽകിയ ഹരിദാസൻ സാക്ഷിപ്പട്ടികയിലുണ്ട്.

ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോഗ്യമന്ത്രിയുടെ വാദം കൂടിയാണ് കുറ്റപത്രത്തിൽ നിഷേധിച്ചിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആരോപിച്ചിരുന്നു. ധ്രുതഗതിയിൽ അന്വേഷണം നടക്കണമെന്നും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെയെല്ലാം പുറത്തു കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു.

മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്ന ഹരിദാസന്റെ പരാതിയായിരുന്നു കേസിന് ആധാരം. ആരോഗ്യമന്ത്രിയുടെ ഓഫീസിന് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഹരിദാസൻ റിപ്പോർട്ടറിലൂടെ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടതും അന്വേഷണം നടന്നതും. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നായിരുന്നു ഹരിദാസിൻ്റെ ആരോപണം.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കെ പി ബാസിത്, ലെനിൻ രാജ്, റഈസ്, അഖിൽ സജീവ് എന്നിവർ ചേർന്ന് നടത്തിയ തട്ടിപ്പായിരുന്നു ഇതെന്ന് കണ്ടെത്തിയത്. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് പണം നൽകിയിട്ടില്ലന്നും ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും പ്രതി ബാസിത് പൊലീസിനോട് സമ്മതിച്ചിരുന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ഇയാൾ സമ്മതിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com