കിഴക്കൻ അന്റാർട്ടിക്കയിൽ കണ്ടെത്തിയ ഒരു ദുരൂഹവാതിലിന്റെ പിന്നാലെയാണ് ശാസ്ത്രലോകം. അന്റാർട്ടിക്കയിൽ ജപ്പാന്റെ റിസർച്ച് സ്റ്റേഷന് സമീപത്തായാണ് അസ്വാഭാവിക ഘടനയിലുള്ള ഒരു വാതിൽ ഗൂഗിൾ മാപ്പിൽ തെളിഞ്ഞിരിക്കുന്നത്. കൂറ്റൻ മഞ്ഞുപാളികൊണ്ടുള്ള വാതിൽ പോലെ തോന്നിക്കുന്ന ഈ നിർമ്മിതി നാസി താവളമാണ്, അന്യഗ്രഹജീവികളുടെ പ്രവേശനകവാടമാണ്, ഹിമക്കരടിയുടെ വീടാണ് എന്നൊക്കെ ഇന്റർനെറ്റിൽ പ്രചാരണം തകൃതിയാണ്.
ഒരു റെഡ്ഡിറ്റ് യൂസറാണ് ഈ ദുരൂഹവാതിലിന്റെ ചിത്രം ആദ്യം പങ്കുവച്ച് തന്റെ സംശയമറിയിച്ചത്. അന്റാർട്ടിക്കയിൽ ഒരു കൂറ്റൻ വാതിൽ? എന്ന ക്യാപ്ഷനോടെയുള്ള ചിത്രം നിമിഷനേരം കൊണ്ട് സൈബർലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സങ്കല്പങ്ങളും ഊഹാപോഹ തിയറികളും വേറിട്ട നിരീക്ഷണങ്ങളുമൊക്കെയായി ഓൺലൈൻ ലോകത്ത് ചർച്ച സജീവമായി. ഭൂമിക്കടിയിലുള്ള ഏതോ രഹസ്യ താവളത്തിലേക്കുള്ള പ്രവേശനകവാടമാണിതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അന്യഗ്രഹജീവികൾ അന്റാർട്ടിക്കയിൽ ഉണ്ട് എന്നതിന് തെളിവാണ് ഇതെന്ന് മറ്റൊരു കൂട്ടർ പറയുന്നു. നാസികൾ പണിത രഹസ്യതാവളത്തിലേക്കുള്ള വഴിയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതൊന്നുമല്ല, ഭീമാകാരനായ ഹിമക്കരടി പോലെയേതോ വിചിത്രജീവിയാണ് ഇതിനു പിന്നിലെന്നാണ് ചിലരുടെ കണ്ടെത്തൽ.
എന്നാൽ, വിദഗ്ധർ ഈ പ്രതിഭാസത്തിന് വളരെ എളുപ്പത്തിലൊരു വിശദീകരണം നൽകുന്നുണ്ട്. ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിലെ ഗ്ലാസിയോളജിസ്റ്റായ ബീഥൻ ഡേവിസ് പറയുന്നത് ഈ ഐസ് ഡോർ വെറുമൊരു പ്രകൃതി നിർമ്മിതി മാത്രമാണെന്നാണ്. 'വളരെ വേഗത്തിൽ നീങ്ങുന്ന കടൽമഞ്ഞ് ആണ് ഈ പ്രദേശത്തുള്ളത്. നമുക്ക് കാണാൻ കഴിയുന്നത് ചലിക്കാനാവാതെ നിന്നുപോയ ഒരുവലിയ ഐസ്കട്ടയാണ്. ഇതേ സ്ഥലത്ത് വേറെയും ഇതുപോലെയുള്ള ഐസ് കട്ടകളുണ്ട്'- ബീഥൻ ഡേവിസ് പറയുന്നു. നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ഡേവീസിന്റെ വാദത്തോട് യോജിക്കുന്നു.
എന്നാൽ, അപ്പോഴും സംശയം ബാക്കിയാണ്. എന്തുകൊണ്ടാണ് അതിന് ഒരു വാതിലിന്റെ രൂപം വന്നത്. ഏതെങ്കിലും കട്ടിയുള്ള വസ്തു ആ ഐസിനുള്ളിൽ മറഞ്ഞിരിക്കുന്നതുകൊണ്ടാകാം വാതിലിന്റെ രൂപത്തിൽ തോന്നുന്നതെന്നാണ് ലണ്ടൻ ഇംപീരിയൽ കോളേജ് പ്രൊഫസറായ മാർട്ടിൻ സീജർട്ട് പറയുന്നത്. ഐസ് ഉരുകുകയും കാറ്റിന്റെ ദിശയ്ക്കനുസൃതമായി കാര്യങ്ങൾ നീങ്ങുകയും ചെയ്തതോടെ സ്വാഭാവികമായി വാതിലിന്റെ രൂപം കൈവന്നതാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം, വിദഗ്ധർ എന്തൊക്കെ പറഞ്ഞാലും തങ്ങളുടെ വാദത്തിലുറച്ച് നിൽക്കുകയാണ് നെറ്റിസൺസ്. പെൻഗ്വിൻ ഭരണകൂടത്തിലേക്കുള്ള വാതിലാണ് അതെന്നു വരെ ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്.
അന്റാർട്ടിക്കയുടെ ദുരൂഹസൗന്ദര്യത്തിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് ഇതെന്ന് ശാസ്ത്രലോകം ആവർത്തിക്കുന്നു. ഊഹാപോഹക്കാരെയും അവരുടെ തിയറികളെയും തടയാൻ ഒരു വഴിയുമില്ലല്ലോ എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലെസ്കാസ്റ്ററിലെ ജോൺ സ്മെല്ലി ആശങ്ക പ്രകടിപ്പിച്ചത്.