ദിനോസറുകളെ പുനർനിർമ്മിക്കാനൊരുങ്ങി ശാസ്ത്രലോകം. വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ ദിനോസറുകളെയും ജലജീവികളെയും റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമ്മിക്കാനാണ് നീക്കമെന്ന് സയൻസ് റോബോട്ടിക്സ് റിപ്പോർട്ടിൽ പറയുന്നു. ദിനോസറുകളുടെയും മറ്റും ആന്തരികാവയവ വ്യവസ്ഥയും ചലനവും ഉൾപ്പടെ പുനരാവിഷ്കരിക്കുന്നതിലൂടെ പരിണാമസിദ്ധാന്തത്തിന്റെ പുതിയ തലങ്ങളിലേക്ക് പഠനം വ്യാപിപ്പിക്കാനാവുമെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. പരിസ്ഥിതി, പ്രകൃതി, പരിണാമം എന്നിവയെക്കുറിച്ച് കൂടുതലറിയുക എന്നതാണ് ഈ കൃത്രിമദിനോസർ ആവിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഭൂമിയിൽ ഈ ജീവികളൊക്കെയുണ്ടായിരുന്നു. പക്ഷേ, കാലപരിണാമത്തിൽ അവ അപ്രത്യക്ഷമായി. ഇപ്പോൾ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്താൽ 3ഡി സാങ്കേതികവിദ്യയും റോബോട്ടിക്സുമൊക്കെ ഉപയോഗിച്ച് അവയെ പുനരുജ്ജീവിപ്പിക്കാൻ നമുക്ക് കഴിയും. ചിലപ്പോൾ അതിന് ഒരു ദിവസത്തെ പ്രയത്നം മതിയാകും. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഈ ഗവേഷണത്തെക്കുറിച്ച് പ്രബന്ധം എഴുതിയവരിലൊരാളുമായ ഡോ മിഷേൽ ഇഷിദ ദി ഗാർഡിയനോട് പറഞ്ഞു. മത്സ്യങ്ങളുടെ ഘടന അടിസ്ഥാനമാക്കി ഒരു റോബോട്ടിനെ നിർമ്മിക്കുക എന്നതിലൂടെ, ഏതു തരത്തിലുള്ള സമ്മർദ്ദങ്ങളാണ് പരിണാമത്തിലേക്ക് പഴയകാല ജീവികളെ നയിച്ചത് എന്ന് മനസിലാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വംശനാശം സംഭവിച്ച പല മത്സ്യവർഗങ്ങളെയും ദിനോസറുകൾക്കും മറ്റ് ജലജീവികൾക്കുമൊപ്പം പുനർനിർമ്മിക്കാൻ ഗവേഷകർ ലക്ഷ്യമിടുന്നുണ്ട്.
പാലിയോഇൻസ്പയേഡ് റോബോട്ടിക്സ് എന്നാണ് ഗവേഷണപ്രബന്ധത്തിൽ ശാസ്ത്രജ്ഞർ ഈ പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ബയോഇൻസ്പൈഡ് റോബോട്ടിക്സിന്റെയും പരമ്പരാഗത സാങ്കേതിവിദ്യകളുടെയും കൂടി സഹായത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു പ്രത്യേക ജീവിയുടെ നിശ്ചിത ഘടനയും മറ്റും വിശദമായി മനസിലാക്കുന്നതിനും അവയെ പുനരാവിഷ്കരിക്കുന്നതിനുമാണ് സാധാരണയായി ബയോഇൻസ്പയേഡ് റോബോട്ടിക്സ് ഉപയോഗിക്കാറുള്ളതെന്ന് ഗവേഷണ പ്രബന്ധം പറയുന്നു. അതേസമയം, ജീവിയുടെ ആന്തരികാവയങ്ങളുടെ ഘടനയിൽ ഏതെങ്കിലും കാരണങ്ങളാൽ ഉണ്ടാകുന്ന വ്യത്യാസം, വിവിധ കാലങ്ങളിലുള്ള വ്യത്യസ്തതരം ജീവികളുടെ വിവരങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനാണ് പായിലോഇൻസ്പയേഡ് റോബോട്ടിക്സ് ഉപയോഗിക്കുക.
Content Highlights: Scientists and researchers says they have plan to recreate Dinosaurs As Robots