തിരുവനന്തപുരം: പൊളിറ്റിക്കല് സെക്രട്ടറിക്കും എഡിജിപിയ്ക്കുമെതിരെ ഉയര്ന്ന ആരോപണങ്ങളില് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. വരും ദിവസങ്ങളില് പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് കോണ്ഗ്രസിന്റെ നീക്കം. മലപ്പുറം മുന് എസ്പി സുജിത് ദാസ് അടക്കമുള്ളവര്ക്കെതിരെ ഉയര്ന്ന പീഡന പരാതിയും ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പൊലീസിലെ ഉന്നതര്ക്കെതിരെ പീഡനപരാതി കൂടി ഉയര്ന്ന പശ്ചാത്തലത്തില് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പല കോണുകളില് നിന്നും രൂക്ഷ വിമര്ശനമാണ് ഉയരുന്നത്. മലപ്പുറം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഒരേ സമയം മാര്ച്ച് നടത്താനാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജില്ലയിലുടനീളം സമരം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാര്ത്ഥി യുവജന സംഘങ്ങളുടെയും തീരുമാനം.
ബിജെപിയും സര്ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. സംസ്ഥാനത്ത് നിയമവാഴ്ച പൂര്ണമായും തകര്ന്നുവെന്നും അരാജകത്വത്തിലേക്കാണ് ഇടത് സര്ക്കാര് കേരളത്തിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നുള്ളതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെയും ആവശ്യം.
കഴിഞ്ഞ ദിവസമായിരുന്നു തിരൂര് മുന് ഡിവൈഎസ്പി വിവി ബെന്നി, പത്തനംതിട്ട മുന് ഡിവൈഎസ്പി സുജിത് ദാസ്, പൊന്നാനി മുന് സിഐ വിനോദ് എന്നിവര്ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവതി രംഗത്തെത്തുന്നത്. റിപ്പോര്ട്ടര് ടി വിയിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്. ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ പരാതിയിലുണ്ട്. ഉദ്യോഗസ്ഥര് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാന് ആവശ്യപ്പെട്ടു. അവഗണിച്ച് ഇറങ്ങിയപ്പോള് എസ്പിയുടെ സുഹൃത്ത് കടന്നുപിടിക്കാന് ശ്രമിച്ചു. പുറത്ത് പറഞ്ഞാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവര് കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും നാള് ജീവിച്ചത്. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും പരാതിയില് ഉറച്ചുനില്ക്കുമെന്നും യുവതി പറഞ്ഞിരുന്നു. ഇവര് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിട്ടുണ്ട്.
അതേസമയം കേരള പൊലീസ് സേനയിലെ ക്രിമിനലുകള്ക്കെതിരെ താന് നല്കിയ പരാതികളില് സര്ക്കാര് നീതിപൂര്വമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് പി വി അന്വര് എംഎല്എ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മുഖ്യമന്ത്രിക്കും പാര്ട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നല്കി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സര്ക്കാര് നീതിപൂര്വ്വമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെന്ഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സര്ക്കാറില് പ്രതീക്ഷയര്പ്പിക്കുന്നുവെന്നും എംഎല്എ പറഞ്ഞിരുന്നു.