പെൺ കൊതുക്ക് മാത്രമാണ് ചോര കുടിക്കുന്നത് എന്നാണല്ലോ നമ്മൾ മനസ്സിലാക്കിയിരുന്നത്. എന്നാൽ കേട്ടോളു ആൺ കൊതുകുകളും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. പുതിയ പഠനം അനുസരിച്ച് ചെടികളിലെ നീരു മാത്രം കുടിച്ച് ജീവിക്കുന്നവരല്ല ആൺ കൊതുകുകൾ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എപ്പോഴുമല്ലെങ്കിലും ചില സാഹചര്യങ്ങളിൽ ആൺകൊതുകുകൾ ചോരകുടിക്കുമെന്നാണ് പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയായ ജേസണ്‍ റാസ്ഗണ്‍ തൻ്റെ പഠനത്തിൽ പറയുന്നത്
ആൺകൊതുകുകളുടെ കുഴലുപോലെയുള്ള വായ്ഭാഗങ്ങൾ പൊതുവെ രക്തം കുടിക്കാൻ അനുയോജ്യമായവ അല്ല. ഇവ ചെടികളിൽ നിന്നുള്ള നീരുകൾ മാത്രം കുടിക്കാൻ കെൽപുള്ളവയാണ്. എന്നാൽ ആൺകൊതുകുകളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴാണ് ഇവർ മനുഷ്യ ശരീരത്തെ തേടിയെത്തുന്നത്. ഇത് കൂടാതെ അന്തരീക്ഷത്തിലെ ഈർപ്പം കുറയുമ്പോഴും ഇവ ചോര കുടിക്കും. ഈ സാഹചര്യങ്ങളില്‍ ഇവയുടെ ശരീരത്തിലെ നേര്‍ത്ത കൃത്രിമ സ്തരത്തിലൂടെയാണ് ആണ്‍ കൊതുകുകള്‍ ചോരകുടിക്കുക എന്നാണ് ജേസണ്‍ റാസ്ഗണ്‍ തൻ്റെ പഠനത്തിൽ പറയുന്നത്.
എന്നാൽ ഇവ രോഗം പരത്തുമോ എന്നതിൽ ഉറപ്പില്ല. ഇവയുടെ വായ് കുഴലുകൾ ചെറുതായതിനാൽ തുറന്ന മുറിവുകളുള്ള ഭാഗങ്ങളിലൂടെയാവും ഇവ ചോര കുടിക്കുന്നത്. നിർജ്ജലീകരണമോ, പഞ്ചസാരയുടെ കുറവോ ശരീരത്തിൽ സംഭവിച്ച ആൺകൊതുകുകൾ തുറന്ന മുറിവിൽ നിന്ന് രക്തം വലിച്ചെടുക്കും. ആൺകൊതുകുകൾക്ക് രക്തം ദഹിപ്പിക്കാനുള്ള കഴിവില്ലെന്നായിരുന്നു മുൻപ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ ഈ പരീക്ഷണത്തിലൂടെ ഇത്തരം നിഗമനങ്ങൾ കൂടിയാണ് തിരുത്തിയെഴുതേണ്ടി വരിക.