രാജ്യത്ത് തക്കാളി മുതൽ ഇഞ്ചി വരെയുള്ള പച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. തൊട്ടാൽ പൊള്ളുന്ന വില കാരണം ആളുകൾ പല പച്ചക്കറികൾക്കും പകരക്കാരെ തേടിയിറങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. എന്തുകൊണ്ട് പച്ചക്കറികൾക്ക് ഇങ്ങനെ വിലകൂടുന്നു. കാലാവസ്ഥാ വ്യതിയാനവും തക്കാളി വിലയും തമ്മിലെന്താണ് ബന്ധം?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെയ്, ജൂൺ മാസങ്ങളിൽ കടുത്ത ഉഷ്ണ തരംഗമാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്. ഓരോ വർഷവും ചൂട് കുറയുകയല്ല, മറിച്ച് നേരത്തേയെത്തുകയും കൂടുതൽ ശക്തമാവുകയുമാണ്. ഇന്ത്യയുടെ കാർഷിക മേഖലയെ വലിയ തോതിലാണ് ഈ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത്. വേനൽക്കാലത്ത് തക്കാളി കൃഷിക്ക് അനുയോജ്യമായ വളരെ കുറച്ച് സ്ഥലങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്, അത് പ്രധാനമായും ദക്ഷിണേന്ത്യയിലാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നം ഈ പ്രദേശങ്ങളിലുണ്ടായാലും രാജ്യവ്യാപകമായി തക്കാളി വിതരണത്തെ ബാധിക്കും.
അതിശക്തമായ മഴയും കൊടും ഉഷ്ണ തരംഗവുമായിരുന്നു ഈ വേനൽക്കാലത്ത് രാജ്യം നേരിട്ടത്. ഏപ്രിൽ മുതൽ ജൂൺ വരെയുണ്ടായ തുടർച്ചയായ ഉഷ്ണ തരംഗം തക്കാളി പൂവിടുന്നതിനെ ബാധിച്ചുവെന്ന് ഇന്ത്യയിലെ പച്ചക്കറി കർഷക അസോസിയേഷൻ പ്രസിഡന്റ് ശ്രീറാം ഗാഡ്വെ സിഎൻഎന്നിനോട് പറഞ്ഞു. ഇതുവഴി പച്ചക്കറിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. 90 ശതമാനം തക്കാളികൾക്കും സീഡ് ബോൺ വൈറസ് ബാധയുണ്ടായി. ഇതോടെ തക്കാളിയുടെ ലഭ്യത കുറഞ്ഞു. എല്ലാ വർഷവും ഇതെല്ലാം സംഭവിക്കാറുണ്ടെങ്കിലും ഇത്രയും ഭീകരമായൊരു അവസ്ഥ ഇതാദ്യമാണ്. എന്നാൽ ഈ അവസ്ഥ പതിയെ മാറും. ആഴചകൾക്കുള്ളിൽ തക്കാളി കൃഷിയുടെ അടുത്ത ഘട്ട വിളവെടുപ്പാകും. ഇതോടെ തക്കാളിയുടെ വില കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലുണ്ടായ ഉഷ്ണ തരംഗത്തിൽ ഡൽഹിയിലനുഭവപ്പെട്ടത് 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂടാണ്. ഏഴ് ദിവസം തുടർച്ചയായി ഈ താപനിലയാണ് രാജ്യ തലസ്ഥാനത്ത് അനുഭവപ്പെട്ടത്. ചൂട് സഹിക്കാനാവുന്നതിലുമപ്പുറമായതോടെ ചില സംസ്ഥാനങ്ങളിൽ സ്കൂളുകളടച്ചു, വിള നശിച്ചു, ഊർജ്ജ വിതരണം താറുമാറായി, ആളുകളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമെറ്റ് ചേഞ്ച് (ഐപിസിസി) പ്രകാരം കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.