കാലാവസ്ഥയിലെ പ്രതികൂല മാറ്റങ്ങൾ മൂലം കർഷകര്ക്കുണ്ടായ ദുരിതത്തിന്റേയും നഷ്ടത്തിന്റേയും റിപ്പോര്ട്ടുകള്ക്കിടെ തക്കാളിയിലൂടെ കോടികൾ സ്വന്തമാക്കിയ ഒരു കര്ഷകന്റെ ജീവിതം വേറിട്ട കഥയാകുന്നു. തെലങ്കാനയിലെ കൗഡിപ്പള്ളി ഗ്രാമത്തില് നിന്നുള്ള നാല്പതുകാരനായ ബി മഹിപാല് റെഡ്ഡി എന്ന കർഷകൻ തക്കാളി കൃഷിയിലൂടെ ഒരുമാസം കൊണ്ട് സ്വന്തമാക്കിയത് 1.8 കോടി രൂപയാണ്!
പത്താം ക്ലാസിന് ശേഷം പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുകയായിരുന്നു റെഡ്ഡി. ആദ്യം നെൽകൃഷിയായിരുന്നു, പ്രതീക്ഷിച്ച ആദായം നൽകാത്തതിനാൽ അത് കൂടുതൽ ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് മറ്റു വിളകൾ കൃഷി ചെയ്യാൻ ആരംഭിച്ചത്. നൂറ് ഏക്കറോളമുള്ള ഭൂമിയില് 40 ഏക്കറിലായി ഏകദേശം നാല് വര്ഷം മുമ്പാണ് റെഡ്ഡി പച്ചക്കറികളും തക്കാളിയും കൃഷി ചെയ്യാന് തുടങ്ങിയത്. ഏക്കറിന് രണ്ട് ലക്ഷം മുടക്കിയാണ് കൃഷി ചെയ്യുന്നത്. ആദ്യ വിളയില് തന്നെ ലാഭം ലഭിക്കില്ലെന്നും കുറച്ചു സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി രീതികള് നല്ലതാണെങ്കില് കര്ഷകര്ക്ക് ഒരു സാധാരണ സീസണില് വളരെ നല്ല ആദായം ലഭിക്കും. ഇത്തവണ നല്ല വിളവുണ്ടായിരുന്നുവെന്നും റെഡ്ഡി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ഉയര്ന്ന വിലയും തക്കാളിയുടെ ലഭ്യതക്കുറവും റെഡ്ഡിയ്ക്ക് ദൈവാനുഗ്രമാവുകയായിരുന്നു. ഹൈദരാബാദിലെ തക്കാളിയുടെ വിടവ് നികത്താന് റെഡ്ഡിക്ക് സാധിച്ചു. ഏകദേശം 7,000 പെട്ടി തക്കാളിയാണ് റെഡ്ഡി ഈ കാലയളവിൽ വിറ്റത്. ഒരോന്നും 25 കിലോയില് കൂടുതല് ഉണ്ടായിരുന്നു. തക്കാളിയുടെ വില സ്ട്രാറ്റോസ്ഫിയറില് എത്തിയതോടെ ഉത്പന്നങ്ങള്ക്ക് കിലോയ്ക്ക് 100 രൂപയിലധികമായാണ് ലഭിച്ചത്.
മഴക്കെടുതിയില് ചെറിയ വിള നാശങ്ങള് ഉണ്ടായേക്കാമെങ്കിലും സീസണ് കാലയളവില് രണ്ട് കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് കര്ഷകന് പറയുന്നത്. എട്ട് ഏക്കര് ഭൂമിയില് ഏപ്രില് 15-ാം തീയതിയാണ് കൃഷി ചെയ്യാന് തുടങ്ങിയത്. കാലാവസ്ഥാ മാറ്റങ്ങളില് നിന്ന് വിളകളെ സംരക്ഷിക്കുന്നതിനായി വലകള് ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ തൻ്റെ വിളകള്ക്ക് എ ഗ്രേഡ് ആയിരുന്നുവെന്നാണ് കര്ഷകൻ്റെ വാദം. ഇപ്പോഴും കൃഷിയിടത്തില് നാല്പ്പത് ശതമാനം വിളവുണ്ടെന്നും റെഡ്ഡി കൂട്ടിച്ചേര്ത്തു. നൂറ് ഏക്കറിലെ ബാക്കി വരുന്ന കൃഷിയിടം നെല്ല് കൃഷിക്കായാണ് റെഡ്ഡി ഇപ്പോഴും ഉപയോഗിക്കുന്നത്. നെല്ല് കൃഷികളിലും ഉയർച്ചയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Courtesy: TimesOfIndia