ഗുജറാത്തിലെ 'മുതലനഗരം'; മഴ പെയ്താൻ വെള്ളത്തിനൊപ്പം കയറി വരും, പുരപ്പുറത്തും കയറും

മഴയില്ലാത്തപ്പോൾ പോലും പുഴക്കരയിൽ മുതലകൾ വെയിൽ കായുന്ന കാഴ്ച വഡോദരയിലെ ജനങ്ങൾക്ക് സർവസാധാരണമാണ്

dot image

മഴക്കാലമായാൽ ഗുജറാത്തിലെ വഡോദര ജില്ലയിലെ വിശ്വാമിത്ര നദിക്കരയിലുള്ളവർക്ക് മനസ്സിൽ ആധിയാണ്. മഴ പെയ്താൽ വെള്ളം മാത്രമല്ല, മരണം കൂടിയാണ് കരയിലേക്ക് കയറിവരിക. എവിടെ എപ്പോഴാണ് അവ ഉണ്ടാകുക എന്ന് പറയാൻ കഴിയില്ല. വെള്ളത്തിൽ എത്ര സൂക്ഷിച്ച് കാലുവെച്ചാലും, ചിലപ്പോൾ ഒരു കാൽചുവടകലെ അവ ഉണ്ടാകും. വർഷത്തിൽ ഇവമൂലമുണ്ടാകുന്ന മരണങ്ങളും പതിവാണ്. പറഞ്ഞ് വരുന്നത് വഡോരയിലെ മുതലകളെകുറിച്ചാണ്. ഗുജറാത്തിലെ 'മുതലനഗരം' എന്ന് അനൗദ്യോഗികമായി അറിയപ്പെടുന്ന വഡോദരയിൽ മഴക്കാലം മുതലകളെ ഭയപ്പെടുന്ന ദുരിതകാലം കൂടിയാണ്.

വഡോദരയിലെ വിശ്വാമിത്ര നദിയാണ് മുതലകളുടെ ആവാസകേന്ദ്രം. നഗരത്തിലൂടെ 17 കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന നദിയിൽ 15 അടിവരെ വലിപ്പമുള്ള മുതലകളുണ്ട് എന്നാണ് ജില്ലാ അധികൃതരുടെ കണ്ടെത്തൽ. നിലവിൽ ആയിരത്തോളം മുതലകൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. മഴയില്ലാത്തപ്പോൾ പോലും പുഴക്കരയിൽ ഇരുന്ന് മുതലകൾ വെയിൽ കായുന്ന കാഴ്ച വഡോദരയിലെ ജനങ്ങൾക്ക് സർവസാധാരണമാണ്.

കനത്തമഴയിൽ വഡോദര നഗരത്തിൽ വെള്ളം പൊങ്ങുമ്പോഴെല്ലാം ഇവ കൂട്ടത്തോടെ നഗരത്തിലേക്ക് ഒഴുകിയെത്തും. ഇത്തരത്തിൽ കനത്ത മഴ പെയ്ത 2019, 2022, 2023 വർഷങ്ങളിൽ വഡോദരയിൽ നിന്ന് നിരവധി മുതലകളെ വനംവകുപ്പ് പിടികൂടിയിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെ ഒഴുകിപ്പോകുന്നതും, വീടുകൾക്കുള്ളിൽ കയറിയ നിലയിലും മുതലകളെ ജനങ്ങൾ കണ്ടത്തുകയും കെട്ടിയിടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വഡോദരയിൽ പുരപ്പുറത്ത് വരെ മുതലയെ കണ്ടിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്തുകൊണ്ട് മലിനമായ നദിയിൽ ഇത്രയേറെ മുതലകൾ എന്ന് ചോദ്യത്തിന് ശാസ്ത്രീയമായ ഉത്തരവും അധികൃതർക്കുണ്ട്. മലിനജലത്തിലെ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റി മൈക്രോബിയൽ പ്രതിരോധ ശേഷി മുതലകൾ കൈവരിച്ചെന്നും അതുകൊണ്ടാണ് അവ പെറ്റുപെരുകുന്നതെന്നുമാണ് അധികൃതരുടെ മറുപടി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വഡോദരയിൽ വെള്ളം കയറിയതിനെ പിന്നാലെ നിരവധി മുതലകളെ അധികൃതർ പിടികൂടിയിരുന്നു. ചെറുതും വലുതുമായ 24 മുതലകളെ പിടികൂടി എന്നതാണ് ഒടുവിലത്തെ കണക്ക്. ഇവയ്ക്കു പുറമെ പാമ്പുകളും, ആമകളും അടക്കമുള്ള മറ്റ് ജീവികൾ വേറെയും പിടികൂടിയിരുന്നു! വഡോദരയിലെ ഓപ്പൺ പാർക്കിലൂടെ നീങ്ങുന്ന മുതലകളും, വീടിന് മുകളിൽ കയറിക്കിടക്കുന്ന മുതലകളുമെല്ലാം എല്ലാ വർഷത്തെയും പോലെ ഈ വർഷത്തെയും കാഴ്ചകളായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കയറിവന്ന ഒരു മുതലയുടെ ആക്രമണത്തിൽ മുപ്പത് വയസുളള ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us