മനുഷ്യർ ജലാശയങ്ങളിൽ ഉപേക്ഷിക്കുന്ന വസ്തുക്കൾ ജീവികളുടെ ശരീരത്തിലെത്തി ജീവന് തന്നെ ആപത്താകുന്ന സന്ദർഭങ്ങൾ ധാരാളമുണ്ട്. പ്ലാസ്റ്റിക് മുതൽ നാണയങ്ങൾ വരെ മൃഗങ്ങളുടെ ആമാശയത്തിൽ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരമൊരു വാർത്തയാണ് ഹെൻറി ഡോർലി മൃഗശാലയിൽ നിന്ന് ലഭിക്കുന്നത്. മൃഗശാലയിലെ അക്വേറിയത്തിൽ പാർപ്പിച്ചിരിക്കുന്ന ചീങ്കണ്ണിയുടെ വയറ്റിൽ നിന്ന് ലഭിച്ചത് 70 നാണയങ്ങളാണ്. ഒമാഹയിലെ നെബ്രാസ്ക മൃഗശാലയിലെ തിബോഡോക്സ് എന്ന 36 വയസ്സുള്ള ചീങ്കണ്ണിയുടെ വയറ്റിൽ നിന്നാണ് ഡോക്ടർമാർ 70 നാണയങ്ങൾ പുറത്തെടുത്തത്.
ഹെൻറി ഡോർലി മൃഗശാലയിലെ അക്വേറിയത്തിൽ പാർപ്പിച്ചിരിക്കുന്ന 10 അമേരിക്കൻ ചീങ്കണ്ണികളിൽ ഒന്നാണ് തിബോഡോക്സ്. സന്ദർശകരെ വിസ്മയിപ്പിക്കുന്ന ചർമ്മ ഭംഗിയും നീലക്കണ്ണുകളുമാണ് തിബോഡോക്സിന്റെ പ്രത്യേകത. മൃഗശാലയിൽ എത്തുന്ന സന്ദർശകർ തിബോഡോക്സിന്റെ അടുത്തേക്ക് നാണയങ്ങൾ വലിച്ചെറിയുന്നുണ്ടാവാം. അങ്ങനെ വലിച്ചെറിഞ്ഞ നാണയങ്ങളാവാം ഇതിന്റെ വയറ്റിലെത്തിയത് എന്നാണ് വെറ്ററിനറി ഡോക്ടറുടെ നിഗമനം.
മൃഗശാലയിലെ ചീങ്കണ്ണികൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ചീങ്കണ്ണിയുടെ വയറ്റിൽ നാണയങ്ങൾ കിടക്കുന്നതായി കണ്ടെത്തിയത്. പിന്നാലെ നാണയങ്ങൾ വിജയകരമായി നീക്കം ചെയ്തു. നാണയങ്ങൾ നീക്കം ചെയ്ത ശേഷമുള്ള എക്സ്റേയും ഇമേജും മൃഗശാല അധികൃതർ പങ്കുവച്ചിട്ടുണ്ട്. ഇതോടെ, മൃഗശാലയിലെ ജലാശയങ്ങളിലൊന്നിലും നാണയങ്ങൾ വലിച്ചെറിയരുതെന്ന് അധികൃതർ സന്ദർശകർക്ക് നിർദ്ദേശം നൽകി.
ദ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്; കടൽ ജീവികളെ വിഴുങ്ങുന്ന പ്ലാസ്റ്റിക് മല