തിളച്ചുമറിഞ്ഞൊഴുകുന്ന ലാവ ഒരു ഗ്രാമത്തെ തന്നെ വിഴുങ്ങുന്ന കാഴ്ചയാണ് ഐസ് ലാൻഡിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. ഐസ് ലന്റിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. തിളച്ച് മറിഞ്ഞ് പുറത്തേക്കൊഴുകിയ ലാവ നിരവധി വീടുകളെ വിഴുങ്ങിക്കഴിഞ്ഞുവെന്നാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഐസ് ലന്റിലെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിലെ ഗ്രിൻഡാവിക്കിലാണ് അഗ്നിപർവ്വത സ്ഫോടനമുണ്ടായിരിക്കുന്നത്. ഗുരുതര സാഹചര്യമെന്ന് ഇതിനെ വിദഗ്ധർ വിശേഷിപ്പിച്ചിരിക്കുന്നത്.
ജനുവരി 14 ന് രാവിലെ എട്ട് മണിയോടെയാണ് ആദ്യ അഗ്നിപർവ്വത സ്ഫോടനമുണ്ടായത്. പിന്നാലെ ഒരു കിലോമീറ്റർ വ്യാപ്തിയിൽ മറ്റൊരു സ്ഫോടനം കൂടിയുണ്ടായി. കൂടുതൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഐസ് ലാൻഡിൻ്റെ തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്ന് 25 മൈൽ അകലെയാണ് അഗ്നിപർവ്വത സ്ഫോടനം.
ആർക്കും ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും ഐസ് ലാൻഡ് പ്രസിഡന്റ് വ്യക്തമാക്കി. അർദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ അഗ്നിപർവ്വതത്തിന് സമീപത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ആകെയുള്ള നാലായിരത്തോളം വരുന്ന പ്രദേശവാസികളിൽ 200 ഓളം പേർ മാറിത്താമസിക്കാൻ തയ്യാറായിട്ടില്ല. പ്രദേശത്ത് 200 ഓളം സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുറമേ അതിസുന്ദരം, ഉള്ളിൽ തിളയ്ക്കുന്ന ലാവ; മയോൺ എന്ന 'ഭീകരൻ'