ചെന്നെെയിൽ താപവൈദ്യുത നിലയങ്ങൾക്ക് സമീപമുള്ള ഗ്രാമങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങളെന്ന് റിപ്പോർട്ട്

നിലയങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ ജലത്തിലും മണ്ണിലും ഘനലോഹങ്ങളുടെയും രാസവസ്തുക്കളുടെയും അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു

dot image

ചെന്നൈ: ചെന്നൈയിൽ താപവൈദ്യുത നിലയങ്ങളുടെ പരിസര ഗ്രാമങ്ങളിൽ വ്യാപക പാരിസ്ഥിതിക പ്രശ്നങ്ങളെന്ന് റിപ്പോർട്ട്. ഗ്രാമങ്ങളായ കടലൂരിലും നെയ്വേലിയിലുമാണ് പരിസ്ഥിതി മലിനീകരണം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് രണ്ട് താപവൈദ്യുത നിലയങ്ങളും ഒരു ഖനിയും പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ 'മന്തൻ അധ്യായന കേന്ദ്ര'വും 'പൂവുലഗിൻ നൻപർകൾ' എന്ന സംഘടനയും ചേർന്ന് നടത്തിയ പരിസ്ഥിതി പഠന റിപ്പോർട്ടാണ് പുറത്തു വന്നത്.

നിലയങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ ജലത്തിലും മണ്ണിലും ഘനലോഹങ്ങളുടെയും രാസവസ്തുക്കളുടെയും അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻഎൽസിയുടെ ഒരു ഖനിക്ക് സമീപമുള്ള ഗ്രാമത്തിലെ വെള്ളം പരിശോധിച്ചതിൽ അനുവദനീയമായ അളവിന്റെ 250 മടങ്ങ് മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് പഠനം വെളിപ്പെടുത്തി. മനുഷ്യർക്ക് ഏറെ ദോഷം ചെയ്യുന്ന രാസവസ്തുവാണ് മെർക്കുറി. ഇത് ശരീരത്തിനകത്തെത്തുന്നത് നാഡീവ്യൂഹത്തെയും ദഹനശ്വസന സംവിധാനങ്ങളെയും വൃക്കകളെയും ദോഷകരമായ രീതിയിൽ ബാധിക്കും.

ഖനിയിൽ നിന്നും വൈദ്യുത നിലയത്തിൽ നിന്നും നേരിട്ട് മാലിന്യം പുറന്തള്ളുന്ന അഞ്ച് സ്ഥലങ്ങളിലെ ജല സാമ്പിളുകൾ വൻതോതിൽ മലിനമായതായി പറയുന്നു. എൻഎൽസിയുടെ മലിനജലം ഒഴുകിയെത്തുന്ന കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ചതിൽ നിക്കൽ, സിങ്ക്, കോപ്പർ എന്നിവയുൾപ്പെടെയുള്ള ഘനലോഹങ്ങളുടെ സാനിധ്യം അളവിൽ കൂടുതൽ കണ്ടെത്തി.

നെയ്വേലിയിലും പരിസര പ്രദേശങ്ങളിലും സർക്കാർ സമഗ്രമായ ആരോഗ്യ സർവേ നടത്തണമെന്ന് പഠനം ആവശ്യപ്പെടുന്നു. മലിനീകരണം ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിൽ അവ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. നിലവിലുള്ള ഖനികളും വൈദ്യുത നിലയങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന് കർമപദ്ധതി തയ്യാറാക്കണം. ഇതിനെല്ലാം ഉപരിയായി ദുരിതബാധിതർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം. അപകടകരമായ ഈ മലിനീകരണം ഉടനടി നിർത്താനും പഠനം ശുപാർശ ചെയ്യുന്നു.

Story Highlights: Environmental problems are reported in villages near thermal power plants in Chennai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us