കൊച്ചി: പുതിയ സിനിമാ പെരുമാറ്റ ചട്ടം തയ്യാറാക്കാൻ ഡബ്ല്യുസിസി. പുതിയ നിർദേശങ്ങളുമായി ഇന്ന് ഒരു പുതിയ പരമ്പര ആരംഭിക്കുകയാണെന്ന് ഡബ്ല്യുസിസി അറിയിച്ചു. ഹേമ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് വേണ്ടിയുള്ള പെരുമാറ്റ ചട്ടമാണ് അവതരിപ്പിക്കുന്നത്.
'ഇൻഡസ്ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക,' ഡബ്ല്യുസിസി അറിയിച്ചു.
സിനിമാ കോണ്‍ക്ലേവ് ഉടന്‍ ഉണ്ടായേക്കില്ല; തീയതിയില്‍ മാറ്റം വരുത്താന്‍ ആലോചനഅതേസമയം നേരത്തെ തീരുമാനിച്ച തീയ്യതിയിൽ നിന്ന് സിനിമാ കോൺക്ലേവ് മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നിശ്ചയിച്ച സിനിമ കോൺക്ലേവ് ആണ് മാറ്റുന്നത്. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് നടത്താൻ തീരുമാനിച്ചിരുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനാലാണ് തീരുമാനം. കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. കേരളീയം, ഐഎഫ്എഫ്കെ എന്നിവ ഡിസംബറിൽ നടക്കുന്നതുകൊണ്ടാണ് ജനുവരിയിലേക്ക് തീയതി മാറ്റാൻ ആലോചിക്കുന്നത്.
വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോൺക്ലേവ് നടത്താൻ ലക്ഷ്യമിടുന്നത്. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്ഡിസിക്കാണ് ഏകോപന ചുമതല. കോൺക്ലേവിന് മുൻപ് സിനിമ സംഘടനകളുമായി ചർച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.