സാധാരണ തിമിംഗലങ്ങൾ മനുഷ്യരോട് ഇണങ്ങാറില്ല. അവർ മനുഷ്യരെ കാണുമ്പോൾ പേടിച്ച് നീന്തിപ്പോകുകയാണ് പതിവ്. എന്നാൽ അക്രമിക്കാറുമില്ല. പക്ഷെ ഹ്വാൽദിമിർ അങ്ങനെയല്ലായിരുന്നു. മനുഷ്യരെ കാണുമ്പോൾ ഓടിവരും. താലോലിക്കാൻ തല നീട്ടിക്കൊടുക്കും. ഇഷ്ടം പോലെ കൊഞ്ചിക്കാൻ നിന്നുകൊടുക്കും. എന്നാൽ ഇനി കൊഞ്ചിക്കാൻ 'ഹ്വാൽദിമിർ' ഇല്ല ! 2019ൽ നോർവേയിൽ വെച്ച് കഴുത്തിൽ കോളർ ബെൽറ്റ് കെട്ടിയിരുന്നനിലയിൽ കണ്ടെത്തിയ 'ചാരൻ' തിമിംഗലം എന്ന് സംശയിക്കപ്പെട്ട ഹ്വാൽദിമിർ ചത്തതായി സ്ഥിരീകരിക്കപ്പെട്ടു.
2019ൽ നോര്വേ ഫിന്മാര്ക്കിലെ ആർട്ടിക്ക് പ്രദേശത്താണ് ഈ തിമിംഗലത്തെ ആദ്യമായി കണ്ടത്. കഴുത്തിൽ ഒരു കോളർ ബെൽറ്റോടെയായിരുന്നു അന്ന് തിമിംഗലത്തെ കണ്ടെത്തിയത്. ബെൽറ്റിൽ 'എക്വിപ്മെന്റ് സെന്റ്പീറ്റേഴ്സ്ബര്ഗ്' എന്നെഴുതിയിരുന്നതിനാൽ റഷ്യൻ ചാരനായിരിക്കും തിമിംഗലമെന്നായിരുന്നു കണ്ടെത്തിയവരുടെ കണക്കുകൂട്ടൽ. മനുഷ്യരുടെയൊപ്പം പെട്ടെന്ന് ഇണങ്ങുന്നതിനാൽ ചാരവൃത്തിക്കായി റഷ്യ പരിശീലിപ്പിച്ചതാണ് തിമിംഗലത്തെ എന്നായിരുന്നു നിഗമനം. എന്നാൽ ഈ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചിരുന്നു.
പിന്നീട് നോർവെയുടെ സമുദ്രതീരത്തോട് അടുത്തായിരുന്നു തിമിംഗലത്തിന്റെ യാത്രാമാർഗം. എന്നാൽ ഒരിക്കൽ തിമിംഗലത്തെ അധികൃതർ സ്വീഡനിലും കണ്ടെത്തി. അവിടെയും ആളുകളുമായി പെട്ടെന്ന് ഇണങ്ങുന്ന രീതിയിലായിരുന്നു ഹ്വാൽദിമിറിന്റെ പെരുമാറ്റം. എന്നാൽ ഇപ്പോൾ നോർവെയുടെ സമുദ്രഭാഗങ്ങളിൽ തന്നെയാണ് ഒഴുകിനടക്കുന്ന ഹ്വാൽദിമിറിന്റെ ജഡം കണ്ടെത്തിയത്.
വർഷങ്ങളായി 'മറൈൻ മൈൻഡ്' എന്ന നോൺ പ്രോഫിറ്റ് സംഘടനയാണ് തിമിംഗലത്തെ സംരക്ഷിച്ചുപോന്നിരുന്നത്. സുഭിക്ഷമായ ഭക്ഷണം ലഭിച്ചുകൊണ്ടിരുന്നയിടത്തുനിന്ന് വ്യവസായ കേന്ദ്രങ്ങളും മറ്റും കൂടുതലുള്ള സ്വീഡിഷ് സമുദ്രഭാഗത്തേയ്ക്ക് തിമിംഗലം പോയത് സംഘടനയെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. തിമിംഗലത്തിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് സംഘടന പറയുന്നത്.