പ്ലാസ്റ്റിക് വലിച്ചെറിയുന്നു, കത്തിക്കുന്നു; മാലിന്യസംസ്കരണമില്ല, ഇന്ത്യയുടെ ആരോഗ്യഭാവി തുലാസില്?

മാലിന്യ സംസ്കരണത്തിൻ്റെ അഭാവം മാത്രമാണോ പ്ലാസ്റ്റിക് പുറന്തള്ളുന്നതില് ഇന്ത്യ ഒന്നാമതെത്താൻ കാരണം?

dot image

മനുഷ്യരുടെയും മറ്റ് ജീവികളുടെയും ആവാസവ്യവസ്ഥയെ ഒന്നടങ്കം ബാധിക്കുന്ന ഒരു കാര്യമാണ് മലിനീകരണം. വായു മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവയില് വലിയ പങ്കാണ് പ്ലാസ്റ്റികിനുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങള് പുറന്തള്ളുന്ന കാര്യത്തില് ലോകത്തു തന്നെ ഇന്ത്യ ഒന്നാമതാണെന്ന ഞെട്ടിക്കുന്ന റിപ്പോര്ട്ടാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. ലോകത്തെ ആകെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അഞ്ചിലൊന്നും പുറന്തള്ളുന്നത് ഇന്ത്യയാണെന്ന് ദ ജേര്ണല് നേച്ചര് പ്രസിദ്ധീകരിച്ച പഠനറിപ്പോര്ട്ടില് പറയുന്നു.

പ്രതിവർഷം ശരാശരി 57 ദശലക്ഷം ടണ്ണിൽ കൂടുതല് പ്ലാസ്റ്റിക് മാലിന്യമാണ് ലോകത്ത് പുറന്തള്ളുന്നത് എന്നാണ് കണക്കുകള്. ഇന്ത്യ മാത്രം പ്രതിവർഷം 10.2 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നെന്നാണ് ഇപ്പോള് പഠനത്തില് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ പത്തിലൊരാള് എന്ന കണക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങള് അലക്ഷ്യമായി വലിച്ചെറിയുന്നുണ്ടെന്നും ചിലയിടത്ത് മാലിന്യങ്ങൾ കൂമ്പാരമായി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

പ്ലാസ്റ്റിക് വഴിയുള്ള മലിനീകരണം ഉണ്ടാക്കുന്നതില് രണ്ടാമതുള്ള രാജ്യം നൈജീരിയ ആണ്. ഇവിടെ പ്രതിവര്ഷം 3.9 ദശലക്ഷം ടൺ മാലിന്യം ആണ് പുറന്തള്ളപ്പെടുന്നത്. ഇത് ഇന്ത്യയുടേതിന്റെ പകുതിയിൽ താഴെ മാത്രമാണ്. പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതില് ഒന്നാമതുള്ള രാജ്യം മുമ്പ് ചൈനയായിരുന്നു. എന്നാല്, ഇപ്പോഴവിടെ മാലിന്യനിർമാർജനത്തിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണ് റിപ്പോര്ട്ട്. സമീപകാല ഡാറ്റ അനുസരിച്ച് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തില് ചൈന നാലാം സ്ഥാനത്താണ്.

പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ 70 ശതമാനവും 20 രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ കാര്യത്തിൽ യുഎസ് താരതമ്യേന പിന്നിലാണ്. പട്ടികയില് 90ാം സ്ഥാനത്തുള്ള യുഎസ് പ്രതിവർഷം 52,500 ടൺ മാലിന്യം മാത്രമാണ് പുറന്തള്ളുന്നത്.

ഭൂരിഭാഗം പ്ലാസ്റ്റിക്കുകളും പൂർണമായും പുനരുപയോഗം ചെയ്യുന്നതിനുപകരം ലാൻഡ്ഫില്ലുകളിലേക്കാണ് എത്തിക്കുന്നതെന്നാണ് സെൻ്റർ ഫോർ ക്ലൈമറ്റ് ഇൻ്റഗ്രിറ്റി നടത്തിയ പഠനത്തിൽ പറയുന്നത്. ചില രാജ്യങ്ങള് പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ കണക്കുകൾ കുറച്ചാണ് കാണിക്കുന്നതെന്നും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്.

ചൈന, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങി ഉയർന്ന ജനസംഖ്യയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വലിയ തോതില് പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന രാജ്യം ഇന്ത്യയാണ്. ഉയർന്ന ജനസംഖ്യയും മാലിന്യ സംസ്കരണത്തിൻ്റെ അഭാവവുമാണ് ഇന്ത്യ മുൻപന്തിയിൽ എത്താൻ കാരണം. ഇന്ത്യയ്ക്ക് കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലെന്നുള്ളതും പ്രധാന വെല്ലുവിളിയാണ്. പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗമായി പലപ്പോഴും സ്വീകരിക്കുന്നത് അവ കത്തിച്ചുകളയുക എന്നതാണ്. പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയാണ് തെരുവുകളിലും മാലിന്യക്കൂമ്പാരങ്ങളിലും വീടുകളുടെ പരിസരത്തും അവ കത്തിച്ചുകളയുന്നത്. പ്ലാസ്റ്റിക് ഇങ്ങനെ കത്തിക്കുന്നത് ആളുകൾക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നയങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ, കോടിക്കണക്കിന് ജനങ്ങളെയും ഭൂമിയുടെ ആവാസവ്യവസ്ഥയെത്തന്നെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും റിപ്പോര്ട്ടില് പറയുന്നു.

dot image
To advertise here,contact us
dot image