സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്‍റെ അന്തരീക്ഷ സൂചനകൾ ലഭിച്ചു; കൂടുതൽ പഠനത്തിനൊരുങ്ങി ജ്യോതിശാസ്ത്രജ്ഞർ

അരിസോണ സർവകലാശാലയിലെ സ്റ്റുവാർഡ് ഒബ്സർവേറ്ററിയിലെ ബിരുദ വിദ്യാർത്ഥി മാത്യു മർഫിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം നേച്ചർ അസ്ട്രോണമിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

dot image

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹമായ WASP-107b ൻ്റെ അന്തരീക്ഷം നിരീക്ഷിച്ച് അരിസോണ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ. ഒരു അന്താരാഷ്ട്ര ഗവേഷണ സംഘത്തോടൊപ്പമാണ് ഇവർ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് WASP-107bന്‍റെ അന്തരീക്ഷം നിരീക്ഷിക്കുകയും അതിന്‍റെ അന്തരീക്ഷത്തിലെ വ്യത്യസ്തതകളെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നത്.

വ്യാഴത്തിന് സമാനമായ വലിപ്പമുള്ള, എന്നാൽ അതിൻ്റെ പിണ്ഡത്തിൻ്റെ പത്തിലൊന്ന് മാത്രമുള്ള ഈ ഗ്രഹത്തിൻ്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഇതൊരു മൗലികമായ കണ്ടെത്തലായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരിസോണ സർവകലാശാലയിലെ സ്റ്റുവാർഡ് ഒബ്സർവേറ്ററിയിലെ ബിരുദ വിദ്യാർത്ഥി മാത്യു മർഫിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം നേച്ചർ അസ്ട്രോണമിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

WASP-107b എന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്‍റെ ഒരു വശം അതിന്‍റെ ആതിഥേയനക്ഷത്രത്തെ നിരന്തരം അഭിമുഖീകരിക്കുന്നു, മറ്റൊന്ന് സ്ഥിരമായ അന്ധകാരത്തിലാണ്. ഇതാണ് ഈ ഗ്രഹത്തിൻ്റെ പകൽ വശവും രാത്രി വശവും തമ്മിലുള്ള അന്തരീക്ഷ അവസ്ഥകളിലെ നാടകീയമായ വ്യത്യാസങ്ങൾക്ക് കാരണമാകുന്നത്. ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് ഈ വ്യത്യാസങ്ങൾ നിരീക്ഷിക്കാൻ ജെഡബ്ല്യുഎസ്ടി മർഫിയുടെ ടീമിനെ അനുവദിച്ചു. ഒരു ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പ്രകാശം അതിൻ്റെ ഘടന മറ്റ് സവിശേഷതകൾ എന്നിവ നിർണ്ണയിക്കുന്ന ഒരു സാങ്കേതികതയാണ് ട്രാൻസ്മിഷൻ സ്പെക്ട്രോസ്കോപ്പി.

'ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ അഭൂതപൂർവമായ കൃത്യതയ്ക്ക് നന്ദി. ഗ്രഹത്തിൻ്റെ അന്തരീക്ഷത്തിൻ്റെ കിഴക്കൻ, പടിഞ്ഞാറൻ അർദ്ധഗോളങ്ങളിൽ നിന്നുള്ള സിഗ്നലുകൾ വേർതിരിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,' എന്നായിരുന്നു മർഫിയുടെ വിശദീകരണം. ഈ കണ്ടെത്തലുകൾ WASP-107bൻ്റെ അന്തരീക്ഷത്തിലെ വാതകങ്ങൾ, മേഘങ്ങളുടെ രൂപീകരണം, ഗ്രഹത്തിൻ്റെ ഓരോ വശത്തെയും വ്യത്യസ്തമായ സൂര്യപ്രകാശത്തിൻ്റെ ആഘാതം എന്നിവയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ പകർന്ന് നൽകിയിട്ടുണ്ട്. 'ഈ കണ്ടെത്തൽ പുതിയ വാതിലുകൾ തുറന്നിരിക്കുന്നതായി മർഫി പറഞ്ഞു. ഞങ്ങളുടെ മോഡലുകൾ രണ്ട് അർദ്ധഗോളങ്ങളിൽ ഇതുപോലൊരു അസമത്വം ഇതിന് മുമ്പ് മറ്റൊരു ഗ്രഹത്തിലും കണ്ടിട്ടില്ല. അതിനാൽ ഞങ്ങൾ ഇതിനകം പുതിയ കാര്യങ്ങൾ പഠിക്കുകയാണെന്നും മർഫി വ്യക്തമാക്കി. WASP-107b-യിലെ അന്തരീക്ഷ വ്യത്യാസങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന പ്രക്രിയകൾ കണ്ടെത്തുന്നതിനായി ഗവേഷകർ അവരുടെ നിരീക്ഷണങ്ങൾ തുടരാൻ പദ്ധതിയിട്ടിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us