ഭോപ്പാല്: മധ്യപ്രദേശിലെ കുനോ ദേശീയ പാര്ക്കില് ഒരു ചീറ്റ കൂടി ചത്തു. മൂന്ന് കുഞ്ഞുങ്ങളുള്പ്പെടെ ഇത് ഒന്പതാമത്തെ ചീറ്റയാണ് കുനോയില് ചത്തത്. ധാത്രി എന്നു വിളിക്കപ്പെടുന്ന ടിബിലിസി എന്ന പെണ്ചീറ്റയെയാണ് ചത്ത നിലയില് കണ്ടെത്തിയത്. 2020 ഏപ്രിലില് നമീബിയയിലെ എറിണ്ടി പ്രൈവറ്റ് ഗെയിം റിസേര്വിലായിരുന്നു ധാത്രിയുടെ ജനനം.
ധാത്രിയെ നിരീക്ഷിക്കാനും ആവശ്യമായ പരിചരണങ്ങള് നല്കാനും കഴിഞ്ഞ രണ്ട് ആഴ്ചയായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല് കോളര് സിഗ്നല് ലഭിക്കാത്തതിനാല് ചീറ്റയെ കൃത്യമായി ലൊക്കേറ്റ് ചെയ്യാന് കഴിഞ്ഞിരുന്നില്ല.
ജൂലൈയില് ദക്ഷിണാഫ്രിക്കയില് നിന്ന് കൊണ്ടുവന്ന സുരാജ് എന്ന ആണ്ചീറ്റ ചത്തിരുന്നു. ഇതിന് ദിവസങ്ങള്ക്കു മുന്പാണ് തേജസ് എന്ന ആണ് ചീറ്റയെ ചത്ത നിലയില് കണ്ടെത്തിയത്.
ഈ വര്ഷം മാര്ച്ചില് ജ്വാല എന്ന പെണ്ചീറ്റ നാലു കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയിരുന്നു. ഇതില് മൂന്നെണ്ണവും മെയ് മാസത്തില് നിര്ജ്ജലീകരണം മൂലം ചത്തിരുന്നു. നമീബിയയില് നിന്നെത്തിച്ച സിയായ 2022 സെപ്തംബറിലും സാക്ഷ കിഡ്നി തകരാറിനെ തുടര്ന്ന് മാര്ച്ചിലും ദക്ഷിണാഫ്രിക്കയിയില് നിന്നുള്ള ഉദയ് ഏപ്രിലിലും ചത്തിരുന്നു. ഇണചേരാനുള്ള ശ്രമത്തിനിടയില് മെയ് മാസത്തില് ദക്ഷയെന്ന ചീറ്റയും ചത്തു.
അഞ്ച് ആണ്, മൂന്ന് പെണ് ചീറ്റകള് ഉള്പ്പെടെ നമീബിയയില് നിന്നെത്തിച്ച എട്ടു ചീറ്റകളെ 2022 സെപ്തംബര് 17നാണ് കുനോയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. 2023 ഫെബ്രുവരി 12ന് ദക്ഷിണാഫ്രിക്കയില് നിന്നും എത്തിച്ച 12 ചീറ്റകളെയും കുനോയില് തുറന്നുവിട്ടിരുന്നു. പീന്നിട് ഉണ്ടായ 4 ചീറ്റ കുഞ്ഞുങ്ങള് അടക്കം 24 ചീറ്റകളാണ് കുനോയില് ഉണ്ടായിരുന്നത്. ഇപ്പോള് ഒന്പത് ചീറ്റകള് ചത്തതോടെ കുനോയിലെ ചീറ്റകളുടെ എണ്ണം 15 ആയി കുറഞ്ഞിട്ടുണ്ട്.
ഒരു വര്ഷത്തിനുള്ളില് 40 ശതമാനം ചീറ്റകളും ചത്തത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് വേണ്ട നടപടികള് സ്വീകരിക്കണമെന്നും സുപ്രീ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.