തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നില് സര്ക്കാരിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഉദ്യോഗസ്ഥതലത്തില് ഗുരുതര വീഴ്ച ഉണ്ടായി. ഗൗരവമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംഭവത്തില് കുറ്റക്കാര്ക്കെതിരെ നടപടി എടുക്കണം. കുടിവെള്ളം മുടങ്ങിയപ്പോള് ബദല് മാര്ഗ്ഗം സ്വീകരിക്കുന്നതില് കോര്പ്പറേഷന് പരാജയപ്പെട്ടുവെന്നും വി ഡി സതീശന് പ്രതികരിച്ചു. സര്ക്കാരും കോര്പ്പറേഷനും അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
'തിരുവനന്തപുരം നഗരത്തിലെ നാല്പത്തി അഞ്ച് വാര്ഡുകളില് കുടിവെള്ളം കിട്ടാതായിട്ട് നാല് ദിവസമായി. ഇന്ന് വൈകുന്നേരം നാല് മണിക്ക് പമ്പിംഗ് ആരംഭിക്കാന് കഴിയുമെന്ന മന്ത്രിയുടെ വാക്ക് പാഴായി. എപ്പോള് പമ്പിംഗ് ആരംഭിക്കാന് കഴിയുമെന്നതില് ഒരു വ്യക്തതയുമില്ല. കുറ്റകരമായ അനാസ്ഥയാണ് സര്ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ടാങ്കറില് കൊണ്ടു വരുന്ന ജലം ഒന്നിനും തികയുന്നില്ല. അതുതന്നെ പലര്ക്കും ലഭിക്കുന്നുമില്ല. നഗരവാസികള് വീടുകള് വിട്ട് പോകേണ്ട അവസ്ഥയാണ്. നാളെ സ്കൂളില് പോകേണ്ട കുട്ടികളുടെയും ജോലി ആവശ്യങ്ങള്ക്ക് പോകേണ്ടവരുടെയും സ്ഥിതി ദയനീയമാണ', വി ഡി സതീശന് പറഞ്ഞു.
തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ കുടിവെള്ള പ്രതിസന്ധി ഇന്ന് രാത്രിയ്ക്ക് മുന്പേ പരിഹരിക്കപ്പെടുമെന്നായിരുന്നു ജവവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞത്. വാല്വിലുണ്ടായ തകരാറാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇല്ലായിരുന്നുവെങ്കില് ഇന്നലെ തന്നെ പരിഹാരം കണ്ടെത്തുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു പൈപ്പ് കൂടി ജോയിന് ചെയ്താല് മതി. ഇത്രയും സമയം എടുക്കുമെന്ന് കരുതിയില്ലെന്നുമാണ് റോഷി അഗസ്റ്റിന് പ്രതികരിച്ചത്.