തണുത്ത് വിറങ്ങലിക്കുക എന്നൊക്കെ നമ്മൾ പറയാറില്ലേ, ഇന്ന് അത് അക്ഷരാർത്ഥത്തിൽ അനുഭവിക്കുന്നത് ഫിൻലന്റും സ്വീഡനുമാണ്. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെയും അന്തരീക്ഷ ഊഷ്മാവ് മൈനസ് 40 ഡിഗ്രി സെൽഷ്യസിലേക്കാണ് താണത്. ശൈത്യകാലത്തെ ഏറ്റവും ഭീകരമായ തണുപ്പാണ് ഈ രാജ്യങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്.
ജനുവരി മൂന്നിന് രാത്രി, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തണുപ്പ് സ്വീഡൻ അനുഭവിച്ചു. 43.6 ഡിഗ്രിയായിരുന്നു താപനില. സ്വീഡനെ മാത്രമല്ല, അയൽ രാജ്യമായ ഫിൻലന്റിനെയും ഈ തണുപ്പ് സാരമായി ബാധിച്ചു. ഇവിടങ്ങളിലെ ഗതാഗത സംവിധാനങ്ങൾ നിലച്ചു. അതിശൈത്യം കാരണം നോർവെയിലെ പ്രധാന ഹൈവേകളിലൊന്ന് അടച്ചു. ഫെറി സർവ്വീസ് താത്കാലികമായി നിർത്തിവെച്ചു. ട്രെയിൻ സർവ്വീസുകളും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിശക്തമായ മഞ്ഞ് വീഴ്ചയും കാറ്റും അനുഭവപ്പെടാമെന്ന മുന്നറിയിപ്പ് പലയിടങ്ങളിലും നൽകിയിട്ടുണ്ട്.
ഫിൻലന്റിലും തണുപ്പ് കാരണം സ്കൂളുകളടക്കം അടയ്ക്കുന്ന സ്ഥിതിയാണ്. കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാകില്ലെന്നതിനാൽ പലയിടങ്ങളിലും സ്കൂളുകൾ അടയ്ക്കുകയായിരുന്നു. ഫെറി കമ്പനികൾ യാത്ര താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ശക്തമായ കാറ്റ് വീശുന്നതിനാൽ തെക്കൻ നോർവെയിൽ നിന്ന് ഡെൻമാർക്കിലേക്കുള്ള പ്രധാനപാലം അടച്ചതായി അധികൃതർ വ്യക്തമാക്കി.