പാലക്കാട്: പാലക്കാട്ട് ബിജെപി സംഘടിപ്പിച്ച പൗരപ്രമുഖരുടെ പരിപാടിയിൽ പങ്കെടുത്ത് എവി ഗോപിനാഥ്. മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിയിലാണ് ഗോപിനാഥ് എത്തിയത്. പൗര പ്രമുഖരുമായി നദ്ദ കൂട്ടിക്കാഴ്ച നടത്തുന്നതായിരുന്നു പരിപാടി.
അതേ സമയം, കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവെച്ച ഗോപിനാഥ് സിപിഐഎമ്മിനോടായിരുന്നു ഈ അടുത്ത കാലം വരെ അനുഭാവം പ്രകടിപ്പിച്ചിരുന്നത്.
കഴിഞ്ഞ വർഷം കേരള സർക്കാർ നടത്തിയ നവ കേരള സദസ്സിൽ എ വി ഗോപിനാഥ് പങ്കെടുത്തിരുന്നു. വികസന താൽപര്യം മുൻനിർത്തിയാണ് പങ്കെടുത്തതെന്നും സംഭവത്തിൽ മറ്റ് രാഷ്ട്രീയ താല്പര്യമൊന്നില്ലെന്നാണ് അന്ന് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തോട് പറഞ്ഞിരുന്നത്. പിന്നീട് പാർട്ടിയിലെ വിഭാഗീയത ചൂണ്ടി കാട്ടി കോൺഗ്രസ് വിട്ട എവി ഗോപിനാഥ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനാണ് പിന്തുണ നൽകിയിരുന്നത്.
പാലക്കാട് ആലത്തൂരിൽ നിന്നുമുള്ള മുൻ കോൺഗ്രസ് എംഎൽഎയായിരുന്നു എവി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശി മുൻ പഞ്ചായത്ത് പ്രസിഡൻ്റ്, പാലക്കാട് മുൻ ഡിസിസി പ്രസിഡൻറ് തുടങ്ങി പദവികളിൽ ഇരുന്നിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതിന് മുമ്പ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അംഗം കൂടിയായിരുന്നു അദ്ദേഹം.