കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി പ്രാദേശിക മുങ്ങല് വിദഗ്ധന് ഈശ്വർ മാൽപെ. ഉച്ചയോടെയാണ് ഈശ്വർ മാൽപെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുന്റെ വീട്ടിലെത്തിയത് കുടുംബത്തെ സമാധാനിപ്പിക്കാനാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു. തിരച്ചിൽ നടത്തുമ്പോൾ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെന്നും ഏറെ പ്രതിസന്ധികൾ മറികടന്നാണ് പുഴയിലിറങ്ങിയതെന്നും മാൽപെ പറഞ്ഞു.
'അനുമതി നേടുന്നതിനാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്. ഒരു ദിവസം വെള്ളത്തിൽ ഇറങ്ങാൻ അനുവദിച്ചാൽ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കും. മണ്ണിടിച്ചിലിൽപ്പെട്ട എട്ട് പേരുടെ മൃതദേഹം കിട്ടി. മൂന്ന് പേരെ ഇനിയും കിട്ടാനുണ്ട്. അർജുന്റെ വണ്ടിയുടെ ജാക്കിയും കയറും കണ്ടെടുക്കാനായി. കയറ് കിട്ടിയ സ്ഥലത്ത് ഒരുപാട് മണ്ണ് നീക്കം ചെയ്യാനുണ്ട്. ഡ്രജിങ് മെഷിൻ കൊണ്ടുവന്ന് മണ്ണ് നീക്കണം. 5 ദിവസമെങ്കിലും ഡ്രജിങ് നടത്തേണ്ടി വരും. 30 അടിയിൽ മണ്ണ് അടിഞ്ഞിട്ടുണ്ട്. ഡ്രജർ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ നിലപാട്. കേരള സർക്കാരും വിഷയത്തിൽ ഇടപെടണം. അർജുന്റെ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. ഞങ്ങളുടെ സംഘത്തിൽ പത്ത് പേരുണ്ട്. അർജുനെ കണ്ടെത്തുക എന്നത് ഞങ്ങൾ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.
മാൽപെയ്ക്കൊപ്പം സഹ ഡൈവർമാരും മറ്റ് സംഘാംഗങ്ങളും ഉണ്ടായിരുന്നു. അർജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈശ്വർ മാൽപെയുടെ സംഘാംഗങ്ങളും എൻഡിആർഎഫും എസ്ഡിആർഎഫുമാണ് ഇപ്പോൾ പുഴയിൽ തിരച്ചിൽ നടത്തുന്നത്.
ഈശ്വർ മാൽപെ അർജുന്റെ വീട്ടിലേക്ക്, നാളെ എത്തും