കുനോയിലെ കാട്ടിലേയ്ക്ക് ചീറ്റകളെ തുറന്ന് വിടാനുള്ള ഒരുക്കത്തിലാണ് അധികൃതരെന്നാണ് റിപ്പോർട്ട്. മൺസൂൺ അവസാനിക്കുന്നതോടെ നിലവിൽ കുനോയിലെ കാട്ടിലുള്ള ഏക ചീറ്റയ്ക്ക് കൂട്ടായി ഒരു കൂട്ടം ചീറ്റകളെ തുറന്ന് വിടാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കൂടുകളിലും നിയന്ത്രിതമായ ചുറ്റുപാടിൽ വേലികെട്ടി സംരക്ഷിച്ചിരിക്കുന്നതുമായ ചീറ്റകളെയും അവരുടെ കുട്ടികളെയും കാട്ടിൽ തുറന്ന് വിടാൻ ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഘട്ടംഘട്ടമായാണ് ചീറ്റകളെ കാട്ടിൽ തുറന്ന് വിടാൻ തീരുമാനിച്ചിരിക്കുന്നത്.
ചീറ്റകളെ തുറന്ന് വിടാൻ തീരുമാനിച്ചെങ്കിലും ചില ആശങ്കകളും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി സ്വതന്ത്രവിഹാരത്തിന് അവസരമില്ലാതെ ബന്ധനാവസ്ഥയിൽ കഴിയുകയാണ് ഈ ചീറ്റകൾ. വേലിക്കെട്ടിനുള്ളിൽ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ഈ ചീറ്റകൾക്ക് ശരീരത്തിലെ പരാന്നഭോജികളെ നേരിടാനുള്ള ആൻ്റി-പാരാസിറ്റിക് മരുന്നുകൾ നൽകിയിട്ടുണ്ടെങ്കിൽ അവയ്ക്ക് സ്വഭാവിക പ്രതിരോധശേഷി വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് കാട്ടിലേയ്ക്ക് തുറന്ന് വിടുന്ന ചീറ്റകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് ഇവർ പങ്കുവെയ്ക്കുന്നത്.
1950കളിൽ വംശനാശം സംഭവിച്ച ചീറ്റകൾക്ക് പകരം രാജ്യത്ത് ചീറ്റകളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഫ്രിക്കയിൽ നിന്നും ചീറ്റകളെ എത്തിക്കാൻ ഇന്ത്യ തീരുമാനിച്ചത്. മധ്യേന്ത്യയിൽ ചീറ്റകൾക്ക് അതിജീവിക്കാൻ അനുകൂല സാഹചര്യമുള്ള ഇടങ്ങളിൽ ചീറ്റകളുടെ ആവാസ വ്യസസ്ഥ പുനഃസൃഷ്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്നും ആദ്യ ബാച്ച് ചീറ്റകളെ പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് എത്തിച്ചു. എട്ടു ചീറ്റകളാണ് ഈ ബാച്ചിൽ ഉണ്ടായിരുന്നത്. തുടർന്ന് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും അടുത്ത ബാച്ച് ചീറ്റകൾ ഇന്ത്യയിലെത്തി. 12 ചീറ്റകളാണ് ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. ചീറ്റ പ്രൊജക്ടിൻ്റെ ഭാഗമായി ആഫ്രിക്കയിൽ നിന്നും 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. മൂന്ന് പെൺചീറ്റകൾ ഇന്ത്യയിലെത്തിയതിന് ശേഷം 17 ചീറ്റകുഞ്ഞുങ്ങൾക്കും ജന്മം നൽകിയിരുന്നു.
പക്ഷെ പ്രതീക്ഷിച്ചത് പോലെ സംതൃപ്തകരവും ആഹ്ളാദകരവുമായിരുന്നില്ല രാജ്യത്തെ ചീറ്റ പ്രോജക്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി ചീറ്റകളാണ് ചത്തത്. നിലവിൽ 13 മുതിർന്ന ചീറ്റകളും 12 ചീറ്റ കുഞ്ഞുങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. ഗാമിനിയെന്ന പെൺചീറ്റ ജന്മം നൽകിയ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ആഗസ്റ്റ് അഞ്ചിന് അവസാനമായി ചത്തത്. നട്ടെല്ലിനേറ്റ പരിക്കാണ് കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മൂന്ന് ചീറ്റ കുഞ്ഞുങ്ങൾ അമിതമായ ചൂട് മൂലം ചത്തിരുന്നു.
സ്വാഭാവിക കാരണങ്ങളാണ് മുതിർന്ന ചീറ്റകളുടെ മരണത്തിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. എന്നാൽ രക്തത്തിലെ അണുബാധ മൂലമായിരുന്നു മരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചത്ത ചീറ്റകളുടെ കഴുത്തിൽ മാരകമായ പുഴുക്കടി ഏറ്റതുപോലെയുള്ള മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ചീറ്റകളുടെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറുകളുടെ സാന്നിധ്യം മൂലമാണെന്നും ആശങ്ക ഉയർന്നിരുന്നു. ഇതിന് പിന്നാലെ കാട്ടിൽ തുറന്ന് വിട്ടിരുന്ന ചീറ്റകളെ തിരിച്ച് പിടിച്ച് വേലികെട്ടി തിരിച്ച ചുറ്റുപാടിലോ കൂടുകളിലോ നിരീക്ഷണത്തിലാക്കുകയായിരുന്നു. പവൻ എന്ന് പേരുള്ള ആൺചീറ്റ മാത്രമാണ് ഇപ്പോൾ കാട്ടിൽ സൈര്യവിഹാരം നടത്തുന്നത്. പുതിയ തീരുമാനപ്രകാരം എല്ലാ ചീറ്റകളെയും ചീറ്റ കുഞ്ഞുങ്ങളെയും പവനൊപ്പം കാട്ടിലേയ്ക്ക് തുറന്ന് വിട്ടേക്കാമെന്നാണ് സൂചന.
എന്നാൽ ദീർഘകാലമായി നിശ്ചിത സ്ഥലപരിമിതിക്കുള്ളിൽ ബന്ധിച്ചിരുന്ന ചീറ്റകളെ വിശേഷിച്ച് ചീറ്റ കുഞ്ഞുങ്ങളെ പെട്ടെന്ന് കാട്ടിൽ തുറന്ന് വിടുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്. ദീർഘകാലം ഈ നിലയിൽ തടവിൽ കഴിയുന്ന ചീറ്റകൾക്ക് ശാരീരികക്ഷമത കുറവായിരിക്കുമെന്നാണ് വിമർശനം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. വേട്ടയാടി ഇരപിടിക്കാനുള്ള കഴിവ് നിലനിർത്താൻ ചീറ്റകളുടെ പേശികൾക്ക് മതിയായ വ്യായാമം വേണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിശ്ചിതമായ സ്ഥലപരിമിതിയിൽ തടവിൽ കഴിയുന്ന ചീറ്റകൾക്ക് ഇതിനുള്ള സാഹചര്യമില്ല. പതിവായി വേട്ടയാടുന്നതിലൂടെ മാത്രമേ ചീറ്റകൾക്ക് ഈ നിലയിൽ ശാരീരികക്ഷമത നിലനിർത്താൻ കഴിയൂ എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ അടക്കം ദി വയർ വിഷയം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ കഴിഞ്ഞ ഒരുവർഷത്തോളമായി കശാപ്പ് ചെയ്ത മാംസമാണ് ചീറ്റകൾക്ക് നൽകിയിരുന്നതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചീറ്റകളെ ട്രാക്ക് ചെയ്യാൻ കുനോയുടെ പരിസരത്തുള്ള ആളുകളെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ദീർഘകാലം മനുഷ്യ സാന്നിധ്യവും കശാപ്പ് ചെയ്ത മാംസവും ശീലിച്ച ചീറ്റകൾക്ക് കാട്ടിൽ സ്വതന്ത്രമായി വേട്ടനടത്തി ജീവിക്കാനുള്ള ശാരീരികക്ഷമത ഉണ്ടാകുമോ എന്ന ആശങ്കകൾ ചൂണ്ടിക്കാണിച്ചും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു.
ദീർഘകാലം ബന്ധനത്തിൽ കഴിഞ്ഞതിനാൽ ചീറ്റകളുടെ ശാരീരിക ക്ഷമതയും രോഗപ്രതിരോധശേഷിയും കുറഞ്ഞിരിക്കാമെന്ന വിദഗ്ധരുടെ ആശങ്ക അധികൃതർ പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. വ്യത്യസ്ത കാലാവസ്ഥകളിൽ കാട്ടിനുള്ളിൽ കഴിയേണ്ടി വരുന്ന സാഹചര്യത്തെ ചീറ്റകൾ എങ്ങനെ അതിജീവിക്കുമെന്ന വിദഗ്ധരുടെ ആശങ്ക പരിഗണിച്ചാൽ ചീറ്റകളെ തുറന്ന് വിടാനുള്ള തീരുമാനം ഇനിയും വൈകിയേക്കാം.