കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ്, ബിജെപിയുടെ സഹായം ലഭിച്ചു: എം വി ഗോവിന്ദൻ

യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യാജ നിർമിതിക്ക് പിന്നിൽ യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു

dot image

തിരുവനന്തപുരം: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫെന്ന് ആവർത്തിച്ച് സിപഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ വിഷയത്തിൽ സിപിഐഎമ്മിന് ഒറ്റ നിലപാടാണുള്ളത്. യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യാജ നിർമിതിക്ക് പിന്നിൽ യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിരുന്നു.

2024 ഏപ്രിൽ 25-ന് ഉച്ചക്ക് 2.13-നാണ് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ 25-ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറയ്ക്കൽ അബ്ദുള്ളയ്ക്ക് ഡിവൈഎഫ്ഐ നേതാവ് റിബേഷ് കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ നോക്കിയെന്നാണ് പാറയ്ക്കൽ അബ്ദുള്ളയ്ക്കെതിരെ വക്കീൽ നോട്ടീസിൽ റിബേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണം. റിബേഷ് അയച്ച വക്കീൽ നോട്ടീസിൽ പ്രതികരണവുമായി പാറയ്ക്കൽ അബ്ദുള്ളയും രംഗത്തെത്തി. പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരം മാത്രമാണ് പുറത്തെത്തിയതെന്നും ഇത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ വക്കീൽ നോട്ടീസ് അയയ്ക്കേണ്ടത് ആഭ്യന്തരമന്ത്രിക്കാണെന്നും പാറയ്ക്കൽ അബ്ദുള്ള തിരിച്ചടിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us