ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; ഹിപ്പോ കുഞ്ഞിനെ കാണാന്‍ ക്യൂ നിന്ന് ആരാധകര്‍, വൈറലായി വീഡിയോ

ഒരു സെലിബ്രിറ്റി ക്രെഷിനെ പോലെയാണ് എല്ലാവരും ഈ ഹിപ്പോ കുഞ്ഞിനെ നോക്കിക്കാണുന്നത്

dot image

തായ്ലന്‍ഡിലെ ചൊണ്‍ബുരിയിലെ മൃഗശാലയിലിപ്പോള്‍ നീണ്ട നിരയാണ്. എല്ലാവരും കാത്തു നില്‍ക്കുന്നത് ഒരാളെ കാണാന്‍ വേണ്ടി മാത്രം, മൂ ഡെങ് എന്ന പിഗ്മി ഹിപ്പോ കുഞ്ഞിനെ. ഈ ഹിപ്പോ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് പോലും ആഘോഷമായിരുന്നു. ഒരു സെലിബ്രിറ്റി ക്രെഷിനെ പോലെയാണ് എല്ലാവരും ഈ ഹിപ്പോ കുഞ്ഞിനെ നോക്കിക്കാണുന്നത്. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നിറയുന്നതും ഇപ്പോള്‍ ഈ ഹിപ്പോ കുഞ്ഞാണ്.

അപൂര്‍വമായാണ് ഇത്തരം കുള്ളന്‍ ഹിപ്പോപൊട്ടാമസ് ജനിക്കുന്നത്. ജൂലായിലാണ് മൂ ഡെങ് പിറന്നത്. ജോണ, ടോണി എന്നിവരാണ് മൂവിന്റെ മാതാപിതാക്കള്‍. ഈ മൃഗശാലയില്‍ ജനിക്കുന്ന ഏഴാമത്തെ പിഗ്മി ഹിപ്പോയാണിത്. മൂ ഡെങ്ങിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ ഒരുഘട്ടത്തില്‍ മൃഗശാല അധികൃതര്‍ക്ക് ശല്യമാവുകയും ചെയ്തു. കാരറ്റും ബനാനയും കോണും ബീന്‍സുമൊക്കെ കഴിച്ച്, മുഴുവന്‍ സമയവും അമ്മയോട് ചേര്‍ന്നുകിടക്കുന്ന ഹിപ്പോയെ എഴുന്നേല്‍പ്പിക്കാന്‍ വേണ്ടി ഹിപ്പോയ്ക്ക് നേരെ വെള്ളമൊഴിക്കാനും വെള്ളക്കുപ്പികളും മറ്റും വലിച്ചെറിയാനും തുടങ്ങിയത് മൃഗശാല അധികൃതര്‍ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഹിപ്പോയുടെ റീലുകളെടുക്കാനുള്ള ആളുകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. നിരവധി ആളുകളാണ് ഹിപ്പോ കുഞ്ഞിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മൊത്തം ഇപ്പോള്‍ ഹിപ്പോയ്ക്ക് ആരാധകരാണ്.

വംശനാശത്തിന്റെ വക്കിലുള്ള മൃഗമാണ് പിഗ്മി ഹിപ്പോ. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ കണക്കുകള്‍ പ്രകാരം 2000 മുതല്‍ 2500 വരെ ഹിപ്പോകളാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. വനനശീകരണവും വേട്ടയാടലുമാണ് ഇവയുടെ നാശത്തിനുള്ള പ്രധാനകാരണങ്ങള്‍. മാംസത്തിനുവേണ്ടിയാണ് ഇവ പ്രധാനമായും വേട്ടയാടപ്പെടുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മഴക്കാടുകളും ചതുപ്പുനിലങ്ങളുമാണ് പിഗ്മി ഹിപ്പോകളുടെ ജന്‍മദേശം.

dot image
To advertise here,contact us
dot image