ഹെലേന ഗ്വലിംഗ; കാടറിഞ്ഞവൾ, ആമസോണിന്റെ പോരാളി

ധാതു ഖനനത്തിന്റെ പേരിൽ ആമസോൺ മഴക്കാടുകളിൽ നടക്കുന്ന പ്രകൃതി ചൂഷണങ്ങൾക്കെതിരെയാണ് ഹെലേനയുടെ പോരാട്ടം.

dot image

ആമസോൺ കാടിനായി നിരന്തരം പോരാടുന്ന പെൺ പോരാളി, ഹെലേന ഗ്വലിംഗ. ഗ്രേറ്റ തൻബർഗിനെപ്പോലെ ചെറുപ്രായത്തിലെ പ്രകൃതിയെ ചേർത്തുപിടിച്ചവൾ. ഒപ്പം 1500 ഓളം പേർ മാത്രമുള്ള സരയുകു ഗോത്രത്തിനായി ശബ്ദമുയർത്തുന്നവൾ. ഹെലേനയെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ പറയാം. എന്നാൽ ഈ 20 കാരിയുടെ ചെറുത്തുനിൽപ്പുകളെ വാക്കുകളിലൊതുക്കാനാകില്ല. ഇക്വഡോറിൽ ജനിച്ച ഹെലേന, താൻ പിറന്ന ആമസോണിലെ അപൂർവ്വ ഗോത്രങ്ങളിലൊന്നായ സരയുകുവിനും ആ കാടിനും വേണ്ടി നിരന്തരം ആഗോള തലത്തിൽ ഇടപെടുകയാണ്. എണ്ണ വ്യവസായത്തിന്റെ പേരിൽ വലിയ വെല്ലുവിളി നേരിടുന്ന സരയുകു ഗോത്രത്തിലാണ് ഹെലേനയുടെ അമ്മ നോമി ഗ്വലിംഗ ജനിച്ചത്.

ധാതു ഖനനത്തിന്റെ പേരിൽ ആമസോൺ മഴക്കാടുകളിൽ നടക്കുന്ന പ്രകൃതി ചൂഷണങ്ങൾക്കെതിരെയാണ് ഹെലേനയുടെ പോരാട്ടം. ലോകത്തെയാകമാനം യുവാക്കളെ അണിനിരത്തി, പ്രാദേശിക ഭൂമികളിലെ കോർപ്പറേറ്റ് ചൂഷണങ്ങൾക്കെതിരെ ഹെലേന മുന്നേറ്റങ്ങൾ നടത്തുന്നു. ബ്രസീലിലാണ് കൂടുതൽ ഭാഗങ്ങളെങ്കിലും ഇക്വഡോറിലും വ്യാപിച്ച് കിടക്കുകയാണ് ആമസോൺ കാടുകൾ. ഇക്വഡോറിന്റെ ഭാഗമായ, എത്തിപ്പെടുക അത്രയെളുപ്പമല്ലാത്ത ഉൾക്കാട്ടിലായാണ് സരയുകു ഗോത്രക്കാർ കഴിയുന്നത്. ചെറുവള്ളങ്ങളോ, ചെറു വിമാനങ്ങളോ വേണം ഈ വിഭാഗക്കാരിലേക്ക് എത്തിച്ചേരാൻ. ഹെലേനയുടെ പിതാവ് ഫിൻലാന്റിലെ സർവ്വകലാശാലയിൽ അധ്യാപകനാണ്. വിദ്യാഭ്യാസം പിതാവിനൊപ്പമായിരുന്നതിനാൽ ഇംഗ്ലിഷ് കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യയായ ഹെലേനയ്ക്ക് ആഗോളതലത്തിൽ സരയുകു ഗോത്രത്തിന്റെ ശബ്ദമാകാനായി. 'മനുഷ്യന് നൽകുന്ന അതേ പ്രാധാന്യമാണ് ഞങ്ങൾ ഈ കാടിനും നൽകുന്നത്' എന്ന് ഹെലേന ആവർത്തിച്ച് പറയുന്നു. ഇത് തന്നെയാണ് അവളുടെ ചെറുത്ത് നിൽപ്പുകളും വ്യക്തമാക്കുന്നത്.

2002 ൽ ഇക്വഡോറിയൻ മിലിട്ടറിയുടെ സഹായത്തോടെ എണ്ണ കമ്പനികൾ ആമസോൺ കാടിനുള്ളിൽ വലിയൊരു സ്ഫോടനം നടത്തി. 1.5 ടൺ സ്ഫോടക വസ്തുക്കളാണ് ഇതിനായി അവർ ഉപയോഗിച്ചത്. ആമസോണിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും ഗോത്ര വർഗക്കാരുടെ ആരാധനാകേന്ദ്രങ്ങളുമടക്കം ഈ സ്ഫോടനത്തിൽ നശിച്ചു. ഗോത്രവും ഗ്വലിംഗ കുടുംബവും ഇതിനെതിരെ നിരന്തരം നിയമപോരാട്ടം നടത്തി. ഇതേ വർഷം തന്നെ ജനിച്ച ഹെലേന പിന്നീട് പ്രകൃതി ചൂഷണങ്ങൾക്കെതിർ മുഖമായത് യാദൃശ്ചികം മാത്രമല്ല. ഹെലേനയുടെ അമ്മ നോമി ഗ്വലിംഗ കിച്ച്വ വിഭാഗത്തിന്റെ പെൺകൂട്ടായ്മയുടെ തലൈവിയായിരുന്നു. അമ്മയിൽ നിന്ന് പോരാട്ടത്തിന്റെ കനൽ ഹെലേനയിലേക്കും സഹോദരി നിന ഗ്വലിംഗയിലേക്കുമെത്തിയതിൽ അതിശയിക്കാനില്ല.

അനുമതിയില്ലാതെ ഭൂമിയെ ചൂഷണം ചെയ്യാനെത്തിയ സർക്കാരിനും ഓയിൽ കമ്പനിക്കുമെതിരെ ഇവർ 2012 ൽ അമേരിക്കൻ മനുഷ്യാവകാശ കോടതിയിലത്തി. ഇക്ക്വഡോർ സർക്കാരിനെ കോടതിയുടെ മുന്നിലത്തിച്ചു, വാദിച്ചു. 12 വർഷത്തെ പോരാട്ടങ്ങൾക്കൊടുവിൽ വിജയിച്ചു.  ഗ്വലിംഗ പെൺകുട്ടികളുടെ മാതൃസഹോദരി പട്രീഷ്യ ഗ്വലിംഗയും മുത്തശ്ശി ക്രിസ്റ്റീന ഗ്വലിംഗയും ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയും ആമസോൺ കാടുകൾക്കുവേണ്ടിയും പ്രതിരോധം തീർത്തവരായിരുന്നു. രണ്ട് തലമുറയുടെ പോരാട്ടങ്ങളുടെ നേർ സാക്ഷികളായ പെൺകുട്ടികൾ എങ്ങനെ കാടിന്റെ കാവലാളുകളാകാതെയിരിക്കും!

സരയുകുവിന്റെ ശബ്ദമായ ഹെലേന ആമസോൺ കാടുകളിൽ കോർപ്പറേറ്റ് കമ്പനികൾ നിരന്തരം നടത്തുന്ന ഖനനങ്ങൾ പുറംലോകത്തെത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെയെല്ലാം പരിണിത ഫലമായ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കാട്ടുതീ, കാട് മരുഭൂമിയാകുന്നത്, വനനശീകരണം, പ്രളയം വിതയ്ക്കുന്ന രോഗങ്ങൾ, മഞ്ഞുരുകലെന്നിവ ആദ്യമെത്തുന്നത് സരയുകുവിലാണെന്നിരിക്കെ ഹെലേന ഇത് പുറംലോകത്തേ അറിയിച്ചുകൊണ്ടിരിക്കുന്നു.

ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബോൾസനാരോയുടെ ഭരണത്തിന് കീഴിൽ കടുത്ത ചൂഷണമാണ് ആമസോൺ കാടുകൾക്ക് നേരെ അഴിച്ചുവിട്ടിരുന്നത്. ഭരണകൂട അനുമതിയോടെയുള്ള ഖനികളും അനധികൃത കയ്യേറ്റങ്ങളുമടക്കം ആമസോണിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ താറുമാറാക്കി. ആമസോൺ മഴക്കാടുകളിൽ കാട്ടുതീ സാധാരണയായി. 2019 ൽ ഉണ്ടായ കാട്ടുതീയിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ ദൃശ്യങ്ങൾ അതിദാരുണമായിരുന്നു. വന്യമൃഗങ്ങളെ മാത്രമല്ല, ഗോത്ര ജനതയെയും ഈ കാട്ടുതീ ബാധിച്ചു. ഈ ആശങ്കകൾ അവൾ ആഗോളതലത്തിൽ ചർച്ചയാക്കി.

2019 ൽ കലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ ന്യൂയോർക്ക് സിറ്റിയിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ പ്ലക്കാർഡുകളുമായി ഹെലേനയും സംഘവും പ്രതിഷേധിച്ചു. 'ഗോത്ര ജനതയുടെ രക്തം ഇനിയൊരു തുള്ളി കൂടി തരില്ല'  (“Indigenous blood, not one more drop” ) എന്നവർ പ്ലാക്കാർഡുകളിലെഴുതി. അതേ വർഷം ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ (COP25) പങ്കെടുത്ത ഹെലേന ഇക്വഡോറിയൻ സർക്കാരിനെ 'ക്രിമിനൽ' എന്ന് ഉറക്കെ വിളിച്ചു. 'ഞങ്ങളുടെ ഭൂമിയെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ നിങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരാവാദികൾ' എന്നവൾ നിർഭയം പ്രസ്താവിച്ചു.

പരിസ്ഥിതി പ്രവർത്തകരായ ഇസബെല്ല ഫല്ലാഹിക്കും അയിഷ സിദ്ദിഖയ്ക്കുമൊപ്പം കൈകോർത്ത് എണ്ണ ഖനന കമ്പനികളെ അഴിച്ചുവിടുന്ന സർക്കാരുകൾക്കെതിരെ ആഗോള തലത്തിൽ പോരാടുകയാണ് ഹെലേന. കാലാവസ്ഥാ വ്യതിയാ ഉച്ചകോടിയുടെ പരാജയത്തിന്റെ കാരണക്കാർ കമ്പനികളെ തടയാത്ത സർക്കാരുകളെന്ന് ഇവർ ഉറക്കെ വിളിച്ചു പറയുന്നു. ഗ്രാമീണ ഭൂമികളെ ഖനികളാക്കുന്ന പ്രകൃതിചൂഷകരായ കമ്പനികളെ പുറന്തള്ളാൻ സർക്കാറുകളിൽ സമ്മർദ്ദം ചെലുത്താൻ യുവാക്കളുടെയും ശാസ്ത്രജ്ഞരുടെയുമൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് ഇവർ.

2022 ൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന എൻവിറോൺമെന്റ് ഫിലിം ഫെസ്റ്റിവലിൽ ഹെലേനയുടെ പോരാട്ടങ്ങൾ വിവരിക്കുന്ന 'ഹെലേന സരയുകു മാൻ്റ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വോഗ്, ഹോഗർ, റിഫൈനറി 29 എന്നീ മാഗസിനുകൾ ഹെലേനയെ വാഴ്ത്തി. ഹെലേനയെയും സരുയുകുവിനെയും ആമസോണിന്റെ പച്ചഞരമ്പുകളുറുക്കുന്ന കയ്യേറ്റങ്ങളെയും ലോകം തിരിച്ചറിഞ്ഞ് തുടങ്ങി. ഹെലേനയുടെ ഇടപെടലുകളിലെ പ്രാദേശിക മുന്നേറ്റവും സ്ത്രീ ശാക്തീകരണവും മനുഷ്യത്വം പ്രകൃതിയിൽ നിന്ന് വേറെയല്ല എന്ന ആശവും  ആമസോൺ കാടുകളെയും ലോകത്തെയാകമാനം പരിസ്ഥിതിയെ തന്നെയും സംരക്ഷിക്കാൻ മനുഷ്യരെ ആഗോളതലത്തിൽ അണിനിരത്തുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us