'ജലദൗർലഭ്യത്താൽ നട്ടംതിരിയുന്ന ഒരു ഇന്ത്യയെ ആണ് ഭാവിയിൽ കാണുക. രാജ്യത്ത് ജലക്ഷാമത്താൽ പൊറുതിമുട്ടുന്നവരുടെ എണ്ണം 2016ൽ 933 ദശലക്ഷമായിരുന്നെങ്കിൽ 2050 ആകുമ്പോഴേക്കും ഇത് 170 കോടി മുതൽ 240 കോടി വരെയാകാം' ലോകജലദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു
2016ൽ ലോകജനസംഖ്യയുടെ മൂന്നിലൊന്ന് മാത്രമാണ് ജലക്ഷാമത്താൽ ബുദ്ധിമുട്ടിയിരുന്നത്. 2025 ആകുമ്പോഴേക്കും ഇത് ആകെ ജനസംഖ്യയുടെ പകുതിയിലധികം എന്ന നിലയിലേക്ക് എത്തും. നിലവിൽ 200 കോടി ജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ഇല്ലെന്നും 360 കോടി ആളുകൾക്ക് ജലശുചിത്വം ഉറപ്പുവരുത്താനാകുന്നില്ലെന്നും റിപ്പോർട്ട് കണ്ടെത്തി. 'United Nations World Water Development Report 2023: partnerships and cooperation for water' എന്ന റിപ്പോർട്ടിൽ പറയുന്നത് ഏഷ്യയിലെ 80 ശതമാനം ജനങ്ങളും ജലലഭ്യതയെക്കുറിച്ചുള്ള ആശങ്കയുമായി ജീവിക്കുന്നവരാണ് എന്നാണ്. വടക്കുകിഴക്കൻ ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലുള്ളവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
'അനിശ്ചിതത്വം വർധിക്കുകയാണ്' ഐക്യരാഷ്ട്രസഭ പറയുന്നു
'ജലലഭ്യതയിലെ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമാണ്. ജലം നമ്മുടെ പൊതു ഭാവിയാണ്, അത് തുല്യമായി പങ്കിടുന്നതിനും സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്'. യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു.
ജലം സംബന്ധിച്ച അനിശ്ചിതത്വം ലോകത്ത് വർധിക്കുകയാണ് എന്നാണ് റിപ്പോർട്ടിന്റെ എഡിറ്റർ-ഇൻ-ചീഫ് റിച്ചാർഡ് കോണർ അഭിപ്രായപ്പെട്ടത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ഒരു ആഗോള പ്രതിസന്ധി ഉണ്ടാകും. വർദ്ധിച്ചുവരുന്ന ക്ഷാമം ജലഉപഭോഗത്തിന്റെ അളവ് കൂടിയതിനെയും പ്രതിഫലിപ്പിക്കുന്നു. നഗരമേഖലയിലെ വ്യാവസായികാവശ്യത്തിനു മുതൽ കാർഷികമേഖലയിലെ ദൈനംദിന ഉപയോഗത്തിനു വരെ ആകെ ലഭ്യതയുടെ 70 ശതമാനവും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
മനുഷ്യരാശിയുടെ ജീവരക്തമാണ് ജലം. അതിജീവനത്തിന് അത് അത്യന്താപേക്ഷിതവുമാണ്. ജനങ്ങളുടെ ആരോഗ്യം, പ്രതിരോധം, നാടിന്റെ വികസനം, സമൃദ്ധി എന്നിവയെ എല്ലാം ജലം ഒരുപോലെ പിന്തുണയ്ക്കുന്നു. മനുഷ്യരാശി അപകടകരമായ പാതയിലൂടെ അന്ധമായി സഞ്ചരിക്കുകയാണ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇന്ത്യയിൽ സംഭവിക്കുന്നത്
രാജ്യത്ത് 91 ദശലക്ഷം ആളുകൾ ശുദ്ധമായ കുടിവെള്ളം കിട്ടാത്തവരാണെന്നാണ് കണക്കുകൾ പറയുന്നത്. 74.6 കോടി ജനങ്ങൾ ഗാർഹികാവശ്യങ്ങൾക്കായി ശുദ്ധജലം ലഭിക്കാത്തവരാണ്. ഇന്ത്യയിൽ കാർഷികമേഖലയിലാണ് ഏറ്റവുമധികം ജലഉപഭോഗം നടക്കുന്നത്. ഗ്രാമീണമേഖലകളിൽ 80 മുതൽ 90 ശതമാനം ജനങ്ങളും വെള്ളത്തിനായി ആശ്രയിക്കുന്നത് ഭൂഗർഭജലസ്രോതസുകളെയാണ്. ഇതിലധികവും ഉപയോഗിക്കപ്പെടുന്നത് കാർഷികാവശ്യങ്ങൾക്കാണ്. ഇവിടെയാണ് ഒരു പ്രധാനപ്രശ്നം നേരിടേണ്ടിവരുന്നത്. 2007നും 2017നുമിടയിൽ തന്നെ ഇന്ത്യയിലെ ഭൂഗർഭജലസ്രോതസുകളുടെ എണ്ണത്തിൽ 60 ശതമാനത്തിലധികം കുറവ് വന്നിരുന്നു. മുന്നോട്ടുപോകുന്തോറും ഈ കണക്ക് കൂടുതൽ സങ്കീർണമാകുകയാണ്.
ജലത്തിനായി കർഷകർ ആശ്രയിക്കുന്ന മറ്റൊരു പ്രധാന സ്രോതസ് മഴയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന, മഴപ്പെയ്ത്തിലെ ക്രമംതെറ്റലുകൾ നിലവിൽ വലിയ വെല്ലുവിളിയാണ്. കാലംതെറ്റിപെയ്യുന്ന മഴ വെള്ളം ദീർഘകാലത്തേക്ക് സംഭരിക്കാനുള്ള സാധ്യതയും പലയിടങ്ങളിലും വിരളമാണ്. കുടിവെള്ളത്തിന്റെ കാര്യത്തിലേക്ക് വന്നാൽ, ജലമലിനീകരണമാണ് ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധി. ഇത് ആരോഗ്യമേഖലയിലും വെല്ലുവിളിയാകുന്നുണ്ടെന്ന് മറന്നുകൂടാ. രാജ്യത്തിന്റെ 36 ശതമാനം വരുന്ന ജനസംഖ്യയാണ് നഗരങ്ങളിൽ താമസിക്കുന്നത്. എന്നാൽ, ഇവിടങ്ങളിലെ ജലമലിനീകരണ തോത് 70 ശതമാനത്തിനും മേലെയാണ് എന്നാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യയിൽ ജലസ്രോതസ്സുകളെ പൊതുവിടങ്ങളായി മാത്രമാണ് കണക്കാക്കുന്നത്. സാമ്പത്തികമൂല്യമുള്ളതും ഉപഭോഗത്തിന് വില നൽകേണ്ടതായും ഉള്ള ഒരു സാമ്പത്തിക വിഭവമായി ഇവയെ കണക്കാക്കുന്നില്ല. മഴ പെയ്യുന്തോറും നമ്മുടെ ജലസ്രോതസുകൾ നിറയുമെന്ന തെറ്റായ വിശ്വാസത്തിലാണ് നാം ഇപ്പോഴും ജലം കണക്കില്ലാതെ ഉപയോഗിക്കുന്നത്. ആളോഹരി അടിസ്ഥാനത്തിൽ, ജലലഭ്യത കുറഞ്ഞുവരികയാണ് എന്ന വസ്തുത കണക്കിലെടുക്കുന്നതേയില്ല. 2001-ൽ 1,816 ക്യുബിക് മീറ്ററായിരുന്നു ആളോഹരി ജലലഭ്യത. 2011-ൽ ഇത്1,546ആയി. 2021ൽ ഇത് 1,367 ക്യുബിക് മീറ്ററായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇവിടുത്തെ ജലപ്രതിസന്ധി വലുതും സങ്കീർണ്ണവുമാണ്. 2019ൽ ജലശക്തി മന്ത്രാലയം രൂപീകരിച്ചതിലൂടെ, ഇന്ത്യയുടെ ജല വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ജലപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വകുപ്പുകളെയും മന്ത്രാലയങ്ങളെയും ഏകീകരിക്കാനുമാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചത്. എന്നാൽ, ഇത് പൂർണതോതിൽ ഫലവത്തായില്ല എന്നതാണ് നാല് വർഷങ്ങളിലെ കണക്കുകളും രേഖകളും തെളിയിക്കുന്നത്. താഴേത്തട്ടിലുള്ള വകുപ്പുകളുടെ ബാഹുല്യം സംയോജിത വീക്ഷണത്തിനും സുസ്ഥിരമായ പരിഹാരങ്ങൾക്കും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. 2024 കഴിയുമ്പോഴേക്ക് എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാനുള്ള സർക്കാർ പദ്ധതികളും നിലവിൽ എങ്ങുമെത്താത്ത അവസ്ഥയിലാണുള്ളത്.
ഉപയോഗിക്കപ്പെടാതെ പോകുന്ന ജലസ്രോതസുകൾ
രാജ്യം ജലലഭ്യതയിൽ നേരിടുന്ന മറ്റൊരു വെല്ലുവിളി എല്ലാ ജലസ്രോതസുകളും വേണ്ടരീതിയിൽ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ്. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ “State of India’s Environment 2023 in Figures” എന്ന റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ 16 ശതമാനം ജലസ്രോതസുകളും ഉപയോഗയോഗ്യമല്ല എന്നതാണ്. വരൾച്ച, നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ, ജലത്തിൽ ലവണാംശം കൂടുന്നത്, വ്യാവസായിക മേഖലയുടെ സ്വാധീനം മൂലമുണ്ടാകുന്ന മലിനീകരണം എന്നിവയൊക്കെ ജലസ്രോതസുകൾ ഉപയോഗിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നതായി റിപ്പോർട്ട് പറയുന്നു.
ഇത്തരത്തിൽ ജലസ്രോതസുകളെ വേണ്ടവിധത്തിൽ ഉപയോഗിക്കാനാവാതെ പോകുന്നതിൽ മുൻപന്തിയിലുള്ള ഇടങ്ങൾ കർണാടക, ഡൽഹി, മധ്യപ്രദേശ്, പഞ്ചാബ്, ബിഹാർ, തമിഴ്നാട്, പുതുച്ചേരി, ഹരിയാന എന്നിവയാണ്. ആകെയുള്ള കണക്കിന്റെ 40 ശതമാനവും ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശത്തുമാണുള്ളത്. കർണാടകയിലും ഡൽഹിയിലും നഗരപ്രദേശങ്ങളിൽ ഒരു ജലസ്രോതസു പോലും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഈ സംസ്ഥാനങ്ങളിലും മധ്യപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സമാനസ്ഥിതി ഉണ്ട്. ജലസ്രോതസുകളിൽ 50 ശതമാനമോ അതിലധികമോ ഉപയോഗയോഗ്യമല്ല എന്നാണ് കണക്ക്. കർണാടകത്തിലാകട്ടെ ഗ്രാമീണമേഖലയിൽ ആകെയുള്ള 27,013 ജലസ്രോതസുകളിൽ 5878 എണ്ണം മാത്രമാണ് ഉപയോഗയോഗ്യമായത്, അതായത് 78 ശതമാനം മാത്രം.
പരിഹാരമുണ്ടാകുമോ?
കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭസ്രോതസുകളിൽ നിന്നുള്ള അമിതമായ ജലചൂഷണം, മലിനീകരണം ,വനനശീകരണം, ശാസ്ത്രീയമായ ജലസംരക്ഷണ മാർഗങ്ങളുടെ അഭാവം തുടങ്ങിയവയെല്ലാം ജലദൗർലഭ്യത്തിന് കാരണങ്ങളാണ്. ഇവയൊക്കെ പരിഹരിച്ച് മുന്നോട്ടുപോയെങ്കിൽ മാത്രമേ ഭാവിയിലെ ജലക്ഷാമം നേരിടാൻ നമുക്ക് കഴിയൂ. എല്ലാത്തിനും പരിഹാരം കാണാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും ഭാവിയിലേക്കുള്ള കരുതലിനായി ചെയ്യാനാവുന്ന കാര്യങ്ങളുണ്ട്. ജലം സൂക്ഷിച്ച് ഉപയോഗിക്കുക എന്നത് തന്നെയാണ് പ്രധാനകാര്യം. സാമ്പത്തികമൂല്യമുള്ളതും ഉപഭോഗത്തിന് വില നൽകേണ്ടതായും ഉള്ള ഒന്നായി ജലത്തെ പരിഗണിച്ചാൽ തന്നെ ഒരുപരിധി വരെ മാറ്റമുണ്ടാക്കാനാവും. മഴ പെയ്യുന്തോറും നമ്മുടെ ജലസ്രോതസുകൾ നിറയുമെന്ന തെറ്റിദ്ധാരണ ഇനിയും വച്ചുപുലർത്തരുത്. ജലസ്രോതസുകൾ മലിനമാകാതെ സൂക്ഷിക്കേണ്ടതും ഇവയെ കൃത്യമായി വിനിയോഗിക്കേണ്ടതും ഭാവിയിലേക്കുള്ള കരുതലാണെന്ന് മറന്നുകൂടാ.