ഇന്ന് ലോക കടുവാ ദിനം

വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആഹാരം ലഭിക്കാതാകുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നു

dot image

ഇന്ന് ലോക കടുവ ദിനം. കടുവയെ സംരക്ഷിക്കാനും അവയുടെ ആവാസവ്യവസ്ഥ നിലനിർത്താനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ലോക കടുവ ദിനാഘോഷത്തിന്റെ ആരംഭം. കടുവകളെ സംരക്ഷിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികളും ഈ ദിവസം ചർച്ച ചെയ്യേണ്ടതുണ്ട്. വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആഹാരം ലഭിക്കാതാകുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നു.

കടുവയുടെ എല്ലുകൾ, തോൽ, മറ്റ് ശരീരാവയവങ്ങൾ എന്നിവയ്ക്ക് അനധികൃത വിപണിയിൽ ആവശ്യക്കാരുള്ളതാണ് വേട്ടയാടലിലേക്കും കള്ളക്കടത്തിലേക്കും നയിക്കുന്നത്. ഇതുവഴി കടുവകളുടെ വംശനാശം വേഗത്തിലാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടൊപ്പം ലോകത്താകമാനം കടുവകളുടെ ആവാസവ്യവസ്ഥ ക്രമാതീതമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വികസനത്തിന്റെ പേരിലുള്ള വനഭൂമി കൈയ്യേറ്റം, കൃഷി, തുടങ്ങിയവ ഇതിന് ആക്കം കൂട്ടുന്നു.

ലോകത്തെയാകമാനം കടുവകളിൽ 70 ശതമാനം കടുവകളും ഇന്ത്യയിലാണെന്നാണ് കണ്ടെത്തൽ. 50 വർഷം മുമ്പ് 1973 ൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം വെറും 268 ആയിരുന്നു. എന്നാൽ 2022 ൽ നടത്തിയ സെൻസസിൽ എണ്ണം 3167 ആയതായി കണ്ടെത്തി. കടുവകളുടെ എണ്ണം കൂടുന്നത് ഒരേ സമയം ആഘോഷിക്കേണ്ടതും ആശങ്കപ്പെടേണ്ടതുമായ വിഷയമാണെന്ന് ലോക കടുവ ദിനത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം, ആഹാര ലഭ്യതക്കുറവ്, വനവിസ്തൃതി കുറയുന്നത്, വനനയങ്ങളിലെ മാറ്റം എന്നിവ ഈ നേട്ടത്തെ ഇല്ലാതാക്കാൻ പോന്നതാണെന്നും വിദഗ്ധർ പറയുന്നു.

കേരളത്തിൽ നിലവിൽ വയനാട്, കണ്ണൂർ മേഖലകൾ ചേർന്ന ഭൂപ്രദേശത്ത് 84 കടുവകളുണ്ടെന്നാണ് സെൻസസ് പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 29 ആൺ കടുവകളെയും 47 പെൺകടുവകളെയുമാണ് കണ്ടെത്തിയത്. എട്ട് കടുവകളുടെ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ വയനാട് മാത്രമാണ് കടുവ സെൻസസ് നടന്നത്. 2018ലെ കണക്കെടുപ്പിൽ 120 കടുവകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും കൂട്ടായ്മയായ ഗ്ലോബൽ ടൈഗർ ഇനിഷിയേറ്റീവ് (GTI) 2010 ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ സംഘടിപ്പിച്ച ടൈഗർ ഉച്ചകോടിയിലാണ് ആദ്യമായി ലോക കടുവ ദിനം ആചരിച്ചത്. ആഗോള തലത്തിൽ കടുവകളുടെ എണ്ണം കുറയുന്നതിൽ അന്ന് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. കടുവകളുടെ ആവാസമേഖലയെ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമെന്ന് രാജ്യങ്ങൾ വിലയിരുത്തി. അങ്ങനെ ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. വരും തലമുറയ്ക്കായി ഈ വൈവിധ്യങ്ങളെ നിലിനർത്താൻ കടുവകളുടെ സംരക്ഷണവും പ്രധാനമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.

dot image
To advertise here,contact us
dot image