ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ എന്ന ഡയലോഗിനെപ്പോലെ ഈ മരുഭൂമി നിറയെ മണലാണല്ലോ എന്ന് നമ്മൾ തമാശയ്ക്കൊക്കെ പറയാറുണ്ട്. പ്രത്യേകിച്ചും ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായി സഹാറ മരുഭൂമിയിൽ ! കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന സഹാറയിൽ ഒരു മഴ എന്നത് പോലും 'ആഡംബര'മാണ്.
എന്നാൽ നമ്മുടെ സകല ധാരണകളെയും തകിടം മരിച്ചുകൊണ്ട് ഇതാ സഹാറ മരുഭൂമിയിൽ മരുപ്പച്ചകളുടെ ഒരു ഉത്സവം അരങ്ങേറിയിരിക്കുകയാണ്. കഴിഞ്ഞ 50 വർഷത്തിനിടയിൽ പെയ്ത ഏറ്റവും കനത്ത മഴയാണ് സഹാറ മരുഭൂമിയെ ഒരു 'തടാക'മാക്കി മാറ്റിയിരിക്കുന്നത്.
സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തിരിക്കുന്നത്. ഒരു വർഷത്തെ ശരാശരി കണക്കുകളെപ്പോലും മറികടന്ന് പെയ്ത കനത്ത മഴ മരുഭൂമിയുടെ പല ഭാഗങ്ങളെയും 'വെള്ള'ത്തിലാക്കിയിരിക്കുകയാണ്. മൊറോക്കോയിലെ ടാഗോനൈറ്റ് എന്ന മരുഭൂമി ഗ്രാമത്തിൽ മാത്രം 24 മണിക്കൂറിൽ 100 എംഎം മഴ വരെ പെയ്തിട്ടുണ്ട്. ഇതോടെ വറ്റിവരണ്ടുപോയ മരുഭൂമിയിലെ പല ചെറുതടാകങ്ങളും മറ്റും വീണ്ടും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ വർഷത്തിനിടയിൽ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 'എക്സ്ട്രാട്രോപ്പിക്കൽ സ്റ്റോം' എന്ന് വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം പ്രദേശത്തെ കാലാവസ്ഥയെത്തന്നെ തകിടം മറിക്കാൻ ശേഷിയുള്ളതാണ്. വരുമാന വർഷങ്ങളിലും മരുഭൂമിയിൽ ഈ പ്രതിഭാസം മഴ പെയ്യിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.