കൊച്ചി: പൊതുവിപണിയില് ലഭ്യമായ ബുക്കിനെക്കുറിച്ച് മാധ്യമങ്ങള്ക്ക് ചര്ച്ച നടത്താമെന്ന് ഹൈക്കോടതി. 2014 ഫെബ്രുവരി 18ന് റിപ്പോര്ട്ടര് ടിവി നടത്തിയ ബിഗ് ന്യൂസ് ചര്ച്ചയെ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ അന്യായവും തുടര് നടപടികളും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമര്ശം. ജനങ്ങളുടെ മുന്നിലുള്ള വിഷയത്തില് ചര്ച്ച നടത്തുന്നത് മാധ്യമ പ്രവര്ത്തകരുടെ ചുമതലയാണ്. മറ്റാരും പുസ്തകത്തെക്കുറിച്ച് ചര്ച്ച ചെയ്യരുതെന്ന് പറയാനാവില്ല. റിപ്പോര്ട്ടര് ടിവി നടത്തിയത് ബുക്കിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സുതാര്യവും സത്യസന്ധവുമായ ചര്ച്ചയാണ്. ബുക്കിനെക്കുറിച്ച് ചര്ച്ച നടത്തിയാല് അമൃതാനന്ദമയിക്ക് അപകീര്ത്തികരമാണെന്ന് പറയാനാവില്ല. മാധ്യമ ചര്ച്ച തടയപ്പെട്ടാല് മാധ്യമങ്ങള്ക്ക് ലഭിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാവുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള് ബെഞ്ച് നിരീക്ഷിച്ചു.
റിപ്പോര്ട്ടര് ടിവി മുന് ചീഫ് എഡിറ്റര് എംവി നികേഷ് കുമാര്, അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്റര് പികെ പ്രകാശ് എന്നിവര്ക്കെതിരെ രജിസ്റ്റര് ചെയ്ത കേസാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെതാണ് നടപടി. അമൃതാനന്ദമയിയെക്കുറിച്ച് ഗെയ്ല് ട്രെഡ് വെല് എഴുതിയ ബുക്കിനെക്കുറിച്ചുള്ള റിപ്പോര്ട്ടര് ടിവി നടത്തിയ ചര്ച്ചയായിരുന്നു സ്വകാര്യ അന്യായത്തിനും തുടര്ന്നുള്ള എഫ്ഐആറിന്റെയും അടിസ്ഥാനം.
ഗെയ്ല് ട്രെഡ് വെല് എഴുതിയ വിശുദ്ധ നരകം (Holy Hell) എന്ന പുസ്തകം ആമസോണ് ഉള്പ്പടെയുള്ള ഓണ്ലൈന് വിപണിയില് ലഭ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മലയാളത്തിലേക്ക് വിവര്ത്തനം ചെയ്ത പുസ്തകവും പൊതുവിപണിയില് ലഭ്യമാണ്. അങ്ങനെയുള്ള ബുക്കിനെക്കുറിച്ച് മാധ്യമ പ്രവര്ത്തകര് വായടച്ച് മിണ്ടാതിരിക്കണമെന്നും ചര്ച്ച നടത്തരുതെന്നും പറയാനാവില്ല. അമൃതാനന്ദമയി മഠമോ അതിന്റെ ഭക്തരോ പുസ്തകത്തിന്റെ രചയിതാവിനെയോ പ്രസാധകനെയോ പ്രതിയാക്കി നിയമനടപടി സ്വീകരിച്ചിട്ടില്ല. അതിനാല്ത്തന്നെ പൊതുവിപണിയില് ലഭ്യമായ പുസ്തകത്തെക്കുറിച്ച് ചര്ച്ച ചെയ്യുന്നത് അപകീര്ത്തികരമാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പുസ്തകം എഴുതിയവരെ വെറുതെവിട്ടു കൊണ്ട് അതേക്കുറിച്ച് സംസാരിക്കുന്നവര്ക്കെതിരെ നടപടിയെടുക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 'സന്ദേശം' എന്ന മലയാള സിനിമയിലെ 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്' എന്ന സംഭാഷണ ഭാഗം ഉദ്ധരിച്ചാണ് സിംഗിള് ബെഞ്ചിന്റെ നിരീക്ഷണം. പരാതി നല്കിയെങ്കിലും കോടതിയില് ഹാജരാകാന് പരാതിക്കാരി വിസമ്മതിച്ചു. ഇതില് നിന്ന് കേസുമായി മുന്നോട്ടു പേകാന് താല്പര്യമില്ലെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
അമൃതാനന്ദമയി മഠത്തിലെ ഭക്തയായ വന്ദന നല്കിയ സ്വകാര്യ അന്യായത്തില് സ്വീകരിച്ച എഫ്ഐആര് ഉള്പ്പടെയുള്ള നടപടികള് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മജിസ്ട്രേറ്റ് കോടതിയിലെ പരാതിക്കാരിയായ വന്ദന, പുസ്തകത്തിന്റെ രചയിതാവായ ഗെയ്ല് ട്രെഡ് വെലിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല. മാധ്യമ പ്രവര്ത്തകര്ക്ക് എതിരെ മാത്രമാണ് നിയമ നടപടി സ്വീകരിച്ചത്. ഈ സാഹചര്യത്തില് വന്ദനയ്ക്ക് റിപ്പോര്ട്ടര് ടിവിയിലെ മാധ്യമ പ്രവര്ത്തകര്ക്ക് എതിരെ പരാതി നല്കാന് അവകാശമില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് നിരീക്ഷിച്ചു. റിപ്പോര്ട്ടര് ടിവി മുന് ചീഫ് എഡിറ്റര് എംവി നികേഷ് കുമാര്, മുന് എക്സിക്യൂട്ടീവ് എഡിറ്റര് പി കെ പ്രകാശ് എന്നിവര് നല്കിയ ഹര്ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഹര്ജിക്കാര്ക്ക് വേണ്ടി അഡ്വ. സിപി ഉദയഭാനു ഹൈക്കോടതിയില് ഹാജരായി.