ദില്ലിയിൽ വീണ്ടും വായുമലിനീകരണം അതിരൂക്ഷം. ഇന്ന് കാലത്ത് പുകപടലങ്ങൾ മൂലമുണ്ടായ കനത്ത മഞ്ഞാണ് നഗരം എമ്പാടും അനുഭവപ്പെട്ടത്. വായു ഗുണനിലവാര സൂചിക തീരെ മോശമായ 334 എന്ന നിലയിലേക്ക് താഴ്ന്നു.
വായു ഗുണനിലവാരം ഗുരുതരമായ നിലയിലേക്കെത്തിയതോടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടക്കയുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര മലിനീകരണ ബോർഡ് രംഗത്തുവന്നിട്ടുണ്ട്. 300 മുതൽ 400നിടയിൽ വായു ഗുണനിലവാരം താഴ്ന്നാൽ ഗുരുതരമായ സാഹചര്യം എന്നാണർത്ഥം. വരും ദിവസങ്ങളിലും വായു മലിനീകരണം അതിരൂക്ഷമാകുമെന്നും ജനങ്ങൾ സൂക്ഷിക്കണമെന്നും കേന്ദ്ര കാലാവസ്ഥ അവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
മലിനീകരണത്തിനൊപ്പം ദില്ലിയിൽ ചൂട് കൂടുമെന്നും മുന്നറിയിപ്പുണ്ട്. പകൽ നേരത്തെ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. കനത്ത മലിനീകരണം കണ്ടുതുടങ്ങിയതോടെ ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ നഗരമൊട്ടാകെ വാട്ടർ സ്പ്രിംഗ്ളർ ഉപയോഗിച്ച് വെള്ളം തളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ദില്ലി മുഖ്യമന്ത്രി അതിഷി മർലേന ജനങ്ങളോട് പരമാവധി കാർപൂളിങ് നടത്തണമെന്നും, പടക്കങ്ങളും മാലിന്യങ്ങളും മറ്റും കത്തിക്കരുതെന്നും അപേക്ഷിച്ചു. നഗരത്തിലെ നിർമാണമേഖലകളിലും ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
മലിനീകരണം നിയന്ത്രിക്കാനായി 200 'ആന്റി സ്മോഗ്' യന്ത്രങ്ങളും ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വിന്യസിക്കാൻ തീരുമാനമായി. വരും ദിവസങ്ങളിലും മലിനീകരണം കൊടുക്കുമെന്ന സൂചനകൾ ഉള്ളതോടെ പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ദില്ലി സർക്കാർ കൂടിക്കാഴ്ചകൾ നടത്തുമെന്നും സൂചനകളുണ്ട്.
Content Highlights: Delhi air pollution worsens