കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും എന്തുകൊണ്ട് മനുഷ്യന്റെ പേര്?

ചുഴലിക്കാറ്റുകൾക്ക് അവരെ നിരീക്ഷിക്കുന്നവരുടെ കാമുകിമാരുടെ പേരിടുന്നത് ഉൾപ്പെടെ നിരവധി പേരിടൽ തന്ത്രങ്ങൾ ആദ്യം പരീക്ഷിച്ചിരുന്നത്രേ!

dot image

കത്രീന, നിസർ​ഗ, ഷഹീൻ, മിൽട്ടൺ…….ഇപ്പോഴിതാ ദാനയും. ചുഴലിക്കാറ്റുകൾക്കൊക്കെ എങ്ങനെയാണ് മനുഷ്യന്റെ പേര് വരുന്നതെന്ന് അറിയാമോ?

ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നവയാണ് ചുഴലിക്കാറ്റുകൾ. ഒരേ സമയം ഒന്നിൽക്കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടായെന്നും വരാം. ഇവ തമ്മിൽ തിരിച്ചറിയുന്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് കാലാവസ്ഥാ പ്രവചനക്കാർ ഓരോ ചുഴലിക്കാറ്റിനും ഒരു പേര് നൽകുന്നത്. ഓരോ വർഷവും ചുഴലിക്കാറ്റുകൾക്ക് അക്ഷരമാലാക്രമത്തിലാണ് പേരുകൾ നൽകുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകൾ മാറിമാറിയാണ് നൽകുക.

ആരാണ് പേര് നൽകുന്നത്?

ലോകമെമ്പാടുമുള്ള ആറ് റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെൻ്ററുകളും (ആർഎസ്എംസി) അഞ്ച് റീജിയണൽ ട്രോപ്പിക്കൽ സൈക്ലോൺ വാണിംഗ് സെൻ്ററുകളുമാണ് (ടിസിഡബ്ല്യുസി) ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിനും അവ സംബന്ധിച്ച വിവരങ്ങൾ നിരീക്ഷിക്കുന്നതിനും ചുമതലപ്പെട്ടിട്ടുള്ളത്. വിവിധ സമുദ്ര തടങ്ങളിൽ രൂപപ്പെടുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് ബന്ധപ്പെട്ട ആർഎസ്എംസികളും ടിസിഡബ്ല്യുസികളും പേരുനൽകുന്നു.

ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവയുൾപ്പെടെ WMO/ESCAP പാനലിന് കീഴിലുള്ള 13 അംഗ രാജ്യങ്ങൾക്ക് ഉഷ്ണമേഖലാ ചുഴലിക്കാറ്റും കൊടുങ്കാറ്റും മുന്നറിയിപ്പ് നൽകുന്ന ആറ് ആർഎസ്എംസികളിൽ ഒന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും യെമനിലും ബംഗാൾ ഉൾക്കടൽ (BoB), അറബിക്കടൽ (AS) എന്നിവയുൾപ്പെടെയുള്ള വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും വികസിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരിടാനുള്ള ചുമതല ന്യൂഡൽഹി ആർഎസ്എംസിക്കാണ്.

പേരിട്ടുതുടങ്ങിയതെങ്ങനെ?

രണ്ടാം ലോകമഹായുദ്ധസമയത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ കപ്പലുകളും വിമാനങ്ങളും ചുഴലിക്കാറ്റുകൾക്ക് ചുറ്റും എങ്ങനെ സഞ്ചരിക്കുമെന്ന് സൈനിക കാലാവസ്ഥാ നിരീക്ഷകർക്ക് കണ്ടുപിടിക്കേണ്ടി വന്നു. അന്നാണ് ഈ പേരിടൽ രീതി ആരംഭിച്ചത്. ചുഴലിക്കാറ്റുകൾക്ക് അവരെ നിരീക്ഷിക്കുന്നവരുടെ കാമുകിമാരുടെ പേരിടുന്നത് ഉൾപ്പെടെ നിരവധി പേരിടൽ തന്ത്രങ്ങൾ അവർ ആദ്യം പരീക്ഷിച്ചിരുന്നത്രേ! 1953 ആയപ്പോഴേക്കും കാലാവസ്ഥാ നിരീക്ഷകർ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ച സ്ത്രീ നാമങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. 1979ൽ ഇവയോടൊപ്പം പുരുഷന്മാരുടെ പേരുകളും പട്ടികയിൽ ചേർത്തു. നിലവിൽ ആറ് പട്ടികകളാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർ​ഗനൈസേഷൻ സൂക്ഷിക്കുന്നത്. ഈ പട്ടികകൾ ആവർത്തിച്ച് ഉപയോ​ഗിക്കാറാണ് പതിവ്. അതിനാൽ, 2019ലെ പട്ടിക 2025ൽ വീണ്ടും ഉപയോഗിക്കും. എന്നാൽ, വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുള്ള ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ പേരുകൾ ഇങ്ങനെ ആവർത്തിക്കുന്നില്ല. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ആ പേര് വീണ്ടുമുപയോ​ഗിക്കാറില്ല.

സംഖ്യകളെക്കാളും സാങ്കേതിക പദങ്ങളെക്കാളും ഓർമ്മിക്കാനെളുപ്പം പേരുകളാണെന്നതും മുന്നറിയിപ്പ് സന്ദേശങ്ങളിൽ കൊടുങ്കാറ്റുകളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുമെന്നതും ഈ രീതി പിന്തുടരാൻ കാരണമായി.

പേര് തിരഞ്ഞെടുക്കുന്നതെങ്ങനെ?

  • ചുഴലിക്കാറ്റിന് നിർദേശിക്കുന്ന പേര് രാഷ്ട്രീയത്തിനും രാഷ്ട്രീയ വ്യക്തിത്വങ്ങൾക്കും, മതവിശ്വാസങ്ങൾ, സംസ്കാരങ്ങൾ, ലിംഗ നാമം എന്നിവയിൽ നിന്ന് ഒരു വിഭാഗത്തിൻ്റെയും വികാരങ്ങളെ വ്രണപ്പെടുത്താത്ത വിധത്തിൽ നിഷ്പക്ഷമായിരിക്കണം.
  • വളരെ പരുഷവും ക്രൂരവുമായ സ്വഭാവം ആയിരിക്കരുത് പേരിന്റേത്.
  • ഹ്രസ്വവും ഉച്ചരിക്കാൻ എളുപ്പമുള്ളതും അംഗങ്ങൾക്ക് അരോചകമാകാത്തതുമായിരിക്കണം
  • പേരിൻ്റെ പരമാവധി നീളം എട്ട് അക്ഷരങ്ങളായിരിക്കണം
  • നിർദ്ദിഷ്ട പേരിന്റെ ഉച്ചാരണവും കൃത്യമായി സമർപ്പിക്കണം

2020 ഏപ്രിലിൽ ലോക കാലാവസ്ഥാ സംഘടന/യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (WMO/ESCAP) പാനൽ രാജ്യങ്ങൾ ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിൽ, ബംഗാൾ ഉൾക്കടലിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിന് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ പേരുകളുടെ പുതിയ ലിസ്റ്റ് സ്വീകരിച്ചു. ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമൻ എന്നീ 13 പാനൽ രാജ്യങ്ങൾ 13 പേരുകൾ വീതമാണ് സമർപ്പിച്ചിരിക്കുന്നത്. ഇവയെ അക്ഷരമാലാക്രമത്തിൽ പട്ടികപ്പെടുത്തി 13 ലിസ്റ്റുകളുണ്ടാക്കി. ആദ്യത്തെ ലിസ്റ്റിലെ പേരുകൾ തീരുന്നതനുസരിച്ച് മറ്റ് ലിസ്റ്റുകളിലെ പേരുകൾ ഉപയോ​ഗിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us