തിരുവനന്തപുരം: തൃശൂരിലെ വിജയം പൂരം കലക്കി നേടിയതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്തർധാരയുള്ളത് യുഡിഎഫും എൽഡിഎഫും തമ്മിലാണ്. വിഡി സതീശൻ പിണറായി വിജയന്റെ ഏജന്റാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ രാഹുൽ ഗാന്ധിയുമായും സതീശനുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് മതന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിച്ചിട്ടുണ്ട്. പൂരം കലക്കിയാൽ എങ്ങനെ മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടും? പുനർജനി തട്ടിപ്പിൽ വി ഡി സതീശനെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു.
തൃശൂര്‍ പൂരം കലക്കുക എന്നത് ബിജെപിയുടേയും സിപിഐഎമ്മിന്റേയും പ്ലാനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വഴി അത് നടപ്പിലാക്കുകയായിരുന്നു. വിശ്വാസം, ഹിന്ദു, ആചാരം എന്നൊക്കെ പറയുന്നവര്‍ ഇന്ന് ഉത്സവം കലക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപിയെ ഉന്നംവെച്ച് സതീശന് പറഞ്ഞു. തൃശൂര്‍ പൂരം കലക്കാന്‍ കൂട്ടുനിന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ്. അവരാണ് ഇപ്പോള്‍ വിശ്വാസത്തെക്കുറിച്ചും ആചാരത്തെക്കുറിച്ചും തങ്ങള്‍ക്ക് ക്ലാസ് എടുക്കുന്നത്. അവരുടെ തനിനിറം പുറത്തായെന്നും വി ഡി സതീശന് പറഞ്ഞിരുന്നു.
എന്നാൽ കേരളത്തില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണം. 'തൃശൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വേണ്ടി ഈ എഡിജിപിയെ അടിസ്ഥാനമാക്കിയാണ് ആര്‍എസ്എസിനെ കാണാന്‍ പോയതെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തെയാണ് ഞാന്‍ അസംബന്ധമെന്ന് പറഞ്ഞത്. ആരെ കാണാന്‍ പോകുന്നതും ഞങ്ങളുടെ കാര്യമല്ല. ഞങ്ങളുടെ നൂറ് കണക്കിന് സഖാക്കളെ കൊന്നുകളഞ്ഞവരാണ് ആര്‍എസ്എസ്. യുഡിഎഫിന്റെ 86000 വോട്ടുകളാണ് തൃശൂരില്‍ ബിജെപിക്ക് അനുകൂലമായി നല്‍കിയത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയും. നേമത്ത് ജയിപ്പിച്ചതും കോണ്‍ഗ്രസ്സാണ്. നിയമസഭയിലും ലോക്സഭയിലും ബിജെപി അക്കൗണ്ട് തുടങ്ങിയത് കോണ്‍ഗ്രസിലൂടെയാണ്', അദ്ദേഹം പറഞ്ഞു.