അതുല്യമായ ആകാശ കാഴ്ചയ്ക്ക് ഏതാനും നിമിഷങ്ങൾക്കകം ലോകം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഈ വർഷത്തെ വാർഷിക സൂര്യഗ്രഹണമാണ് ഇന്ന് നടക്കാൻ പോകുന്നത്. ഇന്ന് ദൃശ്യമാകുന്ന ഈ സൂര്യഗ്രഹണം റിങ് ഓഫ് ഫയർ എന്നാണ് അറിയപ്പെടുന്നത്.
ചന്ദ്രൻ സൂര്യൻ്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് റിങ് ഓഫ് ഫയർ എന്ന പ്രതിഭാസം ഉണ്ടാകുന്നത്. സൂര്യൻ്റെ ഉപരിതലത്തെ പൂർണ്ണമായും മറയ്ക്കാൻ കഴിയാതെ വരുന്നതോടെ ചന്ദ്രന് ചുറ്റും സൂര്യ രശ്മികൾ ഒരു പ്രഭാവലയം സൃഷ്ടിക്കുകയും അതിൻ്റെ ഫലമായി ആകാശത്ത് ഒരു അഗ്നി വളയം രൂപപ്പെടുകയും ചെയ്യും. ഇത് ഭൂമിയിൽ നിന്ന് കാണുമ്പോൾ ഒരു റിംഗ് രൂപത്തിൽ കാണുന്നതിനാലാണ് ഇതിനെ റിംഗ് ഓഫ് ഫയർ എന്ന് അറിയപ്പെടുന്നത്. ഈ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് കാണുന്നത് അപകടകരമാണ്.
ഇത് നേരിൽ കാണുമ്പോൾ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതാണ്. അതുകൊണ്ട് ഇത് കാണാൻ ആഗ്രഹിക്കുന്നവർ, എക്ലിപ്സ് ഗ്ലാസുകളോ കാർഡ്ബോർഡ് പിൻഹോൾ പ്രൊജക്ടറോ നിർമ്മിക്കുക. പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിലും തെക്കൻ ചിലിയിലും തെക്കൻ അർജൻ്റീനയിലും ആവും ഈ ആകാശ വിസ്മയം ദൃശ്യമാവുക. ഗ്രഹണം നടക്കുമ്പോൾ രാത്രിയായതിനാൽ ഇന്ത്യയിൽ ഈ ഗ്രഹണം കാണാൻ സാധിക്കില്ല. എന്നാൽ ലൈവ് സ്ട്രീമിങ്ങ് വഴി ഇന്ത്യാക്കാർക്കും തത്സമയം സൂര്യ ഗ്രഹണം കാണാനാവും. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് തത്സമയം സൂര്യ ഗ്രഹണം കാണാൻ സാധിക്കും.