സുധാകരന്‍-സതീശന്‍ പോര്; വഴി തെറ്റി കോണ്‍ഗ്രസിന്‍റെ മിഷന്‍ 2025

നേരത്തെ വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിൽ കെ സുധാകരനെതിരെ വി ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
സുധാകരന്‍-സതീശന്‍ പോര്; വഴി തെറ്റി കോണ്‍ഗ്രസിന്‍റെ മിഷന്‍ 2025
Updated on

തിരുവനന്തപുരം: വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വി ഡി സതീശന്‍ സൂപ്പർ പ്രസിഡന്‍റ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നുമെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്.

വി ഡി സതീശനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് പിന്നീട് കെ സുധാകരനും പ്രതികരിച്ചത്. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാൻ അറിയാമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പേര് പരാമർശിക്കാതെയാണ് സുധാകരന്‍ രംഗത്തെത്തിയതെങ്കിലും ഇത് വി ഡി സതീശനെതിരായ ഒളിയമ്പായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ പരസ്യമായി.

താന്‍ വിമര്‍ശനത്തിന് വിധേയനാണെന്നും തിരുത്തുമെന്നുമാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. കെപിസിസി യോഗത്തിലേക്ക് വിളിക്കാത്തതില്‍ വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. യോഗത്തിലെ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമെന്നാണ് ആക്ഷേപം. ഇതിനിടെ തിരുവനന്തപുരം ഡിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ നിന്നും വിഡി സതീശന്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ഇന്ന് ചേരുന്ന കോട്ടയം ജില്ലയുടെ മിഷന്‍ പരിപാടിയിലും വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മിഷന്‍ 2025 ല്‍ നിന്നും വി ഡി സതീശന്‍ പൂർണ്ണമായും വിട്ടുനിന്നേക്കും.

നേരത്തെ വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിൽ കെ സുധാകരനെതിരെ വി ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ വിമര്‍ശനം. ഇരുവരും തമ്മിലുള്ള ഭിന്നത മൂര്‍ച്ചിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടേക്കുമെന്നാണ് സൂചന. സതീശന്‍ സംഘടനാ കാര്യങ്ങളില്‍ ഇടപെടുന്നുവന്ന പരാതി ചര്‍ച്ച ചെയ്യാന്‍ കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചതില്‍ വി ഡി സതീശന്‍ ക്യാമ്പിലും അതൃപ്തിയുണ്ട്.

സുധാകരന്‍-സതീശന്‍ പോര്; വഴി തെറ്റി കോണ്‍ഗ്രസിന്‍റെ മിഷന്‍ 2025
എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ സർവീസ് ജൂലൈ 31 മുതൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com