കിഴക്കന്‍ അര്‍ദ്ധഗോളത്തില്‍ ശക്തിപ്പെടുമ്പോഴും വടക്കേ അമേരിക്കയിലെ കാന്തിക കവചം (ജിയോ മാഗ്നറ്റിക് ഷീല്‍ഡ്) അതിവേഗം ദുര്‍ബലമാവുകയാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിയിലെ പ്രൊഫസര്‍ ഫാങ് ഹാന്‍സിയാന്റെ നേതൃത്വത്തില്‍ റിവ്യൂ ഓഫ് ജിയോഫിസിക്സ് ആന്‍ഡ് പ്ലാനറ്ററി ഫിസിക്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഭൂകാന്തിക ധ്രുവങ്ങള്‍ പടിഞ്ഞാറ് നിന്ന് കിഴക്കന്‍ അര്‍ദ്ധഗോളത്തിലേക്ക് മാറിയതാണ് അസാധാരണമായ വേഗതക്ക് കാരണമെന്ന് പഠനം അവകാശപ്പെടുന്നത്.
1930 നും 1990 നും ഇടയില്‍ വടക്കേ അമേരിക്കയിലെ ഫീല്‍ഡ് ശക്തി വര്‍ധിച്ചുവെന്നും ലോകത്തിലെ മറ്റ് പല പ്രദേശങ്ങളേക്കാളും ഉയര്‍ന്നതാണെന്നും കണ്ടെത്തലുകളില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രത്യേകിച്ച് 2020 ആയപ്പോഴേക്കും ഈ മേഖലയിലെ കാന്തിക മണ്ഡലത്തിന്റെ ശക്തി ആഗോള ശരാശരിയേക്കാള്‍ താഴ്ന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. 2000 ന് ശേഷം വേഗത പ്രതിവര്‍ഷം 50 കിലോമീറ്റര്‍ കവിഞ്ഞുവെന്നും ദക്ഷിണ അര്‍ദ്ധഗോളത്തിലെ കാന്തികധ്രുവത്തിന്റെ ചലന വേഗതയെ മറികടക്കുന്നുവെന്നും ഫാങ് ഉദ്ധരിച്ച് എസ്സിഎംപി പറഞ്ഞു.
'വടക്കേ അമേരിക്കയിലെ കാന്തികക്ഷേത്രം ദുര്‍ബലമാകുന്നതിന് പുറമേ, മറ്റ് പ്രധാന പ്രദേശങ്ങളിലെ ശക്തി വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു, ഓസ്ട്രേലിയ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, ആഫ്രിക്ക എന്നിവ അതിവേഗ വളര്‍ച്ച അനുഭവിക്കുന്നതായി ഫാങ് പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടില്‍, വടക്കന്‍ അര്‍ദ്ധഗോളത്തിലെ കാന്തികധ്രുവം പ്രതിവര്‍ഷം 10 കിലോമീറ്റര്‍ വേഗതയില്‍ കിഴക്കോട്ട് നീങ്ങിയെന്നും പഠനം എടുത്തുകാണിക്കുന്നു.
ജിയോമാഗ്‌നറ്റിക് ഷീല്‍ഡ്
ഭൂമിയുടെ ഭൗമകാന്തികക്ഷേത്രം, കാന്തികമണ്ഡലം എന്നും അറിയപ്പെടുന്നു. ഹാനികരമായ കോസ്മിക് വികിരണങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഒരു പ്രകൃതിദത്ത കവചമായി ഇത് നിലകൊള്ളുന്നു.
2018ല്‍ നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോ നടത്തിയ പഠനത്തില്‍, മായന്‍ നാഗരികത തകരുന്നതിന് തൊട്ടുമുമ്പ് മായ പ്രദേശത്ത് താഴ്ന്ന ഭൂകാന്തിക മണ്ഡലങ്ങള്‍ നിലനിന്നിരുന്നുവെന്ന് കണ്ടെത്തി. മറ്റ് ചില പഠനങ്ങള്‍ ഇറാനിലെയും സിറിയയിലെയും പുരാതന നാഗരികതകളുടെ തകര്‍ച്ചയ്ക്ക് കാരണം കാന്തികക്ഷേത്രത്തിലെ പെട്ടെന്നുള്ള മാറ്റങ്ങളാണെന്ന് പറയുന്നു.
Content Highlights: Geomagnetic shield weakening over north america claim chinese researchers