ഉരുള്പൊട്ടല്; കേരളത്തിനെതിരെ എഴുതാന് കേന്ദ്രം വിദഗ്ധരെ സമീപിച്ചതായി റിപ്പോര്ട്ട്

ക്വാറി നയവുമായി ബന്ധപ്പെട്ട് സർക്കാർ മതിയായ നടപടികളെടുക്കാത്തതുകൊണ്ടാണ് കേരളത്തിൽ ഉരുൾ പൊട്ടലുകളുണ്ടാകുന്നതെന്ന് വരുത്തിത്തീർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

dot image

കൊച്ചി: വയനാട് ഉരുൾപൊട്ടലുണ്ടായത് സംസ്ഥാന സർക്കാരിന്റെ വീഴ്ച മൂലമാണെന്ന തരത്തിൽ ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതാൻ കേന്ദ്രസർക്കാർ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സമീപിക്കുന്നതായി റിപ്പോർട്ട്. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വഴി പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. ക്വാറി നയവുമായി ബന്ധപ്പെട്ട് സർക്കാർ മതിയായ നടപടികളെടുക്കാത്തതുകൊണ്ടാണ് കേരളത്തിൽ ഉരുൾ പൊട്ടലുകളുണ്ടാകുന്നതെന്ന് വരുത്തിത്തീർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരള സർക്കാരിൻ്റെ തെറ്റായ നയങ്ങളാണ് ദുരന്തത്തിനു കാരണമെന്ന് സ്ഥാപിച്ചെടുക്കുന്ന തരത്തിൽ ലേഖനങ്ങളെഴുതാൻ പിഐബി മൂന്ന് പേരുമായി സംസാരിച്ചെന്നാണ് ന്യൂസ് മിനിറ്റിൻ്റെ റിപ്പോർട്ടിലുള്ളത്. ലേഖനങ്ങളെഴുതാൻ ശാസ്ത്രകാരന്മാർ, ഗവേഷകർ, മാധ്യമപ്രവർത്തകർ എന്നിവരെ കണ്ടെത്താനാണ് പിഐബി ലക്ഷ്യമിടുന്നത്. ഇത്തരം ലേഖനങ്ങളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ചും പരിസ്ഥിതി മന്ത്രാലയത്തിന് നിബന്ധനയുണ്ട്. ക്വാറികളുടെ എണ്ണവും ഉരുൾപൊട്ടലുകളുടെ എണ്ണവും താരതമ്യം ചെയ്യുക, കൃത്യമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം, ഖനനവുമായി ബന്ധപ്പെട്ട് നൽകിയ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തിയ കേരളം 2018ലെ പ്രളയത്തിനുശേഷം ക്വാറികളുടെ എണ്ണം വർധിപ്പിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വേണം ലേഖനം തയ്യാറാക്കാനെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. ക്വാറികളുടെ എണ്ണവും ഉരുൾപൊട്ടലുകളുടെ എണ്ണവും താരതമ്യം ചെയ്യണം, കൃത്യമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം വ്യക്തമാക്കണം, ഖനനവുമായി ബന്ധപ്പെട്ട് നൽകിയ മാർഗനിർദേശങ്ങൾ അവഗണിച്ച കേരളം 2018ലെ പ്രളയത്തിനുശേഷം ക്വാറികളുടെ എണ്ണം വർധിപ്പിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് ലേഖനം തയ്യാറാക്കാനായി പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനായി 'വയനാട് ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ' എന്ന പേരിൽ ആവശ്യമായ പോയിന്റുകൾ ഉൾപ്പെടുത്തി വേഡ് ഡോക്യുമെന്റും തയ്യാറാക്കിയിട്ടുണ്ട്. റഫറൻസിനായി വ്യത്യസ്ത ലേഖനങ്ങൾ ഉൾപ്പെടുന്ന ഡോസിയറും ഈ ഡോക്യുമെന്റിന്റെ ഭാഗമാണ്. കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ക്വാറികൾ അനുവദിക്കുന്നതുൾപ്പെടെയാണ് പ്രകൃതിക്ഷോഭങ്ങളുടെ കാരണമെന്നാണ് ആ ഡോക്യുമെന്റിൽ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2019ൽ ദ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച ലേഖനവും ഈ ഡോസിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ കയ്യിൽ നിർണായകമായ വിവരങ്ങളുണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ഫോൺ കോൾ ലഭിച്ച ഒരു വ്യക്തി അഭിപ്രായപ്പെട്ടതായും ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ക്വാറികളാണ് കേരളത്തിലെ ഉരുൾപൊട്ടലുകൾക്കു കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ ശാസ്ത്രജ്ഞർ ഇത്തരത്തിൽ ലേഖനങ്ങളെഴുതാൻ സ്വാഭാവികമായി തയ്യാറാകില്ലെന്നാണ് ഫോൺ കോൾ ലഭിച്ച മറ്റൊരാൾ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചത്. വയനാട്ടിലെ പാരിസ്ഥിതിക മേഖലകൾ പ്രത്യേകം തരംതിരിക്കാത്തതിൽ കേരള സർക്കാരിനെ വിമർശിക്കേണ്ടതുണ്ട്. എന്നാൽ രക്ഷാദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കേരള സർക്കാർ വിദഗ്ധർക്ക് നിർദേശം നൽകിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അപകട ലഘൂകരണ ഭൂപടം (റിസ്ക് റിഡക്ഷൻ മാപ്പ്) തയ്യാറാക്കുന്നതിൽ കേന്ദ്ര ഖനന മന്ത്രാലയം വരുത്തിയ വീഴ്ച്ച പഠിക്കാനാണ് നിർദേശം. ദേശീയ ദുരന്തനിവാരണ അതോറിറ്റി പറയുന്നതനുസരിച്ച് അപകട ലഘൂകരണ ഭൂപടം തയ്യാറാക്കാനുള്ള അധികാരം കേന്ദ്ര ഖനന വകുപ്പിനാണ്. അങ്ങനെയൊരു ഭൂപടം കേന്ദ്ര ഖനന വകുപ്പ് പുറത്തിറക്കിയാൽ മാത്രമേ, അതിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനങ്ങൾക്ക് ആ പ്രദേശത്ത് നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ജില്ലാ കളക്ടർമാർക്ക് വിവേചനാധികാരമുണ്ടെങ്കിലും സ്ഥിരമായി നിയന്ത്രണം കൊണ്ടുവരാൻ കഴിയില്ല എന്നതാണ് വസ്തുത. ഇതു സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധരിൽ നിന്ന് ലഭിച്ച ശേഷം കേരളം അടുത്ത നീക്കം തീരുമാനിക്കും. കോടതികളെ സമീപിക്കാനും അതുവഴി കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനുമാകും കേരളം ശ്രമിക്കുക. ഇതോടെ Landslide-prone mappingന് കേന്ദ്രം നിർബന്ധിതമാകും.

കേന്ദ്രത്തിന്റെ ഭാഗത്തെ വീഴ്ച്ചയിൽ ശ്രദ്ധയൂന്നാൻ കേരളം ശ്രമിക്കുമ്പോൾ ഇവിടുത്തെ പ്രതിപക്ഷം (കോൺഗ്രസ്) സംസ്ഥാന സർക്കാർ ഓപ്പൺ ഡേറ്റ പോളിസി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരാനുള്ള ആലോചനയിലാണെന്നും ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ ഡേറ്റ പോളിസിയുടെ കരട് 2017ൽ അന്തിമമായതാണെങ്കിലും ഇതുവരെ കേരളം അതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ദുരന്തമുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി, പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ മാപ്പ് സർക്കാർ രക്ഷാപ്രവർത്തകർക്ക് നൽകിയിരുന്നു. ആ മാപ്പിലുൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ ഓപ്പൺ ഡേറ്റ പോളിസി നടപ്പാക്കാത്തതെന്തുകൊണ്ടാണെന്നും കോൺഗ്രസ് ചോദിക്കുന്നതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us