കോടാനുകോടി വിസ്മയങ്ങള്‍ ഒളിപ്പിച്ച മാന്ത്രിക ലോകമാണ് പ്രകൃതി. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമെല്ലാം പല തരത്തിലുളള വിസ്മയങ്ങളൊളിപ്പിച്ച് ഭൂമിയുടെ മടിത്തട്ടില്‍ ഉറങ്ങുന്നുണ്ട്. അത്തരത്തിലുള്ള വിസ്മയങ്ങളിലൊന്നാണ് മണ്ണില്‍നിന്ന് ഉയര്‍ന്നുവരുന്ന മനുഷ്യ വിരലുകളോട് സാമ്യമുള്ള ഒരുതരം ഫംഗസ്. ജീര്‍ണിച്ച മരത്തടികളുടെ ചുറ്റുപാടുമായി മണ്ണില്‍നിന്ന് ഉയര്‍ന്നുവന്നുനില്‍ക്കുന്ന പേടിപ്പെടുത്തുന്ന കറുത്ത വിരലുകളുടെ രൂപത്തിലാണ് ഇവയെ കാണാന്‍ സാധിക്കുക. ആദ്യമായി കാണുമ്പോള്‍ ഭയപ്പെടുമെന്നതില്‍ സംശയമില്ല. ഇത് ലോകത്തില്‍ പലയിടങ്ങളിലുണ്ടെങ്കിലും അമേരിക്കയിലാണ് ഇവ കൂടുതലായും കാണപ്പെടാറുണ്ട്.
സെലേറിയ പോളിഫോര്‍മ അഥവാ 'ഡെഡ്മാന്‍ ഫിംഗേഴ്‌സ്' എന്നാണ് ഇവ അറിയപ്പെടുന്നത്. ഭൂമിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഈ കറുത്ത വിരലുകളുള്ള രൂപം പലപ്പോഴും സോമ്പികളോടൊക്കെ സാമ്യമുള്ളതാണ്. കറുത്തനിറമുളളതും നീളമേറിയതുമായ ചെടികള്‍ പോലെയുള്ളവയാണ്. കൂട്ടങ്ങളായാണ് നിലത്ത് പരന്ന് കിടക്കുന്നത്. 1.3 സെ.മീ വ്യാസമുള്ള സെലേറിയ പോളിഫോര്‍മ 3.8 സെ.മീ വരെ ഉയരത്തില്‍ വളരും. വളര്‍ന്നുവരുന്ന ഘട്ടത്തില്‍ വെളുത്ത നിറത്തിലാണ് ഉളളതെങ്കതിലും പിന്നീടതിന് കറുത്ത നിറം ഉണ്ടാവുകയും പേടിപ്പെടുത്തുന്ന രൂപമായി മാറുകയുമാണ്.
ദ്രവിച്ചുപോയതോ വീണുകിടക്കുന്നതോ ആയ മരത്തടികളുടെ അവശിഷ്ടങ്ങള്‍ക്കിടയിലോ ചെടികള്‍ക്ക് സമീപമോ ആണ് ഇവ കാണപ്പെടുന്നത്. ഈ സാപ്രോബിക് ഫംഗസ് തടികളുടെ ദ്രവീകരണ പ്രക്രീയയില്‍ ഒരു നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. ഇത് ദ്രവിച്ച തടികളുടെ അവശ്യ പോഷകങ്ങള്‍ മണ്ണിലേക്ക് തിരികെ എത്തിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഫംഗസ് അപകടകാരിയല്ല. പെട്ടെന്ന് ദ്രവിച്ചുപൊകുന്ന കൂണുകള്‍ പോലെയല്ല, ഇവ മാസങ്ങളോ വര്‍ഷങ്ങളോ ജീവിക്കുകയും പുനരുത്പാതനം നടത്തുകയും ചെയ്യുന്നു.