കൊടും ചൂട്, അല്ലെങ്കിൽ പെരുമഴ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലെ അവസ്ഥയിതാണ്. ഉഷ്ണതരംഗത്തെ തുടർന്ന് റെക്കോർഡ് ചൂടാണ് ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ അനുഭവപ്പെടുന്നത്. ഞായറാഴ്ച ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീയും പടർന്നുപിടിക്കുന്നു. ആഗോള താപനത്തിന്റെ ഫലമായ ഉഷ്ണതരംഗം ലോകത്തെ പൊള്ളിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ചില സ്ഥലങ്ങൾ കനത്ത മഴയെ തുടർന്ന് പ്രളയഭീഷണയിലുമാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ചൂടാണ് ഇറ്റലിയിൽ അനുഭവപ്പെടുന്നത്. റോം, ബൊളൊഗ്ന അടക്കം 16 നഗരങ്ങളിൽ ആരോഗ്യവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റോമിലെ ചൂട് 40 ഡിഗ്രി സെൽഷ്യന് മുകളിലെത്തി. 2007 ലെ റെക്കോർഡ് തകർക്കുന്നതാണ് റോമിലെ നിലവിലെ ചൂടെന്നാണ് റിപ്പോർട്ടുകൾ. 42 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയാണ് നഗരത്തിൽ ഒടുവിൽ അനുഭവപ്പെട്ട താപനില. സിസിലിയിലും സർദിനിയയിലും ചൂട് 48 ഡിഗ്രി സെൽഷ്യസിലെത്തി. പ്രധാന വിനോദ നഗരങ്ങളായ ഏഥൻസ്, റൊമാനിയ, സ്പെയിൻ എന്നിവിടങ്ങളിലും ചൂടിന് കുറവില്ല.
തെക്ക്, പടിഞ്ഞാറൻ അമേരിക്കയിൽ എട്ട് കോടി ജനങ്ങളെയാണ് ഉഷ്ണതരംഗം ബാധിച്ചിരിക്കുന്നത്. കടുത്ത ചൂട് അനുഭവപ്പെടാമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലിഫോര്ണിയ മുതല് ടെക്സസ് വരെ പകൽ സമയങ്ങളിലെ ചൂട് 45 ഡിഗ്രി സെല്ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. കൊടും ചൂടിനാൽ പ്രസിദ്ധമായ, കാലിഫോർണിയയിലെ ഡെഡ് വാലിയിൽ താപനില 54 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് കരുതുന്നത്. ഈ പ്രദേശങ്ങൾ കാട്ടുതീയിലും വലയുകയാണ്. 7,500 ഓളം ഏക്കറിൽ തീപടർന്നതോടെ ജനങ്ങളെ പുനരധിവസിപ്പിക്കേണ്ടിയും വന്നു. ഫീനിക്സില് 16 ദിവസവമായി തുടർച്ചയായി 43 ഡിഗ്രി സെല്ഷ്യസാണ് താപനില. തെക്കന് കാലിഫോര്ണിയയില് കാട്ടുതീ പടരുകയാണ്. റിവര്സൈഡ് കൗണ്ടിയില് മാത്രം 3,000 ഹെക്ടര് കാട് കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. കാനഡയിലെ കാട്ടുതീയില് ഈവര്ഷം ഇതുവരെ ഒരു കോടി ഹെക്ടര് കാട് കത്തി നശിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കടുത്ത ചൂട് അനുഭവപ്പെട്ട് തുടങ്ങിയതോടെ ജപ്പാനിൽ ലക്ഷക്കണക്കിനാളുകൾക്ക് മുന്നറിയിപ്പ് നൽകി. ഉഷ്ണ തരംഗത്തിൽ ജീവഹാനി വരെയുണ്ടാകാമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകുന്നുണ്ട്. രാജ്യത്ത് താപനില 2018ലെ 41.1 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് മറികടന്നേക്കാമെന്ന് വ്യക്തമായതോടെയാണ് മുന്നറിയിപ്പ്. എന്നാൽ ചില ഭാഗങ്ങളിൽ ശക്തമായ മഴയും തുടരുന്നുണ്ട്. ജപ്പാന്റെ ഉത്തര മേഖലകൾ പ്രളയത്തിലാണ്. ചൈനയിൽ ഞായറാഴ്ച വിവിധ ഭാഗങ്ങളിൽ താപനില മുന്നറിയിപ്പ് നൽകി. ക്സിൻജിയാങ്ങിൽ താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ കടക്കുമെന്നാണ് കരുതുന്നത്. ഗ്വാങ്സി മേഖലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം ഏഷ്യൻ രാജ്യങ്ങളെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്. കൊടുംചൂടിന് പുറമെ, ഏഷ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ദക്ഷിണ കൊറിയയിൽ ശക്തമായ മഴയാണ്. മണ്ണിടിഞ്ഞുവീണുള്ള ദുരന്തങ്ങളും പലിയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴക്കെടുതിയിൽ 37 പേരാണ് രാജ്യത്ത് മരിച്ചത്. നിരവധി പേരെ കാണാനില്ല. ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല. ഉത്തരേന്ത്യയിൽ തുടരുന്ന ശക്തമായ മഴയിൽ ഇതുവരെ 90 ഓളം പേരാണ് മരിച്ചത്. ദില്ലിയിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഹിമാചൽ പ്രദേശും മഴക്കെടുതിയിൽ വലയുകയാണ്. 5,000 കോടിയിലേറെ നാശനഷ്ടമാണ് ഹിമാചലിൽ ഉണ്ടായിരിക്കുന്നത്.