അങ്ങനെ അവന്‍ ഇങ്ങെത്തി! അമ്പിളിയമ്മാവന് കൂട്ടായി എത്തിയ കുഞ്ഞൻ ചന്ദ്രനെ ഇന്ന് മുതൽ കാണാം

ഇനി രണ്ട് മാസത്തേക്ക് ഈ കുഞ്ഞൻ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും

dot image

ഭൂമിക്ക് ഇന്ന് അതിഥിയായി ഒരു കുഞ്ഞൻ ചന്ദ്രൻ കൂടി എത്തുന്നു. മിനി മൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന 2024 പിടി5 ഛിന്നഗ്രഹം ഇന്ന് മുതല്‍ ഭൂമിയെ ഭ്രമണം ചെയ്യും. ഇനി രണ്ട് മാസത്തേക്ക് ഈ കുഞ്ഞൻ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്‍റെ യാത്ര. ചെറിയ വലിപ്പവും തെളിച്ചക്കുറവും കാരണം ഇത് നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകില്ല. ബൈനോക്കുലറുകളോ ഹോം ടെലിസ്‌കോപ്പുകളോ ഉണ്ടെങ്കിലും അത് തെളിഞ്ഞ് കാണണം എന്നില്ല. അതുകൊണ്ട് തന്നെ പിടി5 കാണണമെങ്കിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് ​ഗവേഷകർ പറഞ്ഞു.

2024 സെപ്റ്റംബര്‍ 29 മുതൽ നവംബര്‍ 25 വരെ പിടി5 ഛിന്നഗ്രഹം ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റും. 'അർജുന' എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ് പിടി5. ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹം സജ്ജമാകുന്നത്. 37 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം അതിന്‍റെ യഥാര്‍ഥ ഭ്രമണപഥമായ അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് നവംബര്‍ 25ഓടെ മടങ്ങിപ്പോകും. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള, ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്.

2024 ഓഗസ്റ്റ് 7ന് ദക്ഷിണാഫ്രിക്കയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 1981ലും 2022ലും മിനി മൂണ്‍ പ്രതിഭാസമുണ്ടായിരുന്നു. ഭൂമിക്കരികിലേക്ക് പിടി5 ഛിന്നഗ്രഹത്തിന്‍റെ അടുത്ത വരവ് 2055ലായിരിക്കും എന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ശാസ്ത്രലോകത്തിന്‍റെ കണ്ണില്‍പ്പെടാത്ത അനേകം മറ്റ് ബഹിരാകാശ വസ്‌തുക്കള്‍ ഇതിനകം ഭൂമിക്കടുത്ത് വന്നുപോയിട്ടുമുണ്ട്.

3474 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 10 മീറ്റർ നീളമുള്ള ഈ ഛിന്നഗ്രഹം തീരെ ചെറുതാണ്. സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ കാണാനാകില്ല. അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 45 ലക്ഷം കിലോമീറ്റർ അകലെ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇനി ഇത്തരമൊരു മിനി-മൂണ്‍ പ്രതിഭാസത്തിനായി 2055 വരെ കാത്തിരിക്കണമെന്നും ഇതിന് മുൻപ് 1981ലും 2022ലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

dot image
To advertise here,contact us
dot image