തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി. സെൻസേഷണലായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുവെന്നും സുഭാഷിണി അലി പറഞ്ഞു. കുറ്റക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തിനെതിരെയടക്കം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും സുഭാഷിണി അലി വ്യക്തമാക്കി. പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ലെെംഗികാതിക്രമ കേസില് ആരോപണവിധേയനായ മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദം തള്ളി ബൃന്ദ കാരാട്ട് ഇന്നലെ രംഗത്തെത്തിയിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ബൃന്ദ കാരാട്ട്. കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു
എം മുകേഷിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ചോദിച്ചു. അതേ സമയം ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നിലപാട്. കോൺഗ്രസ് എംഎൽഎമാര് സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും അതിനാൽ തങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേര്ത്തു.
പ്രതിപക്ഷം പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു, ജയരാജൻ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി;വിഡി സതീശൻ