കോർബറ്റിൽ കാമറകളുടെയും ഡ്രോണുകളുടെയും നിരീക്ഷണം പാളുന്നോ?; സ്ത്രീകളുടെ സ്വകാര്യതയ്ക്ക് തടസ്സമെന്ന് റിപ്പോർട്ട്

ഉത്തരാഖണ്ഡിലെ കടുവാ സങ്കേതത്തിലും പരിസരത്തുമുള്ള ​ഗ്രാമങ്ങളിലെ സ്ത്രീകളാണ് ഇത്തരത്തിൽ അവരുടെ സമ്മതമില്ലാതെ ​ഗാഡ്ജെറ്റുകൾ ഉപയോ​ഗിച്ച് കൂടുലായി സൂക്ഷ്മനിരീക്ഷണത്തിന് വിധേയരാകുന്നതെന്നാണ് ​ഗവേഷക‍ർ പറയുന്നത്

dot image

കോർബറ്റ് ടൈ​ഗർ റിസർവിൽ സംരക്ഷണാർത്ഥം സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ, ഡ്രോണുകൾ, ശബ്ദ റെക്കോ‍ർഡുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കേംബ്രിഡ്ജ് സ‍ർവ്വകലാശാലയിലെ ​ഗവേഷകരുടെ കണ്ടെത്തൽ ചർച്ചയാകുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങൾ വന്യമൃ​ഗങ്ങളെ സംരക്ഷിക്കാൻ സഹായകമായിട്ടുണ്ടെങ്കിലും ഗവേഷകർ ചൂണ്ടിക്കാണിച്ചിരിക്കുന്ന അതിൻ്റെ മറ്റൊരുവശമാണ് ശ്രദ്ധേയമാകുന്നത്. വിശ്രമിക്കാനും വിഭവങ്ങൾ ശേഖരിക്കാനും വനത്തിലേയ്ക്ക് പോകുന്ന സ്ത്രീകളെ നിരീക്ഷിക്കാൻ പ്രദേശത്തെ ഉദ്യോ​ഗസ്ഥരും പുരുഷന്മാരും ഈ സംവിധാനം ഉപയോ​ഗിക്കുന്നുവെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഉത്തരാഖണ്ഡിലെ കടുവാ സങ്കേതത്തിലും പരിസരത്തുമുള്ള ​ഗ്രാമങ്ങളിലെ സ്ത്രീകളാണ് ഇത്തരത്തിൽ അവരുടെ സമ്മതമില്ലാതെ ​ഗാഡ്ജെറ്റുകൾ ഉപയോ​ഗിച്ച് കൂടുലായി സൂക്ഷ്മനിരീക്ഷണത്തിന് വിധേയരാകുന്നതെന്നാണ് ​ഗവേഷക‍ർ പറയുന്നത്.

പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകൾ നിരീക്ഷിക്കുന്നതിനും പ്രകൃതിദത്ത പ്രദേശങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുമായി അവതരിപ്പിക്കപ്പെട്ട സാങ്കേതികവിദ്യയുടെ ഒരിക്കലും ചിന്തിക്കാത്ത വഴിത്തിരിവാണ് ​ഗവേഷകരുടെ കണ്ടെത്തൽ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേംബ്രിഡ്ജ് ഗവേഷകനായ ത്രിശാന്ത് സിംലൈ കോർബറ്റ് ടൈഗർ റിസർവിനു ചുറ്റും താമസിക്കുന്ന സ്ത്രീകളുൾപ്പെടെ 270 പ്രദേശവാസികളെ അഭിമുഖം നടത്തിയെന്നാണ് കേംബ്രിഡ്ജ് സർവകലാശാലയുടെ ജേണലായ എൻവയോൺമെൻ്റ് ആൻഡ് പ്ലാനിംഗ് എഫിൽ പ്രസിദ്ധീകരിക്കപ്പെട്ട അ​ദ്ദേഹത്തിൻ്റെ റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

വനപാലകർ ഡ്രോണുകൾ ഉപയോഗിച്ച് കാടുകളിൽ പോകുന്ന സ്ത്രീകളെ ഭയപ്പെടുത്തുന്നതായും റിപ്പോ‌‍ർട്ട് ചൂണ്ടിക്കാണിക്കുന്നു. അതുവഴി വിഭവങ്ങൾ ശേഖരിക്കുന്നതിൽ നിന്നും അവരെ തടയുന്നുണ്ടെന്നും റിപ്പോ‍‌ർട്ടിലുണ്ട്.

കാട്ടിലേയ്ക്ക് പോയ ഓട്ടിസം ബാധിച്ച ഒരു സ്ത്രീ ക്യാമറയിൽ കുടുങ്ങുകയും അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും വാട്ട്‌സ്ആപ്പ് വഴി ഷെയർ ചെയ്യുകയും ചെയ്തതും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാമറകൾ ദുരുപയോഗം ചെയ്തതിൽ രോഷാകുലരായ ഒരു വിഭാഗം ഗ്രാമവാസികൾ ചില സമയങ്ങളിൽ അവ കത്തിച്ചതും റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നു. കോർബറ്റിലെയും ഇന്ത്യയിലെ മറ്റ് കടുവ സംരക്ഷണ കേന്ദ്രങ്ങളിലെയും കടുവ വേട്ട തടയാൻ ഇത്തരം ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതായും റിപ്പോ‍ർ‌ട്ട് ചൂണ്ടിക്കാണിക്കുന്നു.

"മൃ​ഗങ്ങളെ നിരീക്ഷിക്കാനായി ഇന്ത്യൻ വനത്തിൽ സ്ഥാപിക്കുന്ന ക്യാമറക്കെണികൾ യഥാർത്ഥത്തിൽ പ്രാദേശിക സ്ത്രീകളുടെ മാനസികാരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുമെന്ന് ആരും മനസ്സിലാക്കിയിരിക്കില്ല" എന്ന് റിപ്പോർട്ട് തയ്യാറാക്കിയ സിംലൈയെ ഉദ്ധരിട്ട് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് സർവകലാശാലയിലെ സോഷ്യോളജി വിഭാഗത്തിലെ ഗവേഷകനാണ് സിംലൈ.

ഈ ​ഗ്രാമങ്ങളിലെ പുരുഷമേധാവിത്വത്തിൻ്റെ കൂടി ഭാ​ഗമാണ് സ്ത്രീകൾ കാട്ടിലേയ്ക്ക് പോകണ്ടി വരികയും ഇത്തരം കാര്യങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നതെന്നും ഇന്ത്യാ ടുഡേ ചൂണ്ടിക്കാണിക്കുന്നു. വിറകും ഔഷധ സസ്യങ്ങളും ശേഖരിക്കാൻ മാത്രമല്ല കോർബറ്റ് കടുവാ സങ്കേതത്തിലെയും പരിസരങ്ങളിലെയും ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ കാട്ടിലേയ്ക്ക് പോകുന്നത്. ചിലപ്പോഴെങ്കിലും കൂടിയിരുന്ന് പാട്ടുപാടാനും സ്വതന്ത്ര്യമായി സംസാരിക്കാനുമുള്ള സ്ഥലങ്ങളായിട്ടാണ് സ്ത്രീകൾ കാടുകളെ കാണുന്നത്. പലപ്പോഴും മദ്യപാനികളായ ഭർത്താക്കന്മാരാൽ ആക്രമിക്കപ്പെടുമ്പോൾ വീടുകളിൽ നിന്ന് രക്ഷപെട്ട് മാറി നിൽക്കാനുള്ള സുരക്ഷിത ഇടമായി സ്ത്രീകൾ വനങ്ങളെ കാണുന്നുണ്ട്.എന്നാൽ ഇപ്പോൾ, ക്യാമറകൾ എവിടെയും ഉണ്ടാകാമെന്നതിനാൽ അവർ നിശബ്ദരും പരിസരത്തെക്കുറിച്ച് ആശങ്കയുള്ളവരുമായി മാറിയിരിക്കുന്നു. ഇത് ഈ സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

​ഗവേഷണം നടത്തിയവരിൽ പ്രധാനിയായ ത്രിശാന്ത് സിംലൈ പങ്കുവെച്ച വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണവും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'കാട്ടിൽ ഒരുമിച്ച് ഇടപഴകുന്ന പ്രാദേശവാസികളായ സ്ത്രീകൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നുവെന്നും ആനകളുടെയും കടുവകളുടെയും ആക്രമണം തടയാൻ വിറക് ശേഖരിക്കുമ്പോൾ അവർ പാടുന്നുണ്ടെന്നും ഞാൻ കണ്ടെത്തി. ക്യാമറ കെണികൾ കാണുമ്പോൾ അവർക്ക് തടസ്സം തോന്നുന്നു, കാരണം ആരാണ് അവരെ കാണുന്നതെന്നോ കേൾക്കുന്നതെന്നോ അവർക്കറിയില്ല - തൽഫലമായി അവർ വ്യത്യസ്തമായി പെരുമാറുന്നു - പലപ്പോഴും അവർ വളരെ നിശബ്ദരായിരിക്കും, ഇത് അവരെ അപകടത്തിലാക്കുന്നു,' എന്നായിരുന്നു സിംലൈയുടെ നിരീക്ഷണം. ഇത്തരം നീരീക്ഷണ ഉപാധികൾ സ്ത്രീകളുടെ മേലുള്ള അധികാര പ്രയോഗമായി മാറുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ​ഗവേഷകർ പങ്കുവെയ്ക്കുന്നുണ്ട്.

ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ് കോർബറ്റ് നാഷണൽ പാർക്ക്. നവംബർ 15 മുതൽ ജൂൺ 30 വരെയാണ് ഇവിടെ സന്ദർശകർക്കായുള്ള അനുയോജ്യ സമയം. ഇവിടെ ജീപ്പ് സഫാരികളും ലഭ്യമാണ്.

Content Highlights: Corbett camera traps, drones being used to snoop on women Experts Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us