പച്ചപ്പണിഞ്ഞ് സഹാറ മരൂഭൂമി; സവിശേഷമായ ഉപഗ്രഹ ചിത്രം പങ്കുവെച്ച് നാസ

മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ അപൂർവ്വമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇപ്പോൾ പച്ചപ്പണിഞ്ഞതായാണ് നാസയുടെ എർത്ത് ഒബ്സർവേറ്ററി വ്യക്തമാക്കുന്നത്

dot image

ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിൽ ഒന്നായ സഹാറ മരുഭൂമി പച്ചപ്പണിഞ്ഞതിൻ്റെ കാഴ്ച പങ്കുവെച്ചിരിക്കുകയാണ് നാസ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ. കനത്ത മഴയെ തുടർന്നാണ് സാധാരണ തരിശായ സഹാറ മരുഭൂമിയിൽ സസ്യങ്ങൾ മുളച്ച് പച്ചപ്പിന് വഴിതെളിച്ചിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ സെപ്തംബർ 7, 8 തീയതികളിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴപെയ്തിരുന്നു. മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ അപൂർവ്വമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇപ്പോൾ പച്ചപ്പണിഞ്ഞതായാണ് നാസയുടെ എർത്ത് ഒബ്സർവേറ്ററി വ്യക്തമാക്കുന്നത്.

ഇവിടങ്ങളിലെ നദീതടങ്ങൾ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ കുറ്റിച്ചെടികളും മരങ്ങളും വളരുന്നുണ്ടെന്ന് കൊളംബിയ ക്ലൈമറ്റ് സ്കൂളിലെ കാലാവസ്ഥാ വ്യതിയാന ഗവേഷകയായ സിൽവിയ ട്രസാസ്കയെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപൂർവമാണെങ്കിലും, ആഫ്രിക്കയുടെ ഈ ഭാഗത്തെ കനത്ത മഴയിൽ സസ്യജാലങ്ങൾ വേഗത്തിൽ പ്രതികരിക്കുമെന്ന് വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡൻ്റ് പീറ്റർ ഡി മെനോക്കൽ അഭിപ്രായപ്പെട്ടു. വലിയ തോതിലുള്ള മഴ പെയ്യുമ്പോൾ ചെടികൾ ഈർപ്പം പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനാൽ മൺകൂനകൾ വേഗത്തിൽ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

11,000നും 5,000നും ഇടയിലെ വർഷങ്ങൾക്ക് മുമ്പ് സഹാറ സസ്യജാലങ്ങളാലും തടാകങ്ങളാലും മൂടപ്പെട്ടിരുന്നുവെന്ന് ഡി മെനോകലിൻ്റെ മുൻകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സാധാരണഗതിയിൽ വറ്റിപ്പോയ തടാകങ്ങൾ പോലും ഈയിടെയുണ്ടായ വെള്ളപ്പൊത്തിൽ നിറഞ്ഞതായി ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എർത്ത് സയൻസസിലെ അധ്യാപകനായ മോഷെ അർമോൺ വ്യക്തമാക്കുന്നുണ്ട്.

ഇൻ്റർട്രോപ്പിക്കൽ കൺവെർജൻസ് സോൺ എന്നറിയപ്പെടുന്ന ഉഷ്ണമേഖലാ മഴ വലയത്തിൻ്റെ വടക്കോട്ടുള്ള ചലനമാണ് അസാധാരണമായ ഈ മഴയ്ക്ക് കാരണമായത്. ഇത് പതിവിലും കൂടുതൽ വടക്കോട്ടേയ്ക്ക് എത്തുകയും ഇതിനെ തുടർന്കന്ന സഹാറയിലും കനത്ത മഴ പെയ്യുകയായിരുന്നു. ചില പ്രദേശങ്ങളിൽ അര അടിയിലധികം മഴ പെയ്തതായാണ് റിപ്പോർട്ട്. ഇത് ഇവിടെ പെയ്യുന്ന സാധാരണ വാർഷിക മഴയെക്കാളും വളരെ കൂടുതലാണ്. മഴ ഇവിടങ്ങളിലെ ജനജീവിതത്തെയും വലിയ തോതിൽ ബാധിച്ചിരുന്നു.കനത്ത വെള്ളപ്പൊക്കത്തിൽ 1,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 14 ആഫ്രിക്കൻ രാജ്യങ്ങളിലായി 4 ദശലക്ഷത്തോളം ആളുകളെ ബാധിക്കുകയും ചെയ്തു. റെക്കോഡിട്ട ഉയർന്ന സമുദ്ര താപനിലയും കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കയിലുടനീളമുള്ള മഴയുടെ രീതികളുടെ മാറ്റത്തിലേയ്ക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

dot image
To advertise here,contact us
dot image