മേപ്പാടി : വയനാട്ടിൽ കഴിഞ്ഞ ദിവസം പെയ്ത തോരാമഴയിൽ അപകടം മുൻകൂട്ടിക്കണ്ട് മലയിറങ്ങിയിട്ടും ഷൈമയെ ഭാഗ്യം തുണച്ചില്ല. ഇപ്പോൾ ഷൈമയടക്കം കുടുംബത്തിലെ എട്ടുപേരെയാണ് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ കാണാതായത്.തുടർച്ചയായുള്ള ശക്തമായ മഴയെ ഭയന്നാണ് മുണ്ടക്കൈ പുഞ്ചിരിവട്ടത്തെ കല്ലിങ്കൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ഷൈമ രണ്ടു മക്കളെയുംകൂട്ടി തിങ്കളാഴ്ച രാവിലെ മലയിറങ്ങിയത്. ചൂരൽമലയിലെ സഹോദരി ബബിതയുടെ വീട്ടിലെക്കാണ് ഷൈമ പോയത്. ചൂരൽമല എച്ച് എസ് റോഡിലാണ് ബബിതയുടെ വീട്. ബബിതയുടെ ഭർത്താവ് സുബ്രഹ്മണ്യൻ, ഇവരുടെ മക്കളായ സ്വരൂപ്, ഗ്രീഷ്മ, മാതാവ് കാളിക്കുട്ടി, ബന്ധുക്കളായ നരേന്ദ്രൻ എന്നിവരെ ഉരുൾപൊട്ടലിനുശേഷം കാണാനില്ലെന്നാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്.
ഉണ്ണിക്കൃഷ്ണനോടും ഒപ്പംവരാൻ ആവശ്യപ്പെട്ടെങ്കിലും പണിക്കുപോകേണ്ടതിനാൽ കൂടെപ്പോയില്ല.ഉരുൾപൊട്ടലിൽ ബബിതയുടെ വീട് പൂർണ്ണമായി ഒലിച്ചു പോയി. ഉണ്ണിക്കൃഷ്ണന്റെ മക്കളായ മനുപ്രസാദും ഷിജിലും വൈകുന്നേരം മറ്റൊരു ബന്ധുവീട്ടിലേക്ക് പോയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.തന്റെ അയൽവാസികളായ ഗോപാലൻ, ഇയാളുടെ ഭാര്യ പ്രേമ, ശാന്ത, സൗമ്യ, നാരായണൻ തുടങ്ങി ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്നും ഇവിടത്തെ വീടുകൾ ഒലിച്ചുപോയിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
തോരാമഴയിൽ പുഞ്ചിരിവട്ടത്തെ വീട്ടിൽ തനിച്ചായിരുന്ന ഉണ്ണിക്കൃഷ്ണനും അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വീട്ടിനുള്ളിലേക്ക് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെത്തിയത്. പുലർച്ചെ 1.30-ഓടെയാണ് മരങ്ങളും പാറക്കഷ്ണങ്ങളും വന്നിടിച്ച് വീടിന്റെ വാതിൽതകർന്ന് വെള്ളവും ചെളിയും വീട്ടിനുള്ളിലേക്ക് ഇരച്ചെത്തിയത്. ഓടി വീടിന്റെ രണ്ടാംനിലയിൽ കയറിയതിനാലാണ് ഉണ്ണിക്കൃഷ്ണൻ രക്ഷപ്പെട്ടത്. ഈ സമയം വീടിന്റെ ഒരുനിലയുടെ ഉയരത്തിൽ വെള്ളം കുത്തിയൊലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീതിപ്പെടുത്തുന്ന കൂരിരുട്ടിൽ, മരണത്തെ മുഖാമുഖംകണ്ടാണ് ഉണ്ണിക്കൃഷ്ണൻ ഒരുരാത്രിമുഴുവൻ വീടിന്റെ രണ്ടാംനിലയിൽ കഴിഞ്ഞത്. വീടിനുചുറ്റും വെള്ളം കുത്തിയൊലിച്ച് വലിയചാലുകൾ രൂപപ്പെട്ടിരുന്നതിനാൽ പുറത്തേക്ക് കടക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ കുത്തൊഴുക്കിന്റെ ശക്തികുറഞ്ഞതോടെയാണ് ഉണ്ണിക്കൃഷ്ണൻ വീട്ടിൽനിന്നിങ്ങി ഏറെദൂരം നടന്ന് മുണ്ടക്കൈയിലെ മദ്രസയിൽ അഭയംതേടിയത്.
ജീവനുള്ളവരെ കണ്ടെത്താന് മാഗി, മരിച്ചവര്ക്കായി മായയും മര്ഫിയും; വിദഗ്ധരായ ഡോഗ് സ്ക്വാഡ് എത്തി