'കൽക്കരിയേ വിട, കാർബണേ വിട, എന്നെന്നേയ്ക്കും വിട'; അവസാനത്തെ കൽക്കരി പ്ലാൻ്റും പൂട്ടാനൊരുങ്ങി ബ്രിട്ടൻ

2030-ഓടെ കാർബൺ പുറംതള്ളാത്ത പൂർണമായും ശുദ്ധമായ വൈദ്യുതി സംവിധാനം ആവിഷ്കരിക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്

dot image

ലോകശക്തിയിലേയ്ക്കുള്ള ബ്രിട്ടൻ്റെ കുതിപ്പിൽ നി‍ർണായക ഘടകമായ ധാതുവാണ് കൽക്കരി. ബ്രിട്ടൻ്റെ ഊർജ്ജ മേഖലയിൽ സുപ്രധാന കരുത്തായിരുന്ന കൽക്കരി പ്ലാൻ്റുകളിലെ ശേഷിക്കുന്ന അവസാന കൽക്കരി പ്ലാൻ്റായ റാറ്റ്ക്ലിഫ്-ഓൺ-സോർ സെപ്റ്റംബർ 30 ന് അർദ്ധരാത്രി അടയ്ക്കും. ബ്രിട്ടൻ്റെ ഊ‍ർജ്ജമേഖലയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് കൽക്കരി പ്ലാൻ്റ് അടച്ചുപൂട്ടുന്നത്.

ബ്രിട്ടനിലെ ഊർജ്ജ മേഖല അതിവേഗം പരിവർത്തനത്തിന് വിധേയമായെന്നാണ് പരിസ്ഥിതി മേഖലയിലെ വി​ഗ്ധരായ എംബറിൻ്റെ പുതിയ വിശകലനം വ്യക്തമാക്കുന്നത്. 2012 ലെ 39 ശതമാനത്തിൽ നിന്ന് 2024 ഒക്ടോബറിൽ ഊ‍ർജ്ജ മേഖലയിലെ കൽക്കരിയുടെ വിഹിതം പൂജ്യം ശതമാനമായി കുറച്ചുവെന്നാണ് എംബർ പറയുന്നത്. ഇക്കാലയളവിൽ ഊർ‌ജ്ജോത്പാദനത്തിൽ കാറ്റിൻ്റെയും സൗരോർജ്ജത്തിൻ്റെയും പങ്ക് വലിയ നിലയിൽ വർദ്ധിച്ചു. കൽക്കരി രഹിത വൈദ്യുതിയുടെ യുഗം ആരംഭിക്കുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എംബർ അനലിസ്റ്റ് ഫ്രാങ്കി മയോയുടെ പ്രതികരണം. ബ്രിട്ടൻ അതിൻ്റെ ഊർജ്ജ സംവിധാനത്തെ ഒരു വലിയ മലിനീകരണത്തിൽ നിന്ന് പുനരുപയോഗം ചെയ്യാവുന്ന ഒന്നിലേക്ക് അതിശയകരമാം വിധം ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിയെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

കൽക്കരി യുഗത്തിൻ്റെ അവസാനം

റാറ്റ്ക്ലിഫ്-ഓൺ-സോർ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ കൽക്കരി ഊർജ്ജത്തിന് ഉപയോ​ഗിച്ചിരുന്ന ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെ നീളുന്ന ബ്രിട്ടൻ്റെ ചരിത്രം കൂടിയാണ് തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് മറയുന്നത്. 1882-ൽ ലണ്ടനിലെ എഡിസൺ ഇലക്ട്രിക് ലൈറ്റ് സ്റ്റേഷനിലാണ് ലോകത്തിലെ ആദ്യത്തെ കൽക്കരി പ്രവർത്തിക്കുന്ന പവർ സ്റ്റേഷനിൽ തുടങ്ങിയത്.
അന്ന് മുതൽ ഇങ്ങോട്ട് ബ്രിട്ടൻ്റെ ഊർജ്ജോത്പാദനത്തിൽ കൽക്കരിയുടെ പങ്ക് നി‍ർണായകമായിരുന്നു. പുതിയ നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൻ്റെ ആദ്യപകുതി വരെ ഈയൊരു മേൽക്കൈ തുടർന്നു. 2012ൽ ഊർജ്ജ മേഖലയിൽ കൽക്കരിയുടെ ഉപയോ​ഗം ഏതാണ്ട് 39 ശതമാനത്തോളമായിരുന്നു. 2012ന് ശേഷമാണ് കാർബൺ ബഹിർ​ഗമനത്തിൻ്റെ അപകടകരമായ സാഹചര്യം പരി​ഗണിച്ച് കൽക്കരി പ്ലാൻ്റുകൾ ഘട്ടംഘട്ടമായി നിർത്താനുള്ള ശ്രമം ബ്രിട്ടൻ ആരംഭിക്കുന്നത്. 2023 ആയപ്പോഴേയ്ക്കും 15 കൽക്കരി വൈദ്യുത നിലയങ്ങൾ ബ്രിട്ടൻ അടച്ച് പൂട്ടി. ഇക്കാലയളവിൽ കൽക്കരിക്ക് പകരം സാധ്യതകൾ കണ്ടെത്താൻ ബ്രിട്ടൻ നിർബന്ധിതരായി. കൽക്കരി ഇല്ലാത്ത ഊ‍ർജ്ജോത്പാദനം എന്നത് ബ്രിട്ടനിൽ പതിയെ ഒരു പതിവ് കാര്യമായി മാറി.‌

ശുദ്ധമായ വൈദ്യുതി ഉദ്പാദനത്തിലേയ്ക്കുള്ള ബ്രിട്ടൻ്റെ ചുവടുവെയ്പ്

കൽക്കരി ഉപയോ​ഗത്തിന് പകരം ഊർജ്ജോത്പാദനത്തിൽ ബ്രിട്ടൻ കാറ്റും സൗരോർജ്ജവും പ്രധാനമായും ഉപയോ​ഗിക്കാൻ തുടങ്ങിയത് 2012ന് ശേഷമായിരുന്നു. ഏതാണ്ട് നാലിരട്ടിയാണ് കാറ്റും സൗരോർജ്ജവും ഉപയോ​ഗിച്ചുള്ള വൈദ്യുതോത്പാദനം ഇക്കാലയളവിൽ വർദ്ധിച്ചത്. 2012ൽ കാറ്റിനും സൗരോർജ്ജത്തിനും ഊർജ്ജോത്പാദനത്തിൽ ആറ് ശതമാനം പങ്കാളിത്തമാണ് ഉണ്ടായിരുന്നതെങ്കിൽ 2023ൽ ഇത് 34 ശതമാനമായാണ് വർദ്ധിച്ചത്. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉദ്പാദനം മാത്രം 315 ശതമാനം വർദ്ധിച്ചു. ഇക്കാലയളവിൽ ഏകദേശം 28 ദശലക്ഷം ടൺ കൽക്കരി ഉപയോ​ഗം കുറയുകയും കൽക്കരിയുടെ ചെലവിൽ 2.9 ബില്യൺ പൗണ്ട് കുറവ് വരികയും ചെയ്തു.

കൽക്കരി ഘട്ടംഘട്ടമായി ഒഴിവാക്കിയെങ്കിലും ഊർജ്ജോത്പാദനം ​വാതകങ്ങളെ ആശ്രയിക്കുന്ന നിലയിലേയ്ക്ക് മാറിയില്ല. വാതക ഉപയോഗം 2015 മുതൽ 2016 വരെ കുതിച്ചുയർന്നെങ്കിലും പിന്നീട് അത് 2012 ലെ നിലവാരത്തിലേക്ക് ഇടിഞ്ഞു. കൽക്കരി ഉപയോ​ഗം ഘട്ടംഘട്ടമായി കുറഞ്ഞതോടെ ഏതാണ് 880 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നതാണ് ഇല്ലാതായത്.

കൽക്കരിയിൽ നിന്നുള്ള യുകെയുടെ വിജയകരമായ മാറ്റത്തിന് പിന്നിലെ അഞ്ച് പ്രധാന ഘടകങ്ങളെ എംബറിൻ്റെ റിപ്പോർട്ട് അടയാളപ്പെടുത്തുണ്ട്. അതിൽ പ്രധാനം കാർബൺ ബഹിർ​ഗമനം ഒഴിവാക്കാൻ ബ്രിട്ടൻ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളാണ്. കാറ്റാടി ഉപയോ​ഗിച്ചുള്ള വൈദ്യുതോത്പാദനത്തിന് നയപരമായി ശക്തമായ പിന്തുണ നൽകി. വിപണി പരിഷ്കാരങ്ങൾ, ഗ്രിഡ് നവീകരണത്തിലെ നിക്ഷേപം എന്നിവയും കൽ‌ക്കരി ഉപയോ​ഗം കുറയ്ക്കാനുള്ള ബ്രിട്ടൻ്റെ ലക്ഷ്യത്തെ പിന്തുണച്ചു. 2030-ഓടെ കാർബൺ പുറംതള്ളാത്ത പൂർണമായും ശുദ്ധമായ വൈദ്യുതി സംവിധാനം ആവിഷ്കരിക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us