പേപ്പർ ബാഗുകൾ നിറയട്ടെ, പ്ലാസ്റ്റിക് കവറുകളോട് പറയാം ബൈ ബൈ..!

ഇതുവരെ പേപ്പർ ബാഗിലേക്ക് മാറിയിട്ടില്ലാത്തവർക്ക് ഇന്ന് തന്നെ തുടങ്ങാം, ഇന്നാണ് പേപ്പർ ബാഗ് ഡേ!

dot image

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനിറങ്ങുമ്പോൾ കൈയ്യിലൊരു പേപ്പർ ബാഗ് കരുതിയാലോ. കടയിൽ നിന്ന് നൽകുന്ന പ്ലാസ്റ്റിക് കവറുകളോട് നോ പറഞ്ഞുകൊണ്ട് ഓരോ വീട്ടിൽ നിന്നും പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം കുറച്ചാലോ! പേപ്പർ ബാഗുകളെ പ്രോത്സാഹിപ്പിക്കുന്നതുവഴി പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയുമെങ്കിൽ എന്തിന് മടിക്കണം. ഇതുവരെ പേപ്പർ ബാഗിലേക്ക് മാറിയിട്ടില്ലാത്തവർക്ക് ഇന്ന് തന്നെ തുടങ്ങാം, ഇന്നാണ് പേപ്പർ ബാഗ് ഡേ.

എന്തിന് പേപ്പർ ബാഗിലേക്ക് മാറണം

1. പരിസ്ഥിതി സൗഹൃദമാണ് പേപ്പർ ബാഗുകൾ

പേപ്പർ ബാഗുകൾ പ്ലാസ്റ്റിക് കവറുകളെപ്പോലെയല്ല, അവ മണ്ണിൽ എളുപ്പത്തിൽ ലയിച്ച് ചേരും. വീണ്ടും വീണ്ടും ഉപയോഗിക്കുകയും റീസൈക്കിൾ പ്ലാന്റിലേക്കയച്ച് പുനരുപയോഗിക്കുകയും ചെയ്യാം. അഞ്ച് മുതൽ ഏഴ് തവണ വരെ പേപ്പർ ബാഗുകൾ റീസൈക്കിൾ ചെയ്യാം. പ്ലാസ്റ്റിക് ബാഗുകളെ അപേക്ഷിച്ച് റീസൈക്കിൾ ചെയ്യാനും എളുപ്പം പേപ്പർ ബാഗുകളാണ്.

2. മാലിന്യത്തിന്റെ അളവ് കുറയ്ക്കാം

പെട്ടന്ന് മണ്ണിൽ ലയിക്കുമെന്നതിനാൽ പേപ്പർ ബാഗുകൾ നശിപ്പിക്കാൻ നിരവധി പ്രക്രിയകളിലൂടെ കടന്നുപോകേണ്ട. ദിവസങ്ങൾകൊണ്ട് നശിക്കുന്നതിനാൽ ദിനം പ്രതി വലിച്ചെറിയുന്ന മാലിന്യങ്ങൾ കുന്നുകൂടിയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാം.

3. പേപ്പർ ബാഗുകളെ പ്രോത്സാഹിപ്പിക്കാം

പേപ്പർ ബാഗ് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഇത് മാലിന്യ പ്രതിസന്ധിയെ ചെറുക്കാൻ ചെറിയ അളവിലെങ്കിലും സഹായിക്കും. ഇതുവഴി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ ആവശ്യകത ബോധവൽക്കരിക്കാം. നമ്മുടെന്ന ചുവടുകൾ മറ്റുള്ളവർക്കും പിന്തുടരാൻ പ്രചോദനമാകട്ടെ.

സ്ട്രോംഗ് സ്ട്രോംഗ്

പ്ലാസ്റ്റിക് കവറുകൾക്ക് സമാനമായി ഇപ്പോൾ പേപ്പർ ബാഗുകളും പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ലഭ്യമാണ്. ഇന്ന് പാർട്ടി ബാഗ് മുതൽ പലചരക്ക് ബാഗുകളും ഗിഫ്റ്റ് ബാഗുകളും വരെ മാർക്കറ്റിൽ സുലഭമാണ്. അവ ബലമുള്ളതും എന്നാൽ താരതമ്യേനെ വില കുറഞ്ഞതുമാണ്.

ബ്രാൻഡ് ബിൽഡിംഗിനും പേപ്പർ ബാഗുകൾ

പരിസ്ഥിതി സൗഹൃദ മുദ്രാവാക്യങ്ങളും ചിത്രങ്ങളുമടങ്ങിയ ബാഗുകൾ അതത് കമ്പനികളുടെ ലോഗോയോടുകൂടി വിതരണം ചെയ്യപ്പെടുന്നുണ്ട്. തങ്ങളുടെ കമ്പനികൾ പരിസ്ഥിതി സൗഹൃദ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പുറം ലോകത്തെത്തിക്കുന്നതുവഴി ബ്രാന്റ് ബിൽഡിംഗിനായും അങ്ങനെ പേപ്പർ ബാഗുകളെ ഉപയോഗിക്കുന്നു.

ഒരൽപ്പം ചരിത്രം

പേപ്പർ ബാഗുകളുടെ ഉപയോഗത്തിന്റെ തുടക്കം 19ാം നൂറ്റാണ്ടിലാണ്. 1852 ൽ ഫ്രാൻസിസ് വൊലെ പേപ്പർ ബാഗ് മെഷീൻ കണ്ടുപിടിച്ചു. വൊലെയുടെ കണ്ടുപിടിത്തം പേപ്പർ ബാഗുകൾ വലിയ അളവിൽ നിർമ്മിക്കാനുള്ള വഴി തുറന്നു. ഇതോടെ സാധനങ്ങളുടെ പാക്കിംഗിന് പ്രതിവിധിയുമായി. എന്നാൽ 20ാം നൂറ്റാണ്ടിൽ പ്ലാസ്റ്റിക് ബാഗുകൾ പ്രചാരത്തിലെത്തിയതോടെ പേപ്പർ ബാഗുകളുടെ ജനപ്രിയത കുറഞ്ഞു. ചെലവ് കുറച്ച് നിർമ്മിക്കാമെന്നതും ഉപഭോക്തൃ സൗഹൃദമാണെന്നതും പ്ലാസ്റ്റിക്കിന് ആളുകൾക്കിടയിൽ സ്വീകാര്യത കൂട്ടി. എന്നാൽ പിന്നീട് പ്ലാസ്റ്റിക് പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്ന തിരിച്ചറിവിൽ പേപ്പർ ബാഗിലേക്ക് മടങ്ങാൻ ലോകം തയ്യാറായി.

1999 ൽ സാൻഫ്രാൻസിസ്കോ ലോകത്താദ്യമായി ഗ്രോസറി ഷോപ്പുകളിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു. പിന്നീട് പല രാജ്യങ്ങളും ഈ പാത പിന്തുടർന്ന് ഏറ്റവും ദോഷകരമായ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു. തുണി സഞ്ചികളെയും പേപ്പർ ബാഗുകളെയും പകരക്കാരായി കണ്ടുതുടങ്ങി. പ്ലാസ്റ്റിക് ബാഗിന് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ട് ലോകമെമ്പാടും ജൂലൈ 12 പേപ്പർ ബാഗ് ഡേ ആയി ആചരിക്കുന്നു. നമുക്കും പേപ്പർ ബാഗുകൾ ഉപയോഗിക്കാം, കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മോചനം നേടാം...

dot image
To advertise here,contact us
dot image