ആർത്തലച്ചെത്തിയ ഉരുളില് ഒരു നാട് ഒലിച്ചു പോയിട്ട് ഒരുമാസം; 78 പേർ ഇന്നും കാണാമറയത്ത്

മുന്നൂറിലധികം പേർക്ക് ജീവനും അതിൽ ഇരട്ടിയോളം പേർക്ക് ജീവിതവും നഷ്ടമായ ദിവസമായിരുന്നു അത്

dot image

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം. മണ്ണിനോടും മലയോടും മല്ലടിച്ച് മലയോരത്ത് ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിന്മുറക്കാർ മലവെള്ളപ്പാച്ചിലിന് മുന്നിൽ പകച്ചുപോയ ദിനം. മുന്നൂറിലധികം പേർക്ക് ജീവനും അതിൽ ഇരട്ടിയോളം പേർക്ക് ജീവിതവും നഷ്ടമായ ദിവസമായിരുന്നു അത്.

മണ്ണിനെയും മലയേയും അറിയുന്നവരാണ് വയനാട്ടുകാർ. ഉരുൾപൊട്ടലും മണ്ണിടിച്ചിലും പലതവണ നേരിട്ട് കണ്ടവർ. മഞ്ഞിലും മഴയിലും അതിജീവനത്തിൻ്റെ പാഠം കുറിച്ചവർ. പക്ഷേ രണ്ട് ദിവസത്തെ തുടർച്ചയായ മഴ അവരുടെ സ്വപ്നങ്ങൾക്ക് മേൽ പെയ്ത് തോർന്നു. ആ രാത്രിയിൽ ഉറങ്ങാൻ കിടന്നതിൽ പാതിയോളം പേർ പിന്നെ ഉണർന്നില്ല. സർക്കാർ കണക്കുകൾ പ്രകാരം 231 പേരാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞുപോയത്. 78 പേർ ഇന്നും കാണാമറയത്ത് ആണ് തന്നെയാണ്. 62 കുടുംബങ്ങൾ ഒരാള് പോലുമില്ലാതെ പൂർണമായും ഇല്ലാതായി. ചാലിയാർപ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള് മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. 71 പേർക്ക് പരിക്കേറ്റു. 183 വീടുകള് ഇല്ലാതായി 145 വീടുകള് പൂർണമായും ഉരുള്പ്പൊട്ടലില് തകര്ന്നു. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്റെ താഴ്വരയായി മാറുന്ന കാഴ്ച്ചയ്ക്കായിരുന്നു കേരളം സാക്ഷിയായത്.

എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല, പുഞ്ചിരിമട്ടം പ്രദേശങ്ങളെല്ലാം വിസ്മൃതിയിലായി. ഇത്തിരി ശ്വാസം മാത്രം ബാക്കിയായവർ ജീവൻ മാത്രം കയ്യിൽ പിടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ ഓർക്കാനുള്ള സമയം പോലും കിട്ടിയില്ല എന്നുള്ളതായിരുന്നു യാഥാർത്ഥ്യം. സ്വന്തമെന്നോർത്ത് ചേർത്തുപിടിച്ച കൈകൾ പലതും തണുത്തുറഞ്ഞത് പോലും അവർ അറിഞ്ഞിരുന്നില്ല. ശരീരവും മനസ്സും മരവിച്ചു പോയ അവസ്ഥയായിരുന്നു അവരുടേത്. ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവൻ പണയം വെച്ച് മനുഷ്യർ രക്ഷാപ്രവർത്തനം നടത്തി. ദുരന്ത മേഖളയിലേക്കുള്ള സഞ്ചാര മാകര്ഗ്ഗമായ പാലം ഉരുള്പൊട്ടലില് തകര്ന്നിരുന്നു. അതോടെ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ദുരന്ത മേഖലയിലേക്ക് രക്ഷാ പ്രവര്ത്തനത്തിനായി പട്ടാള സൈന്യവും എത്തിയിരുന്നു. ബെയിലി പാലം നിർമ്മിച്ചുകൊണ്ട് സൈന്യം രക്ഷാ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കി. പിന്നീട് ബെയിലി പാലം സൈന്യം മുണ്ടക്കൈയ്ക്ക് സമര്പ്പിച്ചു.

പിന്നീട് അങ്ങോട്ട് പ്രിയപ്പെട്ടവരെ തേടിയുള്ള അലച്ചിലായിരുന്നു. ഒരു നാടിന് വേണ്ടി ഉറങ്ങാതിരുന്ന നാളുകൾ. കൂടെയുള്ളവരെ തേടി അലയുന്നവർ. മക്കൾ, കൂടെപ്പിറപ്പുകൾ, അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ് എന്നിവരെ തിരയുന്നവർ. വിവരങ്ങളറിയാൻ ഹെൽപ് ഡെസ്കിലേക്ക് നിർത്താതെ ഫോൺ കോളുകളാണെത്തിയത്. ആശ്വാസത്തിൻ്റെ കണം ലഭിച്ച നിരവധി പേർ ആക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ പ്രതീക്ഷ അസ്തമിച്ചവരെ ആശ്വസിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുവരെ കുട്ടികളുടെ കളി ചിരികൾ നിറഞ്ഞ വെള്ളാർമല സ്കൂൾ വേദനിക്കുന്ന ചിത്രമായി മാറി.

കേരളം ഇതുവരെ കാണാത്ത ദുരന്തമായിരുന്നു വയനാട് ദുരന്തം. മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സർക്കാർ ഉൾപ്പെടെ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. പല ഭാഗങ്ങളിൽ നിന്നാണ് ദുരിതബാധിതരെ സഹായങ്ങൾ തേടിയെത്തിയത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ദുരന്ത മേഖല സന്ദർശിച്ച് അതിന്റെ ആഴം നേരിട്ട് മനസിലാക്കിയിരുന്നു. ഉരുൾപ്പൊട്ടലിൽപ്പെട്ട മനുഷ്യർ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളില് കഴിയുകയാണ്.

ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപ് സർവവും നഷ്ടപ്പെട്ടവരുടെ കണ്ണീരുപ്പ് ഇനിയും മായ്ഞ്ഞിട്ടില്ല. ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് അവരുടെ മുന്നിലുള്ളത്. പുനരധിവാസത്തിൻ്റെ ആദ്യപടിയെ ആയിട്ടുള്ളൂ. കടമ്പകൾ നിരവധിയാണ് മുന്നിലുള്ളത്. കേരളത്തിന് ഈ മുപ്പത് ദിവസം മുപ്പത് യുഗങ്ങളാണ്. എല്ലാം മറക്കാൻ ശ്രമിക്കുന്ന 30 ദിവസങ്ങൾ. ഇനി അതിജീവനത്തിനായി ഒരുമിച്ച് നിൽക്കേണ്ട നാളുകളാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us